Friday, February 22, 2013

ആര്യാടന്റെ വീട്ടിലെ വൈദ്യുതിബില്‍ ലക്ഷത്തിലേറെ


ലോഡ്ഷെഡിങ്ങും പവര്‍ ഹോളിഡേയും ഏര്‍പ്പെടുത്തിവൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് ജനങ്ങളെയാകെ ബോധവല്‍ക്കരിക്കുന്ന വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ഔദ്യോഗിക വസതിയിലെ എട്ടുമാസത്തെ വൈദ്യുതിബില്‍ ഒരു ലക്ഷത്തിലേറെ രൂപ. 2012 ജൂലൈ മുതല്‍ 2013 ജനുവരി വരെയുള്ള വൈദ്യുതിബില്ലായി ആര്യാടനുവേണ്ടി സര്‍ക്കാര്‍ ഒടുക്കിയത് 1,05,943 രൂപയാണ്. വിവരാവകാശപ്രവര്‍ത്തകനും ഹ്യൂമന്‍ ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ഡി ബി ബിനുവിന് വിവരാവകാശപ്രകാരം ലഭിച്ച രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2012 ജൂലൈയിലെ ബില്‍പ്രകാരം ആര്യാടന്റെ ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലാവില്‍ ഉപയോഗിച്ചത് 4114 യൂണിറ്റ് വൈദ്യുതിയാണ്. ഇതുപ്രകാരമുള്ള ബില്‍തുകയാകട്ടെ 30,622 രൂപയും. രണ്ടുമാസത്തിനിപ്പുറം സെപ്തംബറിലെ ബില്‍പ്രകാരം ഉപയോഗിച്ച വൈദ്യുതി 4073 യൂണിറ്റും തുക 28,115 രൂപയുമാണ്. നവംബറില്‍ 22,725 രൂപയുടെ 3070 യൂണിറ്റ് വൈദ്യുതിയും 2013 ജനുവരിയിലെ ബില്‍പ്രകാരം 24,481 രൂപയുടെ 3309 യൂണിറ്റ് വൈദ്യുതിയും ഇവിടെ ഉപയോഗിച്ചു. ഈ കണക്കുപ്രകാരം ഇവിടത്തെ ഒരുമാസത്തെ ശരാശരി ഉപയോഗം 1900 യൂണിറ്റാണ്.
മന്ത്രിസഭയിലെ ഒന്നാമനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു തന്നെയാണ് വൈദ്യുതി ഉപയോഗത്തിലും ഒന്നാം സ്ഥാനം. ജനുവരിവരെയുള്ള ആറുമാസക്കാലം അദ്ദേഹത്തിന്റെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലെ ബില്‍ 1,82,481 രൂപയാണ്. രണ്ട് ഉപഭോക്തൃ നമ്പറുകളിലായി ഇക്കാലയളവില്‍ ഒട്ടാകെ ഈ വീട്ടില്‍ ഉപയോഗിച്ചത് 19,772 യൂണിറ്റ് വൈദ്യുതി.

ധനമന്ത്രി കെ എം മാണിയാണ് തൊട്ടുപിന്നില്‍. 2012 ആഗസ്ത്മുതല്‍ 2013 ജനുവരിവരെ അദ്ദേഹത്തിന്റെ ഔദ്യോഗികവസതിയില്‍ ഉപയോഗിച്ചത് 15,316 യൂണിറ്റാണ്. ബില്‍ ഒടുക്കിയത് 1,25,415 രൂപയും. കഴിഞ്ഞ ആഗസ്തില്‍ മാത്രം 51,925 രൂപയുടെ 7766 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച് അദ്ദേഹം മുഖ്യമന്ത്രിയെപ്പോലും കടത്തിവെട്ടി. ഒക്ടോബറിലെ 40,000 രൂപയുടെ ബില്ലാണ് മുഖ്യമന്ത്രിയുടെ വസതിയിലെ പ്രതിമാസ ഉപയോഗത്തിന്റെ കൂടിയ തുക. ചെറുപാര്‍ടിയിലെ പുതുമന്ത്രിയാണെങ്കിലും അനൂപ് ജേക്കബാണ് മാണിക്കു പിന്നില്‍. ജനുവരിവരെയുള്ള ആറുമാസക്കാലം അദ്ദേഹത്തിന്റെ വസതിയില്‍ ഉപയോഗിച്ചത് 1,04,716 രൂപയുടെ വൈദ്യുതിയാണ്. മൊത്തം യൂണിറ്റ് 12,445ഉം. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അനൂപിനും ഒരുലക്ഷം രൂപയ്ക്കും തൊട്ടടുത്ത്. ഇക്കാലയളവില്‍ അദ്ദേഹത്തിന്റെ ഔദ്യോഗികവസതിയില്‍ ഉപയോഗിച്ചത് 91,942 രൂപയുടെ വൈദ്യുതിയാണ്. മൊത്തം യൂണിറ്റ് 11,372ഉം.

പന്ത്രണ്ട് കോടി രൂപ ചെലവഴിച്ച് വൈദ്യുതിബോര്‍ഡ് ഉപയോഗം കുറയ്ക്കാനുള്ള പ്രചാരണ-ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമ്പോഴാണ് വകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രിയുടേതടക്കം മന്ത്രിവസതികളില്‍ ഈ ധൂര്‍ത്ത്.

deshabhimani 220213

No comments:

Post a Comment