കൊച്ചി: സൂര്യനെല്ലിക്കേസില്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന ഹൈക്കോടതിവിധി വസ്തുതകളും സുപ്രിംകോടതി മാനദണ്ഡങ്ങളും പരിഗണിക്കാതെയായിരുന്നുവെന്ന് നേരത്തെത്തന്നെ വിമര്‍ശം ഉയര്‍ന്നു. 16 വയസ്സ് പൂര്‍ത്തിയാക്കിയ പെണ്‍കുട്ടിക്ക് ലൈംഗികവേഴ്ചയ്ക്ക് സമ്മതം നല്‍കാമെന്നും അതിനാല്‍ സമ്മതത്തോടെയല്ല വേഴ്ചയെന്ന മൊഴി മാത്രം പോര, വേറെ തെളിവും വേണമെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി. പ്രതി ധര്‍മരാജനൊപ്പം പെണ്‍കുട്ടി നാലായിരത്തോളം കിലോമീറ്റര്‍ സഞ്ചരിച്ചുവെന്നും കേരളത്തിനകത്തും പുറത്തും തടസ്സമില്ലാതെ സഞ്ചരിച്ചതിന് പെണ്‍കുട്ടിയുടെ സമ്മതം ഇല്ലായിരുന്നുവെന്നു പറയാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. പ്രതികളല്ലാത്ത പലരോടും കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അവസരം കിട്ടിയിട്ടും രക്ഷപ്പെടാന്‍ ശ്രമിക്കാത്തതും സമ്മതമായി കോടതി കണ്ടു.
എന്നാല്‍, ബലാത്സംഗക്കേസുകളിലെ ഇരയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന സുപ്രീംകോടതി വിധികള്‍ കോടതി കണ്ടതായി തോന്നിയില്ല. ബലാത്സംഗസമയത്ത് മൗനംപാലിക്കുന്നതും പ്രതിയെ തിരിച്ച് ആക്രമിക്കാതിരിക്കുന്നതും സമ്മതമായി കണക്കിലെടുക്കരുതെന്ന സുപ്രീംകോടതി വിധിയും ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചില്ല. ഇരയുടെ മൊഴി വിശ്വസിക്കാന്‍ വേറെ തെളിവു വേണമെന്ന ഹൈക്കോടതിവിധി സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും പരക്കെ വിലയിരുത്തപ്പെട്ടു. ധര്‍മരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സമ്മതമില്ലാതെയാണ് പ്രതികള്‍ ലൈംഗികവേഴ്ച നടത്തിയതെന്നു തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. പെണ്‍കുട്ടിയെ വേശ്യാവൃത്തിക്കുവേണ്ടി കൈമാറുക, പെണ്‍കുട്ടിയെ തട്ടിയെടുത്ത് ലൈംഗികവൃത്തിക്ക് ഉപയോഗിക്കുക എന്നീ കുറ്റങ്ങള്‍ക്കു മാത്രം ധര്‍മരാജനെ ശിക്ഷിച്ച് മറ്റു പ്രതികളെ വിട്ടയക്കുകയാണ് ഹൈക്കോടതി ചെയ്തത്. പെട്ടെന്ന് അനുസരിക്കുന്ന പ്രകൃതമാണ് കുട്ടിയുടേതെന്ന അധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴികള്‍ കണക്കിലെടുക്കാനും ഹൈക്കോടതി കൂട്ടാക്കിയില്ല. വിചാരണ നടന്നത് രണ്ടു കേസുകളിലാണെന്നതും ഒരു കേസിലെ പ്രതികള്‍ക്ക് അനുകൂലമായ മൊഴി മറ്റു പ്രതികളെ വിട്ടയക്കാന്‍ കണക്കിലെടുത്തത് സാങ്കേതിക പിഴവാണെന്ന് സുപ്രീം കോടതിതന്നെ ഇപ്പോള്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്.
(പി പി താജുദ്ദീന്‍)
സര്‍ക്കാര്‍ അഭിഭാഷകര്‍ വിമര്‍ശിക്കപ്പെടുന്നു
തലശേരി: സൂര്യനെല്ലിക്കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍, ഇരിട്ടി വയത്തൂരില്‍ ബംഗാളി പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ക്ക് ജാമ്യത്തിലിറങ്ങാന്‍ സൗകര്യമൊരുക്കിയ സര്‍ക്കാര്‍ അഭിഭാഷകരുടെ നിലപാടും നിയമവൃത്തങ്ങളില്‍ ചര്‍ച്ചയാവുന്നു. വയത്തൂര്‍ പുഴയോരത്തും ലോറിയിലും പതിനാറുകാരിയെ അതിക്രൂരമായി പിച്ചിച്ചീന്തിയവര്‍ക്ക് ജാമ്യത്തിലിറങ്ങി വിലസാന്‍ സൗകര്യമൊരുക്കിയ ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ നടപടിയാണ് വിമര്‍ശിക്കപ്പെടുന്നത്. കാമുകനെതേടി കേരളത്തിലെത്തിയ ബംഗാള്‍ മുര്‍ഷിദാബാദ് കബില്‍പുര്‍ സ്വദേശിനിയാണ് 2011 ഡിസംബര്‍ 24ന് രാത്രി പീഡനത്തിനിരയായത്. കുറ്റപത്രം നല്‍കി വിചാരണ ആരംഭിച്ചില്ലെന്ന കാരണത്താലാണ് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്ന വാദം ഹൈക്കോടതിക്കുമുന്നില്‍ ശക്തമായി അവതരിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതാണ് ജാമ്യത്തിലിറങ്ങാന്‍ പ്രതികളെ സഹായിച്ചത്.
തന്റെ നാട്ടുകാരായ ജെമറൂല, ജാറുല്‍ ഇസ്ലാം എന്നിവര്‍ക്കൊപ്പം വീരാജ്പേട്ടക്കടുത്ത പെരമ്പാടിയില്‍ പോയി മടങ്ങുമ്പോഴാണ് പെണ്‍കുട്ടി പ്രതികളുടെ ചതിയില്‍പെട്ടത്. ഇരിട്ടിയിലേക്ക് പോകാന്‍ ലോറിയില്‍ കയറിയ പെണ്‍കുട്ടിയെ വയത്തൂരിലെ പുഴക്കരയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഒപ്പമുണ്ടായവരെ മര്‍ദിച്ചവശരാക്കിയശേഷമായിരുന്നു കൊടുംക്രൂരത. ലോറിയില്‍വച്ചും പീഡനമുണ്ടായി. ലോറി ഉടമ ഉളിക്കല്‍ വയത്തൂരിലെ പ്ലാത്തോട്ടത്തില്‍ ബിജു, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് സാലിഹ്, മണിപ്പാറ നുച്ചിയാട് എന്‍ ഐ ജംഷീര്‍ എന്നിവരാണ് പ്രതികള്‍. ഡല്‍ഹി പീഡനത്തേക്കാള്‍ വലിയ ദുരന്തമാണ് ബംഗാളി പെണ്‍കുട്ടിക്ക് കേരളത്തില്‍ നേരിടേണ്ടിവന്നത്. കൃത്യം നടന്ന് ഒരുവര്‍ഷം പിന്നിടുമ്പോഴും അപരിചിതരെ കാണുമ്പോള്‍ നിലവിളിക്കുകയാണ് പെണ്‍കുട്ടി. ഇതിനിടയിലാണ് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രാഷ്ട്രീയമായും സാമ്പത്തികമായും സ്വാധീനമുള്ള പ്രതികള്‍ ജാമ്യത്തിലിറങ്ങിയ സാഹചര്യത്തില്‍ സാക്ഷികള്‍ ഉള്‍പ്പെടെയുള്ളവരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ സെഷന്‍സ് കോടതിയില്‍ ബോധിപ്പിച്ചതാണ്. ജാമ്യത്തിലിറങ്ങാന്‍ സഹായകമായ നിലപാടെടുത്ത ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ നടപടിയാണിവിടെ വിമര്‍ശിക്കപ്പെടുന്നത്.
വിധിയില്‍ സന്തോഷം
കോട്ടയം: സൂര്യനെല്ലിക്കേസില്‍ പ്രതികളെ വെറുതെവിട്ട നടപടി റദ്ദാക്കിയ സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഇരയായ പെണ്‍കുട്ടി പറഞ്ഞു. സഹായിച്ചവരോടെല്ലാം നന്ദിയും കടപ്പാടുമുണ്ട്. വിധി വരുമ്പോള്‍ കോട്ടയത്തെ വാണിജ്യനികുതിവകുപ്പ് ഓഫീസില്‍ ജോലിയിലായിരുന്നു ഇവര്‍.
