Thursday, February 21, 2013
ബജറ്റ് സമ്മേളനം തുടങ്ങി, ഇടതുപക്ഷം ബഹിഷ്കരിച്ചു
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു തുടക്കമായി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സംയുക്ത സമ്മേളനടപടികള്‍ ആരംഭിച്ചു. പാര്‍ലമെന്റ് സമ്മേളനം ബഹിഷ്കരിച്ച ഇടതുപാര്‍ട്ടി അംഗങ്ങള്‍ കവാടത്തില്‍ ധര്‍ണ്ണയാരംഭിച്ചു. വികസനത്തിനാണ് രാജ്യം മുന്‍ഗണന നല്‍കുന്നതെന്ന് രാഷ്ട്രപതി സൂചിപ്പിച്ചു. കുടിവെള്ളം, ഭക്ഷ്യസുരക്ഷ, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം എന്നിവക്ക് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ ദാന പദ്ധതികള്‍ കൂടുതല്‍ ആരംഭിക്കും. ന്യൂനപക്ഷക്ഷേമത്തിനും നടപടിയെടുക്കും. യുവത്വത്തിന്റെ ക്രയശേഷി കൂടുതല്‍ ഉപയോഗിക്കും. രാഷ്ട്ര വികസനത്തിന് യുവാക്കളുടെ സംഭാവന വലുതാണ്. നാണയപ്പെരുപ്പവും വിലക്കയറ്റവും നേരിടണം. നിക്ഷേപ സൗഹൃദരാജ്യമായി വളരാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തു പകരുമെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാര്‍ ഭീകരത വളര്‍ത്തുകയാണെന്ന ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഇരുസഭകളും സ്തംഭിപ്പിക്കുമെന്ന് ബിജെപി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഷിന്‍ഡെ മാപ്പുപറയണമെന്നാണ് ബിജെപിയുടെ ആവശ്യം. കോണ്‍ഗ്രസിനുകൂടി താല്‍പ്പര്യമുള്ള വിഷയമെന്ന നിലയില്‍ ഷിന്‍ഡെ മാപ്പുപറയുമെന്നാണ് സൂചന. ഷിന്‍ഡെ നടത്തിയ പരാമര്‍ശത്തോട് പല കോണ്‍ഗ്രസ് നേതാക്കളും വിയോജിച്ചിരുന്നു. 26ന് റെയില്‍ബജറ്റ് അവതരിപ്പിക്കും. അടുത്ത സാമ്പത്തികസര്‍വേ സഭയുടെ മേശപ്പുറത്തുവയ്ക്കും. 28ന് ധനമന്ത്രി പി ചിദംബരം പൊതുബജറ്റ് അവതരിപ്പിക്കും. പാര്‍ലമെന്റ് സമ്മേളനത്തിനുമുന്നോടിയായി കോണ്‍ഗ്രസ് കോര്‍ സമിതി യോഗം ബുധനാഴ്ച ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പി ജെ കുര്യന്‍ രാജിവയ്ക്കണോയെന്ന കാര്യത്തില്‍ കോര്‍ സമിതി തീരുമാനമെടുത്തില്ല. സമ്മേളനം ആരംഭിച്ചശേഷം സ്ഥിതിഗതികള്‍ പരിശോധിച്ച് തീരുമാനമെടുക്കാമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രതിരോധമന്ത്രി എ കെ ആന്റണി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഹെലികോപ്റ്റര്‍ കുംഭകോണവിഷയത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടാല്‍ ജെപിസി അന്വേഷണമാകാമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ജെപിസി അന്വേഷണത്തോട് സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് പാര്‍ലമെന്ററികാര്യമന്ത്രി കമല്‍നാഥ് പറഞ്ഞു.
സഭയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സ്പീക്കര്‍ മീരാകുമാര്‍ സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. സജീവമായ ഒരു സമ്മേളനമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് പ്രതികരിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളില്‍ രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്നതിനുള്ള ചര്‍ച്ചകള്‍ സമ്മേളനത്തില്‍ ഉണ്ടാകും. പാര്‍ലമെന്റ് കവാടത്തില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.
deshabhimani
Labels:
ബജറ്റ്,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment