ജില്ലാ ബാങ്കുകളില്‍ ജനാധിപത്യം അട്ടിമറിച്ച് വളഞ്ഞവഴിയിലൂടെ അധികാരം സ്ഥാപിക്കാനുള്ള യുഡിഎഫ് നീക്കം കോടതി കയറുന്നു. കോടതിവിധി കാറ്റില്‍പറത്തി സംഘങ്ങളില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയും വ്യാജവോട്ടുകള്‍ ചേര്‍ത്തും വോട്ടര്‍പട്ടിക എല്‍ഡിഎഫിന് നല്‍കാതെയുമാണ് പലയിടത്തും തെരഞ്ഞെടുപ്പ്. തിരുവനന്തപുരം ജില്ലാസഹകരണബാങ്ക് വോട്ടര്‍പട്ടികയില്‍ നാനൂറോളം വ്യാജവോട്ടാണ് ചേര്‍ത്തത്. മുന്നൂറില്‍പ്പരം സഹകരണ സംഘങ്ങളില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുഡിഎഫ് നേരത്തെ തുടങ്ങിയിരുന്നു. കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കളെയാണ് അഡ്മിനിസ്ട്രേറ്റര്‍മാരായി നിയമിച്ചത്. റിട്ടേണിങ് ഓഫീസറും യുഡിഎഫിന്റെ അട്ടിമറിക്ക് കൂട്ടുനിന്നു. കോട്ടയം ജില്ലാ സഹകരണബാങ്ക് പിടിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം പുതുതായി അംഗീകാരം കൊടുത്തത് 424 സംഘത്തിന്. ഇവയൊന്നും പ്രവര്‍ത്തിക്കുന്നവയല്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജില്ലാ ബാങ്ക് തെരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉണ്ടായിരുന്നത് 390 സഹകരണ സംഘങ്ങള്‍ക്ക് മാത്രമാണ്. അതാണ് 814 ആയി ഉയര്‍ത്തിയത്. അഡ്മിനിസ്ട്രേറ്റര്‍ അംഗങ്ങളെ ചേര്‍ക്കരുതെന്ന് വ്യക്തമായ നിയമമുണ്ടായിട്ടും എറണാകുളം ജില്ലാ ബാങ്കിനു കീഴില്‍ അഡ്മിനിസ്ട്രേറ്റര്‍ കൃത്രിമമായി ചേര്‍ത്തത് ഏകദേശം 170 വോട്ട്. 25 വര്‍ഷമായി ഒരു പ്രവര്‍ത്തനവും നടത്താത്ത പിറവത്തെ ഒരു വനിതാ സംഘത്തിലെ പ്രതിനിധികള്‍ക്കുപോലും അംഗത്വം നല്‍കി.
പാലക്കാട്ട് ജനുവരി ഏഴിന് ചേര്‍ന്ന ജനറല്‍ബോഡി തീരുമാനത്തിന്റെ മിനിട്സ് തിരുത്തിയാണ് ജില്ലാബാങ്കിന്റെ അട്ടിമറിപ്രവര്‍ത്തനം തുടങ്ങിയത്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന, എല്‍ഡിഎഫ് ഭരിച്ച 71 സംഘങ്ങളെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കി. കോണ്‍ഗ്രസ് ഓഫീസില്‍നിന്ന് നല്‍കുന്ന ലിസ്റ്റ് അനുസരിച്ച് സംഘങ്ങളില്‍ അംഗംപോലുമല്ലാത്തവര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍ വോട്ടവകാശം നല്‍കുകയാണ്. തൃശൂരില്‍ സ്ഥാനാര്‍ഥികള്‍ക്ക് നല്‍കേണ്ട വോട്ടര്‍പട്ടിക വെള്ളിയാഴ്ചയും നല്‍കിയില്ല. സ്ഥാനാര്‍ഥികള്‍ ജില്ലാ ബാങ്ക് ആസ്ഥാനത്ത് എത്തിയെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആരും വന്നില്ല. പട്ടിക നല്‍കാന്‍ കഴിയില്ലെന്ന ജനറല്‍ മാനേജരുടെയും അഡ്മിനിസ്ട്രേറ്ററുടെയും നിലപാടില്‍ പ്രതിഷേധിച്ച് സ്ഥാനാര്‍ഥികള്‍ കുത്തിയിരിപ്പ് സമരം നടത്തി. വയനാട് ജില്ലയില്‍ ആകെ 241 സംഘങ്ങള്‍ക്കാണ് വോട്ടവകാശം. ഇതില്‍ നൂറിലധികം കടലാസ് സംഘങ്ങളാണ്. ഇവയ്ക്ക് ഓഫീസോ ഭരണസമിതിയോ ഇല്ല. വോട്ട് ചെയ്യാനാവശ്യമായ പ്രതിനിധിപത്രം ഈ സംഘങ്ങള്‍ക്ക് മുഴുവന്‍ നല്‍കാന്‍ സാധിച്ചില്ല. ആകെ 185 സംഘങ്ങളാണ് പ്രതിനിധിപത്രം പൂരിപ്പിച്ച് തിരികെ നല്‍കിയത്. കോഴിക്കോട്ട് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജില്ലാബാങ്കില്‍ അംഗങ്ങള്‍പോലുമല്ലാത്ത ഇരുനൂറിലേറെ കടലാസ് സംഘങ്ങളെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി. യഥാര്‍ഥത്തില്‍ 374 സംഘങ്ങള്‍ക്കുമാത്രമാണ് വോട്ടവകാശത്തിന് അര്‍ഹത. എന്നാല്‍, ഇരുനൂറിലേറെ യുഡിഎഫ് സംഘങ്ങളെ കോടതി ഉത്തരവിന്റെ മറവില്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി സംഘങ്ങളുടെ എണ്ണം 593 ആക്കി.
കണ്ണൂര്‍ ജില്ലാ ബാങ്കില്‍ അന്തിമ വോട്ടര്‍പട്ടിക പ്രകാരം 1267 സംഘങ്ങള്‍ക്കാണ് വോട്ടവകാശം. ഇതില്‍ 505ഉം നിയമപ്രകാരം വോട്ടവകാശമില്ലാത്തവയാണ്. പ്രവര്‍ത്തനരഹിതവും ലിക്വിഡേറ്റ് ചെയ്തതും രജിസ്ട്രേഷന്‍ റദ്ദാക്കപ്പെട്ടതും ജില്ലാ ബാങ്ക് ഓഹരിസംഖ്യ തിരികെ നല്‍കിയതുമായ സംഘങ്ങളാണിവ. 203 എണ്ണം ലിക്വിഡേറ്റ് ചെയ്യപ്പെട്ടവയാണ്. കാസര്‍കോട് ജില്ലാ ബാങ്കില്‍ 451 സംഘങ്ങള്‍ക്കാണ് വോട്ടുള്ളത്. ഇതില്‍ 106 എണ്ണം വ്യാജ സംഘങ്ങളാണ്. നിരവധി വര്‍ഷംമുമ്പേ പ്രവര്‍ത്തനം നിര്‍ത്തിയതും ലിക്വിഡേറ്റ്ചെയ്തതുമായ സംഘങ്ങളില്‍ അഡ്മിനിസ്ട്രേറ്റര്‍മാരെ നിയമിച്ചാണ് വ്യാജസംഘങ്ങളുണ്ടാക്കിയത്. എല്‍ഡിഎഫ് ഭരണകാലത്ത് 65 വായ്പാസംഘങ്ങള്‍ക്കേ വോട്ടുണ്ടായിരുന്നുള്ളൂ. യുഡിഎഫ്- ബിജെപി മുന്നണിയും എല്‍ഡിഎഫും തമ്മിലാണ് മത്സരം. എല്‍ഡിഎഫില്‍ സിപിഐ എം 12 സീറ്റിലും സിപിഐ രണ്ടു സീറ്റിലും മത്സരിക്കുന്നു. യുഡിഎഫ്- ബിജെപി മുന്നണിയില്‍ കോണ്‍ഗ്രസ്- 8, ബിജെപി- 4, ലീഗ്- 1, സിഎംപി- 1 എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്.
deshabhimani 090213
No comments:
Post a Comment