ഹൈക്കോടതിയില്‍ കേസ് ഫലപ്രദമായി കൈകാര്യം ചെയ്യണം: കെ കെ ശൈലജ
കണ്ണൂര്‍: സൂര്യനെല്ലിക്കേസിലെ മുഴുവന്‍ കുറ്റവാളികളും ശിക്ഷിക്കപ്പെടുന്ന നിലയില്‍ ഇനിയെങ്കിലും ഹൈക്കോടതിയില്‍ കേസ് കൈകാര്യംചെയ്യണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ ആവശ്യപ്പെട്ടു. നേരത്തെ രാഷ്ട്രീയ സ്വാധീനത്തിന്റെ ഫലമായി കേസില്‍നിന്ന് രക്ഷപ്പെട്ട കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനടക്കമുള്ള ഉന്നതരുടെ പങ്കും അന്വേഷിക്കണമെന്നും ശൈലജ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
35 പ്രതികളെയും വിട്ടയച്ച ഹൈക്കോടതി വിധി റദ്ദാക്കുക മാത്രമല്ല, ആ വിധി ഞെട്ടിക്കുന്നതാണെന്നും സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ തികഞ്ഞ അനാസ്ഥ കാണിച്ചിട്ടും ഇത്തരമൊരു വിധിയുണ്ടായതില്‍ മഹിളാ അസോസിയേഷന്റെ ജാഗ്രതയും ഫലപ്രദമായ ഇടപെടലുമുണ്ട്. അസോസിയേഷന്റെ അഭിഭാഷകരായ വി ഗിരിയും വി കെ ബിജുവുമാണ് എട്ടുവര്‍ഷം വൈകിയ കേസ് വേഗത്തില്‍ എടുപ്പിച്ച് അസാധാരണ വിധിപ്രസ്താവത്തിന് സാഹചര്യമൊരുക്കിയത്. യുഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒളിച്ചുകളിച്ചു. അടുത്തിടെയാണ് പ്രത്യേക അഭിഭാഷകനെപ്പോലും നിയോഗിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി 42 പേര്‍ 40 ദിവസം പീഡിപ്പിച്ച സംഭവം കേരളീയ മനഃസാക്ഷിയെ നടുക്കിയതാണ്. കേസ് ഫലപ്രദമായി അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിന് പ്രത്യേകാന്വേഷണസംഘത്തെ നിയോഗിച്ച നായനാര്‍ സര്‍ക്കാര്‍ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സ്ത്രീപീഡനക്കേസ് വിചാരണചെയ്യാന്‍ പ്രത്യേക കോടതിക്കും രൂപം നല്‍കി. പ്രത്യേക കോടതി 35 പ്രതികളെ ശിക്ഷിച്ചു. അപ്പീലില്‍ ഹൈക്കോടതിയില്‍നിന്നുണ്ടായ വിധി തീര്‍ത്തും ദൗര്‍ഭാഗ്യകരമായിരുന്നു. പ്രതിഭാഗം അഭിഭാഷകരുടെ വാദം കേട്ട് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന നിഗമനത്തിലെത്തിയ ഹൈക്കോടതി, 40 ദിവസത്തിനിടെ എന്തുകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്ന ചോദ്യവും ചോദിച്ചു. കേരളീയ സമൂഹത്തെ ഞെട്ടിച്ച ഹൈക്കോടതിവിധിയെ അതേ ഗൗരവത്തോടെ കാണാന്‍ സുപ്രീംകോടതി തയ്യാറായെന്നത് പ്രതീക്ഷ നല്‍കുന്നു. നീതിപീഠങ്ങളുടെ വിവേചനാധികാരം ഇരകള്‍ക്ക് നീതിയും പരിഗണനയും നല്‍കുന്നതാകണം. പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ലഭ്യമാക്കാന്‍ അസോസിയേഷന്‍ തുടര്‍ന്നും സാധ്യമായതെല്ലാം ചെയ്യും. ഹൈക്കോടതിയിലും അസോസിയേഷന്റെ അഭിഭാഷകരുണ്ടാകും. പെണ്‍കുട്ടിയെയും കുടുംബത്തെയും തുടര്‍ന്നും മാനസികമായി പീഡിപ്പിക്കാനും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കാനുമാണ് പണാപഹരണക്കേസില്‍പ്പെടുത്തിയതെന്നും ശൈലജ പറഞ്ഞു. അസോസിയേഷന്‍ നേതാക്കളായ കെ വി ഉഷ, ടി ഗീത, കെ പുഷ്പ, കെ വത്സല എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സുപ്രീം കോടതി വിധി സ്വാഗതാര്‍ഹം: വി എസ്
