Saturday, February 9, 2013

ജാഥകളെ വരവേല്‍ക്കാന്‍ രാജ്യമെങ്ങും ഒരുക്കം


 രാജ്യത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്ന സിപിഐ എം രാഷ്ട്രീയപ്രചാരണജാഥകള്‍ വിജയിപ്പിക്കാന്‍ വന്‍ ഒരുക്കം. ഫെബ്രുവരി 25നും മാര്‍ച്ച് ആദ്യവാരവുമായി തുടങ്ങുന്ന അഖിലേന്ത്യാ ജാഥകള്‍ മാര്‍ച്ച് 19ന് ഡല്‍ഹിയില്‍ സംഗമിക്കും. രാജ്യത്തിന്റെ എല്ലാ ദിക്കുകളിലും സമരസന്ദേശമെത്തിക്കുന്ന നാല് പ്രധാന ജാഥയും അവയില്‍ ചേരുന്ന നിരവധി ഉപജാഥകളും സമാപനംകുറിച്ച് മാര്‍ച്ച് 19ന് ഡല്‍ഹിയില്‍ നടക്കുന്ന വന്‍റാലിയും ചരിത്രസംഭവമാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. ഭൂമി, ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീകള്‍ക്ക് സുരക്ഷ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള വമ്പിച്ച പ്രക്ഷോഭത്തിന്റെ മുന്നോടിയായാണ് ജാഥകളും ഡല്‍ഹി റാലിയും. ഡല്‍ഹി റാലിയില്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് പങ്കെടുക്കുക. ഒരു ലക്ഷത്തിലധികംപേര്‍ അണിനിരക്കുന്ന റാലി യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും നടപടികള്‍ക്കുമുള്ള ശക്തമായ താക്കീതാവും.

രണ്ട് ദീര്‍ഘമായ ജാഥകള്‍ സംഗമിക്കുന്ന മധ്യപ്രദേശില്‍ സ്വീകരണ പരിപാടികള്‍ വന്‍ വിജയമാക്കാനുള്ള കഠിന പരിശ്രമമാണ് നടക്കുന്നത്. ഭോപാലില്‍ ചേര്‍ന്ന സിപിഐ എം സംസ്ഥാന കമ്മിറ്റി ഒരുക്കങ്ങള്‍ വിലയിരുത്തി. കന്യാകുമാരിയില്‍നിന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന ജാഥയും മുംബൈയില്‍നിന്ന് പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി നയിക്കുന്ന ജാഥയുമാണ് മധ്യപ്രദേശിലൂടെ സഞ്ചരിക്കുക. 25ന് ആരംഭിക്കുന്ന കന്യാകുമാരി ജാഥ മധ്യപ്രദേശിലെ വാര്‍ധ, നാഗ്പുര്‍, ഹോഷംഗാബാദ്, നര്‍സിംഗപുര്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് ഭോപാലിലെത്തുക. മുംബൈ ജാഥ ബര്‍വാനി, ഖര്‍ഗാവോണ്‍, പിതംപുര്‍, ഇന്‍ഡോര്‍, ദേവാസ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഭോപാലിലെത്തും. അവിടെനിന്ന് ഗ്വാളിയര്‍, ആഗ്ര വഴി സംയുക്തമായാണ് ഡല്‍ഹിയിലേക്ക് രണ്ട് ജാഥയും എത്തുക. മധ്യപ്രദേശിന്റെ തെക്കും വടക്കും പടിഞ്ഞാറും ഭാഗങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലൂടെ ജാഥ സഞ്ചരിക്കും. കൊല്‍ക്കത്തയില്‍നിന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള ജാഥ പശ്ചിമബംഗാളിനു പുറമെ ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും പര്യടനം നടത്തിയായിരിക്കും ഡല്‍ഹിയിലെത്തുക. അമൃത്സറില്‍നിന്ന് പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് നയിക്കുന്ന ജാഥ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഡല്‍ഹിയിലെത്തുക.
(വി ജയിന്‍)

deshabhimani 090213

No comments:

Post a Comment