Thursday, February 21, 2013
ജാലിയന്‍വാലാബാഗ് ലജ്ജാകരമായ സംഭവം: കാമറണ്‍
ജാലിയന്‍വാലാബാഗ് കൂട്ടക്കൊല ബ്രിട്ടീഷ് ചരിത്രത്തിലെ വളരെയേറെ ലജ്ജാകരമായ സംഭവമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍. ത്രിദിന ഇന്ത്യാസന്ദര്‍ശനത്തിന്റെ സമാപന ദിനമായ ബുധനാഴ്ച പഞ്ചാബിലെ അമൃത്സര്‍ സന്ദര്‍ശിച്ച കാമറണ്‍, ജാലിയന്‍ വാലാബാഗ് സ്മാരകത്തിലെ സന്ദര്‍ശക പുസ്തകത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തി ഒപ്പുവച്ചത്.
ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിരോധനാജ്ഞ ലംഘിച്ച് 1919 ഏപ്രില്‍ 13ന് ജാലിയന്‍വാലാബാഗില്‍ ഒത്തുകൂടിയ സ്ത്രീകളും കുട്ടികളും അടങ്ങിയ സ്വാതന്ത്ര്യസമര സേനാനികള്‍ക്കെതിരെ ബ്രിഗേഡിയര്‍ ജനറല്‍ റെജിനാള്‍ഡ് ഡയറിന്റെ ഉത്തരവ് പ്രകാരം വെടിയുതിര്‍ത്ത ബ്രിട്ടീഷ് സൈന്യം ആയിരത്തോളം പേരെയാണ് രക്ഷപ്പെടാന്‍ അനുവദിക്കാതെ ദാരുണമായി കൊന്നത്. "ബ്രിട്ടീഷ് ചരിത്രത്തിലെ വന്‍നാണക്കേടാണ് ഈ സംഭവം. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ സംഭവത്തെ പൈശാചികം എന്നാണ് വിശേഷിപ്പിച്ചത്. ഇവിടെ സംഭവിച്ചതൊന്നും ഞങ്ങള്‍ മറക്കില്ല. സമാധാനപരമായ പ്രക്ഷോഭം നടത്താനുള്ള അവകാശത്തിനായി ബ്രിട്ടണ് എന്നും ഉറച്ചു നില്ക്കും"- അധികാരത്തിലിരിക്കെ ജാലിയന്‍ വാലാബാഗ് സന്ദര്‍ശിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ കാമറണ്‍ സന്ദര്‍ശക പുസ്തകത്തില്‍ എഴുതി. സംഭവത്തില്‍ ബ്രിട്ടണ് മാപ്പപേക്ഷിക്കണമെന്ന ആവശ്യം കാമറണിന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് ശക്തമായിരുന്നു. എന്നാല്‍, ഔപചാരികമായി ക്ഷമാപണം നടത്തുന്നത് കാമറണ്‍ ഒഴിവാക്കി. തലമുടി മറച്ച്,നഗ്നപാദനായി സ്മാരകത്തില്‍ പ്രവേശിച്ച കാമറണ്‍ പുഷ്പചക്രം സമര്‍പ്പിച്ചു. സുവര്‍ണക്ഷേത്രത്തില്‍ ദിവസേന ആയിരക്കണക്കിന് തീര്‍ഥാടകര്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കുന്ന അടുക്കള സന്ദര്‍ശിച്ച കാമറണ്‍ ചപ്പാത്തി പരത്താന്‍ പറ്റുമോ എന്ന് സ്വയം പരീക്ഷിച്ചു നോക്കുകയും ചെയ്തു.
1997ല്‍ ജാലിയന്‍ വാലാബാഗ് സന്ദര്‍ശിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് സംഭവത്തെ ദുഃഖകരമെന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍, കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ അതിശയോക്തിയുണ്ടെന്ന ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെ പ്രതികരണം അന്ന് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ജാലിയന്‍ വാലാബാഗ് സ്മാരകം കൊളോണിയലിസത്തിന്റെ ഏറ്റവും ദാരുണമായ ഓര്‍മപ്പെടുത്തലാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നതിനു മുമ്പ് ഇന്ത്യ സന്ദര്‍ശിച്ച ടോണി ബ്ലെയര്‍ പറഞ്ഞിരുന്നു.
deshabhimani 210213
Labels:
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment