Wednesday, February 13, 2013

ഹെലികോപ്ടര്‍ അഴിമതി സിബിഐ അന്വേഷിക്കണം: സിപിഐ എം


ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണം നടത്തണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ഇറ്റലിയുമായുള്ള ഹെലികോപ്ടര്‍ കരാര്‍ റദ്ദാക്കണം. 362 കോടിയുടെ അഴിമതിയില്‍ ഇറ്റലി പ്രതിരോധ സ്ഥാപനമായ ഫിന്‍മെക്കാനിക്കയുടെ സിഇഒയെ ഇറ്റലി അറസ്റ്റു ചെയ്തിരിക്കുന്നു.

ഇറ്റലിയില്‍ കുറച്ചു മാസങ്ങളായി ഈ അഴിമതിയെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. "കൃത്യമായ വിവര"ത്തിന്റെ അഭാവത്തില്‍ അന്വേഷണം നടത്താതിരിക്കുകയാണ് യുപിഎ സര്‍ക്കാര്‍. പ്രതിരോധമന്ത്രാലയം ഇപ്പോള്‍ സിബിഐ അന്വേഷണത്തിനുത്തരവിട്ടിരിക്കുകയാണ്. എന്നിട്ടും ഇറ്റലിയില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്ന ന്യായത്തിന്റെ മറവില്‍ നില്‍ക്കുകയാണ് യുപിഎ സര്‍ക്കാര്‍. കഴിഞ്ഞ എട്ടുവര്‍ഷത്തെ പ്രതിരോധ കരാറുകളിലെ അഴിമതി കണ്ടെത്തുന്നതില്‍ വന്‍പരാജയമാണ്. അതിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഹെലികോപ്ടര്‍ അഴിമതി.


നേതാക്കള്‍ക്ക് ചുറ്റാന്‍ ഇന്ത്യ കോപ്റ്ററുകള്‍ വാങ്ങുന്നതില്‍ 4 കോടി കോഴ

മിലാന്‍: ഇന്ത്യയിലെ ഉന്നത നേതാക്കള്‍ക്ക് സഞ്ചരിക്കാന്‍ ഇറ്റാലിയന്‍ കമ്പനിയില്‍നിന്ന് 12 ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിന് പ്രതിരോധമന്ത്രാലയത്തിലെ ചിലര്‍ നാലുകോടി രൂപയോളം കോഴ കൈപ്പറ്റിയെന്ന് റിപ്പോര്‍ട്ട്. ഇടപാടുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രതിരോധ സ്ഥാപനമായ ഫിന്‍മെക്കാനിക്ക എസ്പിഎയുടെ തലവന്‍ ഗ്യുസെപ്പെ ഓര്‍സിയെ ഇറ്റലി പൊലീസ് അറസ്റ്റ് ചെയ്തു. ഫിന്‍മെക്കാനിക്കയുടെ ഹെലികോപ്റ്റര്‍ യൂണിറ്റായ അഗസ്റ്റാ വെസ്റ്റ്ലാന്‍ഡിന്റെ തലവന്‍ ബ്രൂണോ സ്പാഗ്നോളിനിയെ മജിസ്ട്രേട്ടിന്റെ ഉത്തരവനുസരിച്ച് വീട്ടുതടങ്കലിലാക്കി. സ്വിറ്റ്സര്‍ലന്‍ഡിലുള്ള രണ്ട് ഇടനിലക്കാരെ വിട്ടുകിട്ടാനും ഇറ്റലി നടപടി തുടങ്ങി. ഇടപാട് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥന്‍ ഡല്‍ഹിയില്‍ പറഞ്ഞു. ഇടപാട് റദ്ദാക്കാവുന്നതാണെന്നും പേര് വെളിപ്പെടുത്താന്‍ അനുവദിക്കാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. അഴിമതി അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ഇറ്റലി അറിയിച്ചിട്ടില്ലെന്നാണ് ഇന്ത്യന്‍ വിദേശ മന്ത്രാലയത്തിന്റെ നിലപാട്. ഇന്ത്യ റോമിലെ എംബസിവഴി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് നീതിന്യായ പ്രക്രിയയാണെന്നും ഒരു വിവരവും ഇന്ത്യയുമായി പങ്കിടാന്‍ കഴിയില്ലെന്നുമാണ് ഇറ്റലി സര്‍ക്കാര്‍ മറുപടി നല്‍കിയതെന്ന് വിദേശമന്ത്രാലയ വക്താവ് സയിദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി.

ഇന്ത്യക്ക് "അതീവ സുരക്ഷയുള്ള" 12 അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്ററുകള്‍ നല്‍കാന്‍ 2010ലാണ് ഇറ്റാലിയന്‍ കമ്പനി 56 കോടി യൂറോയുടെ (4058 കോടിയിലധികം രൂപ) കരാറുണ്ടാക്കിയത്. ഇതില്‍ ആദ്യ മൂന്നെണ്ണം കഴിഞ്ഞ ഡിസംബറില്‍ നല്‍കേണ്ടിയിരുന്നതാണ്. ഫിന്‍മെക്കാനിക്കയുടെ ചീഫ് എക്സിക്യൂട്ടീവും ചെയര്‍മാനുമാണ് അറസ്റ്റിലായ ഓര്‍സി. ആരോപണം ഉയര്‍ന്നപ്പോള്‍ത്തന്നെ ഓര്‍സി രാജിവയ്ക്കണമെന്ന് ഇറ്റലിയിലെ ഇടതുപക്ഷ പാര്‍ടികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അവകാശപ്പെടുന്ന ഓര്‍സിക്ക് കമ്പനി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ബിസിനസ് നടത്തിയത് ഔദ്യോഗിക ചാനലുകളിലൂടെതന്നെയാണെന്നാണ് കമ്പനിയുടെ വാദം. ഇറ്റലിയുടെ ധനകാര്യ തലസ്ഥാനമായ മിലാനില്‍ കമ്പനിയുടെ ഓഫീസുകള്‍ പൊലീസ് പരിശോധിക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇറ്റലിയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സര്‍ക്കാരിന് 30 ശതമാനം ഓഹരിയുള്ള കമ്പനിയുമായി ബന്ധപ്പെട്ട ക്രമക്കേട് സര്‍ക്കാരിനെ കൂടുതല്‍ വിഷമത്തിലാക്കി. പ്രമുഖ ബാങ്കുമായി ബന്ധപ്പെട്ട കുംഭകോണവും എണ്ണ സേവന ഗ്രൂപ്പായ സൈപെം ഉള്‍പ്പെട്ട അഴിമതി ആരോപണവും എല്ലാം അടുത്തിടെ ഇറ്റാലിയന്‍ കോര്‍പറേറ്റ് രംഗത്തെയും സര്‍ക്കാരിനെയും ഉലച്ചിരിക്കെയാണ് പുതിയ സംഭവം.


ജയ്താപൂര്‍: കരാര്‍ അരുത്

ജയ്താപൂര്‍ ആണവനിലയത്തില്‍ റിയാക്ടര്‍ സ്ഥാപിക്കാന്‍ ഫ്രഞ്ചു കമ്പനിയുമായി കരാര്‍ ഒപ്പിടരുതെന്ന് ഇടതുപാര്‍ട്ടിനേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവിലെ ആണവനിലയങ്ങള്‍ തന്നെ ആശങ്കയില്‍ നിലനില്‍ക്കുമ്പോള്‍ പുതിയൊരു റിയാക്ടര്‍ ഇറക്കുമതി ചെയ്യരുതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് , സിപിഐ സെക്രട്ടറി ഡി രാജ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആണവനിലയത്തില്‍ ഉപയോഗിക്കേണ്ട നാഫ്തയുടെ ഇറക്കുമതിക്ക് വലിയ ചെലവു വരും. സൗരോര്‍ജം കൂടുതല്‍ ഉപയോഗിച്ച് ഊര്‍ജപ്രതിസന്ധി നേരിടണം. അതിനു പകരം ജനങ്ങളുടെ സുരക്ഷ തള്ളിക്കളഞ്ഞ് പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കങ്ങളല്ല സര്‍ക്കാര്‍ നടത്തേണ്ടത്.

ജയ്താപൂര്‍ ഉള്‍പ്പടെയുള്ള ജനകീയപ്രശ്നങ്ങളില്‍ യുപിഎ സര്‍ക്കാര്‍ ജനവിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഫുക്കുഷിമ ഉള്‍പ്പടെയുള്ള നിലയങ്ങളുടെ അപകടം മുന്നില്‍ നില്‍ക്കുമ്പോഴാണിത്. കൂടംകുളത്ത് സുരക്ഷ ഉറപ്പാക്കണം. നിലവില്‍ സ്ഥാപിച്ച രണ്ടു റിയാക്ടറുകളുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയുണ്ടാവരുത്. ഇപ്പോള്‍ ജയ്താപൂരിലേക്ക് ഫ്രാന്‍സില്‍ നിന്നും പുതിയ അറേവ റിയാക്റുകള്‍ ഇറക്കുമതി ചെയ്യാനാണ് നീക്കം. നേതാക്കള്‍ ചൂണ്ടിക്കാട്ടി.

പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കരുതെന്ന നിലപാടില്‍ മാറ്റമില്ലെന്ന് പ്രകാശ് കാരാട്ട് വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു. കൂടംകുളത്ത് സുരക്ഷ ഉറപ്പാക്കണം. കൂടംകുളം പോലെ നിര്‍മ്മാണം ആരംഭിച്ചവയൊഴികെ പുതിയ റിയാക്ടറുകള്‍ ഇറക്കുമതി ചെയ്യുന്നതും പുതിയ ആണവനിലയങ്ങളും എതിര്‍ക്കപ്പെടണം. അദ്ദേഹം പറഞ്ഞു.

deshabhimani 130213

No comments:

Post a Comment