Wednesday, February 6, 2013

വിജിലന്‍സിന് അന്ത്യശാസനം


മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒന്നാംപ്രതിയായ ടൈറ്റാനിയം അഴിമതിക്കേസില്‍ ഒരു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് പ്രത്യേക കോടതി വിജിലന്‍സിന് അന്ത്യശാസനം നല്‍കി. ഈ സമയപരിധിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പിക്കെതിരെ കേസ് എടുക്കുമെന്ന് പ്രത്യേക കോടതി ജഡ്ജി എസ് മോഹന്‍ദാസ് മുന്നറിയിപ്പ് നല്‍കി. കേസില്‍ ആറാം തവണയാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സ് സമയം ചോദിച്ചത്. ചൊവ്വാഴ്ച കേസ് പരിഗണിച്ച വേളയില്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. എല്ലാ പരിധിയും ലംഘിച്ച് സമയം ചോദിച്ച് കേസ് നീട്ടിക്കൊണ്ടുപോകുകയാണെന്നും ഇനി അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ടൈറ്റാനിയം കമ്പനിയില്‍ മലിനീകരണ നിയന്ത്രണ പദ്ധതി നടപ്പാക്കിയതില്‍ 250 കോടിയുടെ അഴിമതി നടത്തിയെന്ന് ആരോപിച്ച് ടൈറ്റാനിയത്തിലെ മുന്‍ ജീവനക്കാരനായ എസ് ജയനാണ് കോടതിയെ സമീപിച്ചത്. അധികാരത്തിലിരിക്കുന്നവര്‍ പ്രതിയായ കേസില്‍ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നത് സമൂഹത്തില്‍ തെറ്റായ ധാരണ പരത്തുമെന്ന് വാദിഭാഗം അഭിഭാഷകനായ എസ് ചന്ദ്രശേഖരന്‍നായര്‍ ബോധിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി പേരെ ഇനിയും ചോദ്യംചെയ്യാനുണ്ടെന്നും രേഖകള്‍ പരിശോധിക്കാന്‍ ബാക്കിയാണെന്നും വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സിസി അഗസ്റ്റിന്‍ ബോധിപ്പിച്ചു. ഇതിനകം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തില്‍ ചിലരെക്കൂടി ചോദ്യംചെയ്യാനുണ്ടെന്ന് വിജിലന്‍സ് ഡിവൈഎസ്പി ആര്‍ അജിത്കുമാര്‍ ഇടക്കാല റിപ്പോര്‍ട്ടില്‍ പറഞ്ഞു. മാര്‍ച്ച് അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു പുറമെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്, മുന്‍ വ്യവസായ സെക്രട്ടറി ടി ബാലകൃഷ്ണന്‍, ടൈറ്റാനിയം എംഡി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

deshabhimani 060213

No comments:

Post a Comment