തിരു: സൂര്യനെല്ലി കേസിലെ സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. വൈകിയാണെങ്കിലും നീതി നടപ്പാകുന്നത് ചാരിതാര്‍ഥ്യജനകമാണ്. കേസ് സമയബന്ധിതമായി വിചാരണചെയ്ത് തീര്‍പ്പുകല്‍പ്പിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം പ്രസക്തമാണ്. പല കാരണങ്ങള്‍ പറഞ്ഞ് കേസ് നീട്ടിക്കൊണ്ടുപോകാനുള്ള പ്രതികളുടെയും ഇപ്പോഴത്തെ പ്രോസിക്യൂഷന്‍ ഭാഗമായ സംസ്ഥാന സര്‍ക്കാരിന്റെയും ശ്രമത്തിനുള്ള തിരിച്ചടിയാണിത്. സുപ്രീംകോടതിയുടെ ഈ ദിശയിലുള്ള ഇടപെടല്‍ ആശ്വാസകരമാണ്. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് ഉള്‍പ്പെടെയുള്ള മറ്റു പീഡനക്കേസുകളിലും അല്‍പ്പം വൈകിയാണെങ്കിലും നീതി നടപ്പാകുമെന്ന് പ്രതീക്ഷിക്കാം. കേസ് വൈകിപ്പിച്ചും സത്യം വെളിപ്പെടുത്തുന്നവരെ ഭീഷണിപ്പെടുത്തിയും കള്ളക്കേസില്‍ കുടുക്കിയും രക്ഷപ്പെടാമെന്നു കരുതുന്ന പ്രബലരായ പ്രതികള്‍ക്ക് ഇതൊരു പാഠമാകണം. സൂര്യനെല്ലി കേസില്‍ മറ്റു ചില ഉന്നതര്‍കൂടി പ്രതികളാണെന്ന് ഇരയായ പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുള്ളതാണ്. അതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണ്. ഇത്തരം കേസുകളില്‍ നീതിക്കായുള്ള പോരാട്ടം തുടരുകതന്നെ ചെയ്യും- വി എസ് പ്രസ്താവനയില്‍ പറഞ്ഞു.
പെണ്‍സമൂഹത്തിന് ജീവശ്വാസം നല്‍കുന്ന വിധി: പി കെ ശ്രീമതി
കണ്ണൂര്‍: പെണ്‍സമൂഹത്തിന് ജീവശ്വാസം നല്‍കുന്നതാണ് സൂര്യനെല്ലി പീഡനക്കേസില്‍ സുപ്രീംകോടതിയുടെ ഇടപെടലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. നീതിനിഷേധത്തിന്റെ ഇരുട്ടില്‍ പ്രതീക്ഷയുടെ വെളിച്ചം നല്‍കുന്നതാണ് സുപ്രീംകോടതി വിധി. എട്ടുവര്‍ഷംമുമ്പ് നല്‍കിയ പരാതിയില്‍ വൈകിയെത്തിയ നീതിയാണിത്. രാജ്യം മുഴുവന്‍ കാത്തിരുന്ന വിധിയാണിത്. പെണ്‍കുട്ടികളെ പിച്ചിച്ചീന്തുന്ന എല്ലാവര്‍ക്കും ഇത് പാഠമാവണമെന്നും ശ്രീമതി പറഞ്ഞു.
one more news
സൂര്യനെല്ലി കേസിലെ ഇര ചോദിക്കുന്നു; ഞങ്ങളെങ്ങനെ ജീവിക്കും
കോട്ടയം: "എന്റെയും വീട്ടിലുള്ളവരുടെയും ജീവിതം പിച്ചിച്ചീന്തി. ഭാവിയെന്തെന്ന് എത്തും പിടിയുമില്ല. ഞങ്ങളെ ഇങ്ങനെയാക്കിയവര്‍ എനിക്കുള്ള ജോലിയും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്്. നിരപരാധിയായ എന്നെ പണാപഹരണക്കേസില്‍ കുടുക്കി. ജോലി പോകുമെന്ന് "സാറു"മ്മാര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ ഭയന്ന് പണം അടച്ചു. അന്ന് സ്ഥലം മാറ്റി. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇതെല്ലാം ശത്രുക്കള്‍ക്ക് വേണ്ടിയാണ്"... നിറകണ്ണുകളോടെ സൂര്യനെല്ലി കേസിലെ ഇര പറയുന്നു. ഇവരുടെ പ്യൂണ്‍ ജോലി ഇല്ലാതായിട്ട് ശനിയാഴ്ച ഒരു മാസമാകുന്നു.
"ഒന്നിടവിട്ട ശനിയാഴ്ച്ചകളില്‍ സ്റ്റേഷനിലെത്തി ഒപ്പിടണം. പൊലീസുകാര്‍ തോന്നുതെല്ലാം ചോദിക്കും. ചിലതിന് മറുപടി എഴുതി വാങ്ങും. എങ്ങനെയിനി ജീവിതം മുന്നോട്ടു കൊണ്ടുപോകും എന്നറിയില്ല." അച്ഛനും അമ്മയും വെളിപ്പെടുത്തുന്നു. പണാപഹരണ കേസില്‍ അറസ്റ്റിലായശേഷം ഈ കുടുംബം മാധ്യമങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയായിരുന്നു. ആദ്യമായി ഇവര്‍ തങ്ങളുടെ രണ്ടാം പീഡന കഥ "ദേശാഭിമാനി"യോട് വെളിപ്പെടുത്തി. വീണ്ടും എല്ലാവരുടെയും പിന്തുണയോടെ മറ്റൊരു പേരാട്ടത്തിനൊരുങ്ങുകയാണ് കുടുംബം. ആദ്യ പടിയായി പണാപഹരണ കേസില്‍ വീണ്ടും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും മഹിളാ സംഘടനകള്‍ക്കും തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥകള്‍ സംബന്ധിച്ച് പരാതി കൈമാറും. ചങ്ങനാശ്ശേരി വാണിജ്യ നികുതി ഓഫീസില്‍ ജോലിനോക്കവെ പല ഘട്ടങ്ങളിലായി 2,26,006 രൂപയുടെ തിരിമറി നടത്തിയെന്നാണ് കേസ്. കേസില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ സമയത്ത് വാണിജ്യ നികുതി വകുപ്പ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ നാലിന് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. ആദ്യ ഘട്ടത്തില്‍ കുറ്റക്കാരായി കണ്ടെത്തിയ മൂന്നുപേരെ കേസില്‍ നിന്ന് ഒഴിവാക്കി. ഓഫീസിലേക്ക് പോകും വഴി ഫെബ്രുവരി ആറിന് സൂര്യനെല്ലി കേസിലെ ഇരയെ മാത്രം അറസ്റ്റ് ചെയ്തു. 18 വരെ ജയിലിലടച്ചു. ജയിലില്‍ കിടന്നതിന്റെ പേരില്‍ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പുതിയ കേസില്‍ കുടുക്കി വകുപ്പുതല അന്വേഷണത്തിലൂടെ ജോലി തന്നെ ഇല്ലാതാക്കാന്‍ നീക്കങ്ങള്‍ തുടങ്ങിയതായാണ് സൂചന. വകുപ്പിലെ ജോയിന്റ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം ഫെബ്രുവരി 10 മുതല്‍ പെണ്‍കുട്ടി സസ്പെന്‍ഷനിലാണ്. പീഡനത്തിനിരയായി ഭാവി ഇരുളടഞ്ഞ കുട്ടിക്ക് ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരാണ് ജോലി നല്‍കിയത്.
സൂര്യനെല്ലി കേസിന്റെ അന്തിമ വിധി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ കേസിലെ ഇരക്കെതിരെ പുതിയ കേസ് വരുത്തി സുപ്രീം കോടതിയില്‍ പ്രതികള്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കുകയാണ് ആസൂത്രകരുടെ ലക്ഷ്യം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ കേസിനെക്കുറിച്ച് വ്യാഴാഴ്ച നിയമസഭയില്‍ പറഞ്ഞതും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്. നഷ്ടപ്പെട്ട പണത്തിന് ഉന്നത ഉദ്യേഗസ്ഥരടക്കം നാലുപേര്‍ ഉത്തരവാദികളാണെന്നാണ് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയത്. അവരെ അന്ന് സ്ഥലംമാറ്റുകയും വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാരിനോട് വകുപ്പ് ശുപാര്‍ശ ചെയ്യുകയുംചെയ്തിരുന്നു. കേസ് പൊടുന്നനെ ക്രൈബ്രാഞ്ചിന് കൈമാറിയത് ഉമ്മന്‍ചാണ്ടിയാണ്. കേസ് അന്വേഷണത്തിന് നിയോഗിക്കപ്പെട്ടത് പ്രതികളുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥനാണെന്ന വിവരവും പുറത്തായി. രണ്ടു വര്‍ഷം മുമ്പ് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ അച്ഛനും ഒരു വര്‍ഷം മുമ്പ് ആന്‍ജിയോപ്ലാസ്റ്റിന്് വിധേയയായ അമ്മയുമാണ് സൂര്യനെല്ലികേസിലെ ഇരയ്ക്ക് കൂട്ട്.
(എസ് മനോജ്)
deshabhimani
No comments:
Post a Comment