Wednesday, February 6, 2013

സര്‍ക്കാരിന്റെ പ്രചാരണച്ചുമതല കോണ്‍. നേതാവിന്റെ ബന്ധുവിന്


പബ്ലിക് റിലേഷന്‍സ് വിഭാഗത്തെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ പരിപാടികളുടെ വാര്‍ത്താവിതരണച്ചുമതല സ്വകാര്യ പിആര്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിനുപിന്നില്‍ വന്‍ അഴിമതി. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമുള്ള മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ പബ്ലിക് റിലേഷന്‍സ് സ്ഥാപനത്തിനാണ് കരാറുകള്‍ വഴിവിട്ട് നല്‍കുന്നത്. പുറംകരാറുകള്‍ നല്‍കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍പോലും അവഗണിച്ച് നടക്കുന്ന അവിഹിത ഇടപാടുകള്‍ക്ക് മാധ്യമപ്രവര്‍ത്തകരിലെ ഒരുവിഭാഗത്തിന്റെ ഒത്താശയുണ്ട്. പിആര്‍ഡി വിഭാഗത്തെ ഒഴിവാക്കിയാണ് ഏറ്റവും ഒടുവില്‍, ആലപ്പുഴയില്‍ നടക്കുന്ന കയര്‍ കേരള വരെയുള്ള വന്‍ പരിപാടികളുടെ വാര്‍ത്താച്ചുമതല സ്വകാര്യ പിആര്‍ ഏജന്‍സിക്ക് നല്‍കിയത്. മുമ്പ് കൊച്ചിയില്‍ നടന്ന എമര്‍ജിങ് കേരള, ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ഫറന്‍സ്, ബോള്‍ഗാട്ടിയില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ വില്ലേജ് പ്രദര്‍ശനം എന്നിവയുടെയെല്ലാം വാര്‍ത്താച്ചുമതല സ്വകാര്യ ഏജന്‍സികള്‍ക്കായിരുന്നു. ഇതിനുപുറമെ ഐടി, ടൂറിസം രംഗത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ചുമതല ഇവര്‍ക്കാണ് നല്‍കിയത്. പുതുതായി രൂപീകരിച്ച അതിവേഗ റെയില്‍പ്പാത കോര്‍പറേഷന്റെ വാര്‍ത്താച്ചുമതലയും സ്വകാര്യ പിആറിന് നല്‍കാനാണ് നീക്കം.

സ്വകാര്യ പിആര്‍ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുമ്പോള്‍ ദേശീയതലത്തില്‍ അക്രഡിറ്റേഷനുള്ളവയെ പരിഗണിക്കണമെന്ന ചട്ടം പാലിക്കുന്നില്ല. പരസ്യരംഗത്തുള്ള പ്രവര്‍ത്തന പരിചയമാണ് പിആര്‍ നിയമനത്തിന് സര്‍ക്കാര്‍ പരിഗണിക്കുന്നത്. തിരുവനന്തപുരത്തുള്ള ഒരു പരസ്യക്കമ്പനിക്ക് പാകമാകുന്ന വ്യവസ്ഥകളാണ് ഇതിനായി രൂപപ്പെടുത്തിയത്. ഏറ്റവും ഒടുവില്‍ അതിവേഗ റെയില്‍പ്പാതയ്ക്ക് പിആര്‍ ഏജന്‍സിയെ നിയമിക്കാന്‍ താല്‍പര്യപത്രം ക്ഷണിച്ചതിലും പരസ്യരംഗത്ത് അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനപരിചയവും രണ്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരസ്യവേല നടത്തിയതിന്റെ പരിചയവുമാണ് നിബന്ധനയായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. സര്‍ക്കാരിന്റെ അനധികൃത ഇടപാടുകളുടെയെല്ലാം ഇടനിലക്കാരായ തിരുവനന്തപുരത്തെ ഈ പരസ്യക്കമ്പനി നേടുന്ന കരാര്‍ പിന്നീട് മറിച്ചുനല്‍കും. ഏറെയും കൈവശപ്പെടുത്തുന്നത് കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമുള്ള തിരുവനന്തപുരം സ്വദേശിയുടെ സ്ഥാപനമാണ്. രണ്ടുവര്‍ഷം മുമ്പുമാത്രം ആരംഭിച്ച ഈ സ്ഥാപമാണ് എമര്‍ജിങ് കേരള, ഗ്ലോബല്‍ വില്ലേജ് പ്രദര്‍ശനം, കയര്‍ ഫെസ്റ്റ് എന്നിവയുടെ പിആര്‍ കരാര്‍ നേടിയത്. ലക്ഷങ്ങള്‍ പ്രതിഫലം കിട്ടുന്ന കരാറുകള്‍ ചട്ടവിരുദ്ധമായി നേടാന്‍ ഉദ്യോഗസ്ഥ, ഭരണ തലങ്ങളില്‍ ഇവര്‍ അതിന്റെ പങ്ക് വീതംവയ്ക്കുന്നു. പല കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെയും പിആര്‍ കരാര്‍ ഇവര്‍ ഈ വഴിക്ക് നേടിയതായും ആക്ഷേപമുണ്ട്. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോണ്‍, വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവരെ പ്രമോട്ട്ചെയ്ത് മാധ്യമങ്ങളില്‍ അനുകൂല വാര്‍ത്തകള്‍ എഴുതിക്കാനുള്ള കരാറും ഇവര്‍ എടുത്തിട്ടുണ്ട്. കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തലയുടെ പിആര്‍ ഏജന്‍സി നിയമന നടപടികള്‍ പുരോഗമിക്കുന്നു.
(എം എസ് അശോകന്‍)

deshabhimani 060213

No comments:

Post a Comment