Friday, February 1, 2013
ലോകായുക്ത: സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം
ലോക്സഭ പാസാക്കിയ ലോക്പാല്‍-ലോകായുക്ത ബില്ലിന് രാജ്യസഭയുടെ സെലക്ട് കമ്മിറ്റി നിര്‍ദേശിച്ച 16 ഭേദഗതികളില്‍ 14 എണ്ണം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ലോകായുക്തകളുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നതാണ് പ്രധാന ഭേദഗതി. 2011 ഡിസംബര്‍ 27ന് ആണ് ബില്‍ ലോക്സഭ അംഗീകരിച്ചത്. 2011 ഡിസംബര്‍ 29ന് രാജ്യസഭഭബില് പരിഗണിച്ചെങ്കിലും ചര്‍ച്ച പൂര്‍ത്തിയായില്ല. 2012 മെയ് 21ന് ബില്‍ രാജ്യസഭയുടെ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. സെലക്ട് കമ്മിറ്റി 2012 നവംബര്‍ 23ന് റിപ്പോര്‍ട്ട് നല്കി. ലോക്സഭ പാസാക്കിയ ബില്ലിലെ മൂന്നാംഭാഗം നീക്കി. ലോകായുക്തകളെ ലോക്പാല്‍ ബില്ലിന്റെ ഭാഗമാക്കുന്നതായിരുന്നു മൂന്നാംഭാഗം. അതുമാറ്റി ലോകായുക്തകളുടെ സ്ഥാപനത്തിനായി സംസ്ഥാന നിയമസഭകള്‍ പ്രത്യേക നിയമം പാസാക്കണമെന്ന 63-ാം വകുപ്പ് കൂട്ടിച്ചേര്‍ത്തു. ലോക്പാല്‍ നിയമം പാസാക്കി ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാന നിയമസഭകള്‍ നിയമം പാസാക്കി ലോകായുക്തകള്‍ സ്ഥാപിക്കണമെന്നതാണ് 63-ാം വകുപ്പ്. ഇത് അംഗീകരിച്ചു.
രാഷ്ട്രീയ പാര്‍ടികളോട് ആഭിമുഖ്യമുള്ളവരെ ലോകായുക്തയായി നിയമിക്കരുതെന്ന വ്യവസ്ഥ മാറ്റി, രാഷ്ട്രീയ പാര്‍ടികളില്‍ അംഗങ്ങളായവര്‍ക്ക് അയോഗ്യത കല്‍പ്പിക്കുന്ന ഭേദഗതി മന്ത്രിസഭ അംഗീകരിച്ചു. ലോക്പാലിനെ നിയമിക്കുന്നതിന് പേര് നിര്‍ദേശിക്കേണ്ട സമിതിയുടെ ഘടന സംബന്ധിച്ചാണ് മറ്റൊരു ഭേദഗതി. പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കര്‍, ലോക്സഭയിലെ പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രഗത്ഭനായ മറ്റൊരു ജഡ്ജി എന്നിവരാണ് ലോക്പാലിന്റെ പേര് നിര്‍ദേശിക്കേണ്ടത്. ഇതില്‍ പ്രഗത്ഭ ജഡ്ജിയുടെ പേര് പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കര്‍, ലോക്സഭാ പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ രാഷ്ട്രപതിക്ക് മുമ്പാകെ നിര്‍ദേശിക്കണമെന്നാണ് ഭേദഗതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ബോധ്യപ്പെട്ട് അന്വേഷണത്തിന് ഉത്തരവിടുന്നതിനുമുമ്പ് ഉദ്യോഗസ്ഥന്റെ ഭാഗം കേള്‍ക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി. ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അധികാരം ലോക്പാലിനായിരിക്കും. അതിന് ബന്ധപ്പെട്ട വിഭാഗവുമായി ആശയവിനിമയം നടത്തി നിര്‍ദേശങ്ങള്‍ സ്വീകരിക്കണം.
ലോക്പാല്‍ നിര്‍ദേശിക്കുന്ന കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതിന് ലോക്പാലിന്റെ അനുമതി വാങ്ങണമെന്ന സെലക്ട് കമ്മിറ്റിയുടെ ഭേദഗതി ഗവണ്മെന്റ് അംഗീകരിച്ചില്ല. പ്രോസിക്യൂഷന് ഡയറക്ടറേറ്റ് സിബിഐ ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ സ്ഥാപിക്കുക, പ്രോസിക്യൂഷന് ഡയറക്ടറുടെ നിയമനം കേന്ദ്ര വിജിലന്‍സ് കമീഷണറുടെ നിര്ദേശപ്രകാരമായിരിക്കുക, ഗവണ്മെന്റ് അഭിഭാഷകരെക്കൂടാതെ അഭിഭാഷകരുടെ പാനല്‍ സിബിഐ രൂപീകരിക്കുക, ലോക്പാല്‍ നിര്‍ദേശിക്കുന്ന കേസുകള്‍ അന്വേഷിക്കാന്‍ സിബിഐക്ക് മതിയായ ഫണ്ട് നല്‍കുക തുടങ്ങിയ സെലക്ട് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ഗവണ്മെന്റ് അംഗീകരിച്ചു. ഗവണ്മെന്റില്നിന്ന് ഭൂമി കിട്ടിയിട്ടുള്ള ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍, മതസ്ഥാപനങ്ങള്‍, രാഷ്ട്രീയ പാര്‍ടികള്‍ എന്നിവയെ ലോക്പാലിന്റെ പരിധിയില്പെടുത്തില്ല. ഭേദഗതികളോടെയുള്ള ബില്‍ രാജ്യസഭ ബജറ്റ് സമ്മേളനത്തില്‍തന്നെ പരിഗണിക്കും. അതിനുശേഷം ഭേദഗതികള്‍ അംഗീകരിക്കാന്‍ ലോക്സഭയുടെ പരിഗണനയ്ക്കും വരുമെന്ന് പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി വി നാരായണസ്വാമി പറഞ്ഞു.
(വി ജയിന്)
deshabhimani 010213
Labels:
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment