മഹാരാഷ്ട്രയിലെ ഭണ്ടാര ജില്ലയിലെ ഉള്‍ഗ്രാമത്തില്‍ സഹോദരികളായ മൂന്ന് ബാലികമാരെ ബലാത്സംഗംചെയ്ത് കൊന്ന് കിണറ്റില്‍ തള്ളി ആറുദിവസം പിന്നിട്ടിട്ടും കുറ്റക്കാരെ കണ്ടെത്താനാകാതെ പൊലീസ് കൈമലര്‍ത്തുന്നു. പൊലീസിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ദേശീയപാത ഉപരോധിച്ച ഗ്രാമവാസികള്‍ കുട്ടികളെ സ്കൂളില്‍ അയക്കുന്നത് നിര്‍ത്തി. കുറ്റവാളികളെ പരസ്യമായി തൂക്കിലേറ്റണമെന്ന് കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. നാലുവര്‍ഷംമുമ്പ് ഭര്‍ത്താവ് മരിച്ചതോടെ കൂലിപ്പണിക്കുപോയാണ് ഇവര്‍ കുട്ടികളെ പോറ്റിയത്. കുറ്റവാളികളെ ഉടന്‍ നിയമത്തിനു മുന്നിലെത്തിക്കാന്‍ ഇടപെടണമെന്ന് 10 ലക്ഷം രൂപ നഷ്ടപരിഹാരം വാഗ്ദാനംചെയ്ത് രംഗത്തെത്തിയ മഹാരാഷ്ട്ര സര്‍ക്കാരിനോട് അവര്‍ ആവശ്യപ്പെട്ടു.
പതിനൊന്നും ഒമ്പതും ആറും വയസ്സുള്ള കുട്ടികളാണ് ദാരുണായി കൊല്ലപ്പെട്ടത്. പരാതി നല്‍കിയ ആദ്യദിവസം പൊലീസ് നടപടി എടുത്തെങ്കില്‍ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാകുമായിരുന്നുവെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണ് മരിക്കുകയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസ് നടത്തിയ ശ്രമം നാട്ടുകാരുടെ വന്‍ പ്രതിഷേധത്തിനിടയാക്കി. ഫെബ്രുവരി 14ന് സ്കൂളില്‍നിന്ന് കാണാതായ കുട്ടികളുടെ മൃതദേഹം നാലു ദിവസത്തിനുശേഷം സമീപത്തെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. കുട്ടികള്‍ ബലാത്സംഗത്തിനിരയായെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് ദേശവ്യാപക പ്രതിഷേധത്തിനിടയായപ്പോള്‍, മഹാരാഷ്ട്രയിലെ ഉള്‍ഗ്രാമത്തിലുണ്ടായ സംഭവം മാധ്യമശ്രദ്ധയില്‍ എത്താന്‍പോലും ദിവസങ്ങള്‍ വൈകി. അറസ്റ്റ് വൈകുന്നതിനെക്കുറിച്ച് സംസ്ഥാനത്തോട് വിശദീകരണം തേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ആര്‍പിഎന്‍ സിങ്ങ് പ്രതികരിച്ചു.
deshabhimani 220213
No comments:
Post a Comment