Wednesday, February 6, 2013
എങ്കില്‍ ഉമ്മന്‍ചാണ്ടിയും കുറ്റവാളി
സ്ത്രീകളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കിയ ബില്ലിലെ വ്യവസ്ഥപ്രകാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കുറ്റവാളി. ""പീഡനം എന്നാല്‍, ബോധപൂര്‍വവും അപമര്യാദയോടെയുമുള്ള ഏതെങ്കിലും പെരുമാറ്റവും വനിതയുടെ അന്തസ്സിന് ക്ഷതമേല്‍പ്പിക്കുന്ന ഏതൊരു പ്രവൃത്തിയും"" എന്നാണ് ബില്ലില്‍ വ്യവസ്ഥചെയ്തിരിക്കുന്നത്. ഇതെഴുതിവച്ചവര്‍തന്നെയാണ് സൂര്യനെല്ലിക്കേസിലെ ഇരയും മാതാപിതാക്കളും 17 വര്‍ഷം പഴകിയ കാര്യം ആവര്‍ത്തിക്കുകയാണെന്ന് പരിഹസിക്കുന്നത്. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഈ അവഹേളനവും വനിതാസംരക്ഷണ ബില്‍ വ്യവസ്ഥചെയ്യുന്ന കുറ്റകൃത്യങ്ങളുടെയും ശിക്ഷയുടെയും പരിധിയില്‍ വരും. സ്ത്രീസംരക്ഷണത്തിനുള്ള ബില്‍ ഈ നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. അപ്പോഴും കാമഭ്രാന്തന്മാര്‍ പിച്ചിച്ചീന്തിയ നിസ്സഹായയായ ഒരു പെണ്‍കുട്ടിയെ പഴഞ്ചന്‍കഥ പറയുന്നതായി പരിഹസിച്ച് ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തുടര്‍ച്ചയായി അപമാനിക്കുന്നു. പെണ്‍കുട്ടിയുടെ സങ്കടങ്ങള്‍ മുഖവിലയ്ക്കെടുക്കുകയല്ല, പി ജെ കുര്യനെതിരെ ഉന്നയിച്ച ബലാല്‍സംഗക്കുറ്റത്തിന് തെളിവ് ചോദിക്കുകയാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും.
"കേരള വനിതകളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷണ ബില്‍ 2013" ഈ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് അഭിമാനം നടിച്ചാണ് മുഖ്യമന്ത്രി അറിയിച്ചത്. വനിതകള്‍ക്കു നേരേയുള്ള ഗാര്‍ഹികവും സാമൂഹികവുമായ അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും പീഡനശ്രമങ്ങള്‍ക്കും എതിരെ ഫലപ്രദമായ നടപടി ഉറപ്പുവരുത്താനും അവരുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കാനുമാണ് വനിതാ സംരക്ഷണ ബില്‍ എന്നാണ് യുഡിഎഫിന്റെ അവകാശവാദം. എന്നാല്‍, ഇതിന് തീര്‍ത്തും വിരുദ്ധമാണ് സര്‍ക്കാര്‍ നടപടി. നീതി ഉറപ്പുനല്‍കുന്നതിനുപകരം ക്രൂരപീഡനങ്ങള്‍ക്കിരയായ പെണ്‍കുട്ടിയെ വ്യാജകേസുണ്ടാക്കി വീണ്ടും വേട്ടയാടാനും യുഡിഎഫ് സര്‍ക്കാര്‍ മടിച്ചില്ല.
കുര്യനെ കോടതികള്‍ കുറ്റവിമുക്തനാക്കിയെന്നാണ് കോണ്‍ഗ്രസ് അവകാശവാദം. കുര്യന്‍ പ്രതിയായി വിചാരണ നടക്കാത്ത സാഹചര്യത്തില്‍ കുറ്റവിമുക്തനാക്കി എന്ന വാദത്തിന് എന്തടിസ്ഥാനമാണുള്ളതെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് വിശദീകരിക്കാനാകുന്നില്ല. പീരുമേട് കോടതിയില്‍ പെണ്‍കുട്ടി സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജി പരിഗണിക്കുന്നതിനെതിരെ നിയമനടപടിക്ക് പോയാണ് അന്ന് കുര്യന്‍ രക്ഷപ്പെട്ടത്. ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയതോടെ കുര്യന്‍ കുറ്റവിമുക്തന്‍ എന്ന വാദം പൊളിഞ്ഞു. ജനം പറയുന്നതുപോലെ ഭരിക്കാന്‍ സൗകര്യമില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പെണ്‍വേട്ടക്കാര്‍ പറയുന്നതുപോലെയേ ഭരിക്കാനാകൂ എന്നാണ് തുറന്നുപറഞ്ഞത്. അതൊരു മുഖ്യമന്ത്രിയുടെ സ്വരമല്ല, അധികാരത്തിന്റെ ഹുങ്കില്‍ നിലമറന്ന ഏകാധിപതിയുടെ സ്വരമാണ്. ഭരണം ജനങ്ങള്‍ക്കുവേണ്ടിയല്ലെന്ന് അധികാരത്തില്‍ വന്ന നാള്‍മുതല്‍ നല്ല നിലയില്‍തന്നെ തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഉമ്മന്‍ ചാണ്ടി. തങ്ങള്‍ക്കു വേണ്ടിയല്ലാത്ത ഭരണം സമ്മാനിക്കുന്ന ദുരന്തങ്ങള്‍ ജനങ്ങളും നന്നായി അനുഭവിക്കുന്നു. ഇപ്പോഴിതാ സൂര്യനെല്ലിക്കേസില്‍ ജനം പറയുന്നതു കേള്‍ക്കാന്‍ സാധ്യമല്ലെന്ന് മുഖ്യമന്ത്രി വെല്ലുവിളിക്കുന്നു. ഇരയുടെ വിലാപം തള്ളി വേട്ടക്കാര്‍ക്ക് രക്ഷാകവചമൊരുക്കുകയാണ് സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് നിര്‍ഭയമായി അന്തസ്സോടെ കഴിയാനുള്ള സാഹചര്യം ഉറപ്പുവരുത്തുമെന്ന് അവകാശപ്പെടുന്നവരാണ് ഉന്നതനേതാവിനെ വെള്ളപൂശാന്‍ സൂര്യനെല്ലിയിലെ പെണ്‍കുട്ടിയെയും കുടുംബത്തെയും അപമാനിക്കുന്നത്.
സൂര്യനെല്ലി: ഉമ്മന്‍ചാണ്ടി പറഞ്ഞത് കോണ്‍ഗ്രസ് നിലപാടെന്ന് ചാക്കോ
സൂര്യനെല്ലി കേസില്‍ പി ജെ കുര്യനെതിരായ പുതിയ വെളിപ്പെടുത്തലുകളുടെ കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പി സി ചാക്കോ. ഈ വിഷയത്തില്‍ ഹൈക്കമാന്‍ഡിന്റെയും എഐസിസിയുടെയും നിലപാട് തല്‍ക്കാലം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതുതന്നെയാണെന്ന് പി സി ചാക്കോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പുതിയ ഓര്‍ഡിനന്‍സിന്റെ പശ്ചാത്തലത്തില്‍ കുര്യനെതിരായ ആക്ഷേപം ഗൗരവമായി കാണേണ്ടതില്ലേയെന്ന ചോദ്യത്തോട് ഓര്‍ഡിനന്‍സും കുര്യന്‍ വിഷയവും വ്യത്യസ്തമാണെന്ന് ചാക്കോ പ്രതികരിച്ചു.
deshabhimani 060213
Labels:
ഇടുക്കി,
കോടതി,
വലതു സര്‍ക്കാര്‍,
സ്ത്രീ
Subscribe to:
Post Comments (Atom)
No comments:
Post a Comment