Saturday, February 9, 2013

തലശേരിയില്‍ ബസന്തിനെ കരിങ്കൊടി കാട്ടി


തലശേരി: സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരായി ബസന്ത് നടത്തിയ പ്രതികരണത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു. സമൂഹത്തിന്റെ നാനാതുറകളിലും പെട്ടവര്‍ വിവാദപ്രസ്താവനക്കെതിരെ രംഗത്തുവന്നു. ചുണക്കുട്ടികളായ പെണ്‍കുട്ടികള്‍ പൊതുസ്ഥലത്തു വച്ച് ബസന്തിന്റെ കരണത്തടിക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. കേരളത്തിന് നാണക്കേടാണ് ഈ ന്യായാധിപനെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ ശൈലജ പറഞ്ഞു. ബസന്തിനെതിരെ കേരളം ഒറ്റമനസ്സായി രംഗത്തിറങ്ങുമെന്നും അവര്‍ പറഞ്ഞു. ബസന്തിന്റെ സീനിയര്‍ അഭിഭാഷക പദവി സുപ്രീംകോടതി അടിയന്തരമായി എടുത്ത് മാറ്റണമെന്ന് പി കെ ശ്രീമതി ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, മഹിള കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ, ഡിവൈഎഫ്ഐ സംസ്ഥാനപ്രസിഡന്റ് എം സ്വരാജ് എന്നിവരും പ്രതിഷേധിച്ചു.

അതേസമയം തലശേരിയില്‍ ബസന്ത് പങ്കെടുക്കുന്ന പരിപാടി നടക്കുന്ന ഹാളിനു മുന്നില്‍ വന്‍പ്രതിഷേധം ഉയര്‍ന്നു. ജില്ലാ കോടതി പരിസരത്ത് കറന്റ് ബുക്സ് നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് "ഡല്‍ഹി സംഭവത്തിനുശേഷം ഇനിയെന്ത്" എന്ന സെമിനാറില്‍ ഉദ്ഘാടകനാണ് ബസന്ത്. ജനാധിപത്യ മഹിള അസോസിയഷനും ഡിവൈഎഫ്ഐയും വേദിക്കു പുറത്ത് കരിങ്കൊടിയുമായി ഉപരോധം നടത്തുകയാണ്. ബസന്ത് എത്തിയപ്പോള്‍ ഡിവൈഎഫ്ഐയും ജനാധിപത്യ മഹിള അസോസിയഷനും കരിങ്കൊടി കാട്ടി. മറ്റുസംഘടനകളും പ്രതിഷേധവുമായി എത്തി. സദസില്‍ ഉണ്ടായിരുന്ന അഭിഭാഷകരും സദസിലിരുന്നവരും പ്രതിഷേധിച്ചു. പ്രതിഷേധിച്ചവരെ പൊലീസ് നീക്കി. വനിതാ അഭിഭാഷകര്‍ തലശേരയിലെ പരിപാടി ബഹിഷ്കരിച്ച് പ്രകടനം നടത്തി.

deshabhimani

No comments:

Post a Comment