Thursday, February 21, 2013
ഗ്രീസില്‍ വീണ്ടും പ്രക്ഷോഭം, പണിമുടക്ക് പൂര്‍ണ്ണം
ഗ്രീസില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു. 24 മണിക്കൂര്‍ പണിമുടക്കിന്റെ ഭാഗമായി പാര്‍ലമെന്റിലേക്ക് പതിനായിരങ്ങള്‍ മാര്‍ച്ചു ചെയ്തു. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചും വാദ്യങ്ങള്‍ മുഴക്കിയും ജനങ്ങള്‍ പ്രതിഷേധത്തില്‍ കണ്ണികളായി. ഈ വര്‍ഷത്തെ ആദ്യത്തെ പൊതുപണിമുടക്കാണ്. കഴിഞ്ഞ വര്‍ഷം രാജ്യം പൂര്‍ണ്ണമായും സ്തംഭിപ്പിപ്പിച്ച വന്‍പണിമുടക്കിന് ഗ്രീസ് സാക്ഷ്യം വഹിച്ചു. സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പടെ രണ്ടുപ്രമുഖ ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്്. പെന്‍ഷന്‍, നികുതി, ഉയരുന്ന ജീവിതച്ചെലവ് തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസംഗതക്കെതിരെയാണ് പ്രക്ഷോഭം. ആഭ്യന്തരവിമാന സര്‍വീസും ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസും റദ്ദായി.
ഗ്രീസ് വന്‍ കടത്തിലാണ്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ഐ എംഎഫും കടം നല്‍കിയിട്ടുണ്ട്. കടാശ്വാസപദ്ധതിയുടെ ഭാഗമായുള്ള ചെലവുചുരുക്കല്‍ പദ്ധതിയാണ് രാജ്യത്തെ കുഴപ്പത്തിലേക്ക് തള്ളിയത്. പെന്‍ഷനും ശമ്പളവും വെട്ടിക്കുറച്ചു. മറ്റു സാമൂഹ്യസേവനങ്ങളും നിര്‍ത്തലാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. നികുതിയിളവുകള്‍ ഒഴിവാക്കി. പലര്‍ക്കും തൊഴില്‍പോയി. തൊഴിലില്ലായ്മ 26 ശതമാനത്തിലെത്തി റെക്കോഡായി. കടത്തിെന്‍റ വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്യാന്‍ ഐംഎംഎഫിന്റെയും കടം നല്‍കിയ രാജ്യങ്ങളുടെയും പ്രതിനിധികള്‍ എത്താനിരിക്കെയാണ് പണിമുടക്ക്. കടാശ്വാസത്തിന്റെ മറവില്‍ അടിച്ചേല്‍പ്പിക്കുന്ന ജനദ്രോഹ നടപടികള്‍ ഒഴിവാക്കണമെന്നാണ് പ്രക്ഷോഭകരുടെ മുഖ്യആവശ്യം.
പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ വന്‍ പൊട്ടിത്തെറിയാകും ഉണ്ടാകുകയെന്ന് പൊതുമേഖലാ ജീവനക്കാരുടെ സംഘടനാനേതാവായ ഇലിയാസ് ഇലിയോ പൗലോസ് മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ മാസം 25 മുതല്‍ 10 ദിവസത്തേക്ക് മെട്രോ റെയില്‍ ജീവനക്കാര്‍ സമരം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 14 ന് തൊഴിലാളികളും ജീവനക്കാരും ആഹ്വാനം ചെയ്ത പണിമുടക്കില്‍ ഗ്രീസ് പൂര്‍ണ്ണമായും സ്തംഭിച്ചു. നവംബര്‍ ആദ്യവാരം മുതല്‍ തുടങ്ങിയ ചെറുപ്രക്ഷോഭങ്ങള്‍ ശക്തിയാര്‍ജ്ജിച്ച് കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുകയായിരുന്നു. സമാന സാഹചര്യങ്ങളാണ് ഗ്രീസില്‍ ഉണ്ടാകുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
ബള്‍ഗേറിയന്‍ പ്രധാനമന്ത്രി രാജിവെച്ചു
സോഫ്യ: ബള്‍ഗേറിയന്‍ പ്രധാനമന്ത്രി ബൊയ്കോ ബൊറിസോവ് രാജിവെച്ചു. വൈദ്യതി ചാര്‍ജ് വര്‍ധന, അഴിമതി, നിത്യോപയോഗ സാധന വിലക്കയറ്റം, ജീവിത നിലവാരം ഇടിയല്‍ എന്നീ പ്രശ്നങ്ങളുന്നയിച്ച് രാജ്യത്തുടനീളം ഉയര്‍ന്ന് വന്ന പ്രക്ഷോഭം കണക്കിലെടുത്താണ് രാജിയെന്ന് അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭമുയര്‍ത്തുന്ന ജനങ്ങളും പൊലീസുമായി ചൊവ്വാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
ബുധനാഴ്ചയാണ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ രാജി വ്യാഴാഴ്ച പാര്‍ലമെന്റില്‍ വോട്ടിനിടുമെന്നും അതിന് ശേഷമേ രാജിയ്ക്ക് അംഗീകാരം ലഭിക്കുകയുള്ളൂവെന്നും സ്പീക്കര്‍ വ്യക്തമാക്കി. രാജിയ്ക്ക് ഔദ്യോഗികമായ അംഗീകാരം ലഭിക്കുംവരെ അധികാരത്തില്‍ തുടരാന്‍ ബൊറിസോവിനോട് നിര്‍ദ്ദേശിച്ചുണ്ട്.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ കലാപത്തിനാണ് ബള്‍ഗേറിയ സാക്ഷ്യം വഹിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തൊഴിലില്ലായ്മയും പണപ്പെരുപ്പവും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് മേല്‍ അമിത നികുതി ചുമത്തിയത് ജനങ്ങളെ ദുരിതത്തിലാക്കിയിരുന്നു. യുവാക്കളാണ് സര്‍ക്കാരിനെതിരായ സമരത്തില്‍ കൂടുതലായും അണിനിരന്നത്.
deshabhimani
Labels:
പോരാട്ടം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment