Wednesday, February 6, 2013

അവകാശപ്പോരാട്ടത്തിന് പിന്തുണയുമായി തൊഴിലാളിവര്‍ഗത്തിന്റെ അമരക്കാരന്‍


കൊച്ചി: പതിനാലരവര്‍ഷം പഴക്കമുള്ള സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് 35 ദിവസമായി അനിശിച്തകാല റിലേ നിരാഹാരസമരം നടത്തുന്ന ബിപിസിഎല്‍ കൊച്ചി റിഫൈനറിയിലെ തൊഴിലാളികള്‍ക്ക് ആവേശവും കരുത്തും പകര്‍ന്ന് തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ അമരക്കാരനെത്തി. അമ്പലമുകളിലെ റിഫൈനറിയിലെത്തിയ സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ തൊഴിലാളികളെ അഭിവാദ്യം ചെയ്തു.

അവകാശങ്ങള്‍ നേടിയെടുക്കാനും സംരക്ഷിക്കാനും തൊഴിലാളിവര്‍ഗത്തിന്റെ ഐക്യം പരമപ്രധാനമാണെന്ന തപന്‍സെന്നിന്റെ വാക്കുകള്‍ സമരപ്പന്തലിനുമുന്നില്‍ തടിച്ചുകൂടിയ നൂറുകണക്കിനു തൊഴിലാളികള്‍ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കാത്ത ബിപിസിഎല്‍ മാനേജ്മെന്റിന്റെയും സര്‍ക്കാരിന്റെയും നിലപാട് അങ്ങേയറ്റം ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു. സേവനവ്യവസ്ഥകള്‍ക്ക് മാറ്റംവരുത്താതെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് എന്റര്‍പ്രൈസ് (ഡിപിഇ) നിര്‍ദേശപ്രകാരം കൃത്യസമയത്തുതന്നെ ഓഫീസര്‍മാര്‍ക്ക് ശമ്പളപരിഷ്കരണം നടപ്പാക്കിയ മാനേജ്മെന്റ് കരാറിന്റെ കലാവധി അവസാനിച്ച് നാലര കൊല്ലം പിന്നിട്ടിട്ടും തൊഴിലാളികളുടെ ശമ്പളം പുതുക്കാത്തത് നീതിനിഷേധമാണ്. തൊഴിലാളികള്‍ ഒരു പൈസപോലും അധികമായി ചോദിക്കുന്നില്ല. എന്നിട്ടും തൊഴില്‍സമയം വര്‍ധിപ്പിച്ചാലേ വേതനം വര്‍ധിപ്പിക്കൂവെന്ന നിലപാട് അന്യായമാണ്. തൊഴിലാളി ഐക്യത്തിനുമുന്നില്‍ എത് മാനേജ്മെന്റും കീഴടങ്ങും. കൊച്ചി റിഫൈനറിയിലെ തൊഴിലാളികള്‍ ഇക്കാര്യത്തില്‍ മാതൃകാപരമായ നിലപാട് സ്വീകരിച്ചിരിക്കുന്നത് സന്തോഷകരമാണ്. രാജ്യത്തെ മുഴുവന്‍ തൊഴിലാളി സമൂഹത്തിന്റെയും ഐക്യദാര്‍ഢ്യവും സമരത്തിനുണ്ടെന്നും തപന്‍സെന്‍ പറഞ്ഞു.

റിഫൈനറിയുടെ പ്രധാന ഗേറ്റിനുമുന്നില്‍ നടന്ന യോഗത്തില്‍ ജേക്കബ് സി മാത്യു അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ ചന്ദ്രന്‍പിള്ള, ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി വി പി ജോര്‍ജ്, സിഐടിയു ജില്ലാ സെക്രട്ടറി കെ എന്‍ ഗോപിനാഥ്, ടി രഘുവരന്‍, എം ജി അജി, എ പി ഉദയകുമാര്‍, കെ ടി തങ്കപ്പന്‍, പോള്‍സണ്‍ വര്‍ഗീസ്, കെ കെ അശോക്കുമാര്‍, എം വൈ കറിയാച്ചന്‍, തോമസ് കണ്ണടിയില്‍, സി എന്‍ മഹേശ്വരന്‍, ടി ജി കൃഷ്ണന്‍നായര്‍, എസ് കെ നസിമുദ്ദീന്‍, രാമസ്വാമിപിള്ള എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് തപന്‍ സെന്‍ റിഫൈനറി സന്ദര്‍ശിച്ചു. ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് പ്രസാദ് പണിക്കര്‍ ഉള്‍പ്പെടെയുള്ള മാനേജ്മെന്റ് അധികൃതരുമായി അദ്ദേഹം ചര്‍ച്ച നടത്തി. തൊഴിലാളികളുടെ ജോലിസമയം വര്‍ധിപ്പിക്കാനുള്ള നീക്കംകൊണ്ട് ശമ്പളപരിഷ്കരണം നടപ്പാക്കാത്തത് തൊഴിലാളികളോട് കാണിക്കുന്ന അവഹേളനമാണെന്നും ഡിപിഇ പ്രകാരമുള്ള ശമ്പളപരിഷ്കരണം ഉടന്‍ നടപ്പാക്കണമെന്നും തപന്‍ സെന്‍ ആവശ്യപ്പെട്ടു.

deshabhimani 060213

No comments:

Post a Comment