Thursday, January 3, 2013

നഗരത്തെ ശ്വാസംമുട്ടിച്ച് കെപിസിസി സെക്രട്ടറിമാര്‍


എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം കെപിസിസി സെക്രട്ടറിമാര്‍. കോണ്‍ഗ്രസിന്റെ ജംബോ ഭാരവാഹികളുടെ ഫ്ളകസ്ബോര്‍ഡുകള്‍ വയ്ക്കാന്‍ തലസ്ഥാന നഗരിയില്‍ ഇനിയൊരിടം ബാക്കിയില്ല. നിരത്തിലും മരത്തിലുമെല്ലാം കെപിസിസി സെക്രട്ടറിമാരും ജനറല്‍ സെക്രട്ടറിമാരും ഡിസിസി ഭാരവാഹികളുമെല്ലാം സ്ഥാനംപിടിച്ചിരിക്കുകയാണ്. സെക്രട്ടറിയറ്റിനുമുന്നിലും യൂണിവേഴ്സിറ്റി ആസ്ഥാനത്തിനുമുന്നിലും ഏജീസ് ഓഫീസിനുമുന്നിലും എന്നുവേണ്ട ജങ്ഷനുകളായ ജങ്ഷനുകളെല്ലാം ഇവര്‍ കൈയടക്കി നഗരത്തെ വികൃതമാക്കിയിരിക്കുകയാണ്. നടപ്പാത തടസ്സപ്പെടുത്തിയും ട്രാഫിക് സൈന്‍ബോര്‍ഡുകള്‍ മറച്ചും ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നു. വാഹനങ്ങള്‍ക്കുപോലും കടന്നുപോകാനാകാതെ കോണ്‍ഗ്രസ് നേതാക്കള്‍ റോഡിലിറങ്ങി നില്‍ക്കുകയാണ്. ഇനിയൊരു പുനഃസംഘടനകൂടി ഉണ്ടായാല്‍ നഗരത്തിന്റെ കാര്യം കട്ടപ്പൊക.

വെള്ളയമ്പലംമുതല്‍ കിഴക്കേകോട്ടവരെ പൊതുനിരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പാടില്ല എന്ന നിയമം ഭരണകക്ഷി നേതാക്കളുടെ നെടുങ്കന്‍ ഫ്ളക്സുകള്‍ക്കുമുന്നില്‍ നോക്കുകുത്തിയായി. വിവിധ സംഘടനകളുടെ മറ്റു ജില്ലകളില്‍ നടക്കുന്ന പരിപാടികളുടെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകളും നഗരത്തെ ശ്വാസംമുട്ടിക്കുന്നു. എന്‍ജിഒ അസോസിയേഷന്റെ സമ്മേളനത്തിന്റെ ഭാഗമായി ജനറല്‍ ആശുപത്രി ജങ്ഷനില്‍ ആരോഗ്യവകുപ്പ് ആസ്ഥാനമന്ദിരത്തിന്റെ മുകളിലാണ് ബോര്‍ഡു സ്ഥാപിച്ചിരിക്കുന്നത്. മന്ത്രിയുടെ സ്വന്തം സംഘടനയായതുകൊണ്ട് അടുപ്പിലുമാകാം എന്നാണ്.

deshabhimani 030113

No comments:

Post a Comment