Saturday, May 21, 2011

ആര്‍എംഎസുകളുടെ എണ്ണം അഞ്ചിലൊന്നാക്കുന്നു

തപാല്‍മേഖലയിലെ സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി രാജ്യത്തെ റെയില്‍വേ മെയില്‍ സര്‍വീസു (ആര്‍എംഎസ്)കളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. ജൂലൈയോടെ ആര്‍എംഎസുകളുടെ എണ്ണം 400ല്‍നിന്ന് 77 ആക്കാനാണ് ലക്ഷ്യമിടുന്നത്. ഏറ്റവും കൂടുതല്‍ ആര്‍എംഎസുകളുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ എണ്ണം 40ല്‍നിന്ന് ആറാകും. റെയില്‍ , റോഡ്, വ്യോമ, ജല പാതകളിലൂടെയുള്ള തപാല്‍ ഉരുപ്പടികള്‍ നിയന്ത്രിക്കുന്ന ആര്‍എംഎസുകള്‍ കാര്യക്ഷമമല്ലാതാകുന്നതോടെ പൊതുജനങ്ങള്‍ക്ക് സ്വകാര്യ കൊറിയര്‍ കമ്പനികളെ ആശ്രയിക്കേണ്ടിവരും. അപേക്ഷ, ഇന്റര്‍വ്യു കാര്‍ഡ് തുടങ്ങിയവയ്ക്ക് തപാല്‍വകുപ്പിനെ ആശ്രയിക്കുന്ന ലക്ഷക്കണക്കിനാളുകളെ പുതിയ തീരുമാനം ദോഷമായി ബാധിക്കും. കംപ്യൂട്ടറും ഇന്റര്‍നെറ്റ് സംവിധാനവും ലഭ്യമല്ലാത്ത ഗ്രാമീണമേഖലയിലാണ് പ്രശ്നം രൂക്ഷമാവുക.

ഇന്ത്യയിലെ തപാല്‍മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച മെക്കന്‍സി കമ്പനിയുടെ നിര്‍ദേശപ്രകാരമാണ് ആര്‍എംഎസ് സംവിധാനം അഴിച്ചുപണിയുന്നത്. ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ നിര്‍ദേശങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുകവഴി രാജ്യത്തെ തപാല്‍മേഖലയെ കൈയൊഴിഞ്ഞ് സ്വകാര്യകൊറിയര്‍ കമ്പനികള്‍ക്ക് സഹായം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. ശേഷിക്കുന്ന ആര്‍എംഎസുകളെ തരംതിരിക്കല്‍ കേന്ദ്രങ്ങള്‍ (സോര്‍ട്ടിങ് ഹബ്) ആക്കാനാണ് നിര്‍ദേശം. ആര്‍എംഎസ് എന്നതിനുപകരം മെയില്‍ ബിസിനസ് സെന്റര്‍ (എംബിസി) എന്നാവും ഇവ അറിയപ്പെടുക.

കേരളത്തിലെ എല്ലാ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും ചില പ്രധാന കേന്ദ്രങ്ങളിലും ആര്‍എംഎസ് ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇനിമുതല്‍ തിരുവനന്തപുരം, തിരുവല്ല, കോട്ടയം, എറണാകുളം, തൃശൂര്‍ , കോഴിക്കോട് എന്നിവിടങ്ങളില്‍ മാത്രമാണ് പരിഷ്കരിച്ച രൂപമായ എംബിസി പ്രവര്‍ത്തിക്കുക. കൊല്ലം, കായംകുളം, തൊടുപുഴ, കണ്ണൂര്‍ , ആലപ്പുഴ, ആലുവ, ചാലക്കുടി, ഷൊര്‍ണൂര്‍ തുടങ്ങി 34 സ്ഥലങ്ങളില്‍നിന്ന് ആര്‍എംഎസ് അപ്രത്യക്ഷമാകും. ട്രെയിന്‍വഴിയുള്ള തപാല്‍ ഉരുപ്പടികളുടെ നീക്കം പൂര്‍ണമായും നിര്‍ത്താനും പദ്ധതിയുണ്ട്.
താരതമ്യേന ചെലവു കുറഞ്ഞതും വേഗമുള്ളതുമായ ട്രെയിന്‍വഴിയുള്ള ചരക്കുനീക്കം ഉപേക്ഷിച്ച് റോഡ്മാര്‍ഗമുള്ളതിനെ പ്രോത്സാഹിപ്പിക്കുന്നതിലും ദുരൂഹതയുണ്ട്. മുഴുവന്‍ തപാല്‍ ഉരുപ്പടികളും കൈകാര്യംചെയ്യാന്‍ ആവശ്യമായ വാഹനങ്ങള്‍ സ്വന്തമായി ഇല്ലാത്ത തപാല്‍വകുപ്പിന് സ്വകാര്യവാഹനങ്ങളെ ആശ്രയിക്കേണ്ടിവരും. ഇവിടെ സോര്‍ട്ടിങ് അസിസ്റ്റന്റ് തസ്തികയില്‍ രണ്ടുവര്‍ഷം കൂടുമ്പോള്‍ നിയമനം നടക്കുന്നുണ്ട്. ആര്‍എംഎസുകള്‍ വെട്ടിക്കുറയ്ക്കുന്നത് ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് ഇരുട്ടടിയാകും. തപാല്‍ സ്വകാര്യവല്‍ക്കരണത്തിന്റെ ആദ്യപടിയായി രാജ്യത്തെ 9797 പോസ്റ്റ് ഓഫീസുകള്‍ നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. തപാല്‍മേഖലയുടെ പരിഷ്കരണം ലക്ഷ്യമിടുന്ന പോസ്റ്റല്‍ ആന്‍ഡ് കൊറിയര്‍ സര്‍വീസ് ബില്‍ 2010 പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ അവതരിപ്പിക്കും. ബില്‍ നിയമമാകുന്നതോടെ തപാല്‍മേഖലയുടെ തകര്‍ച്ച പൂര്‍ണമാകുമെന്ന് ജീവനക്കാരും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

deshabhimani 210511

2 comments:

  1. തപാല്‍മേഖലയിലെ സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി രാജ്യത്തെ റെയില്‍വേ മെയില്‍ സര്‍വീസു (ആര്‍എംഎസ്)കളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. ജൂലൈയോടെ ആര്‍എംഎസുകളുടെ എണ്ണം 400ല്‍നിന്ന് 77 ആക്കാനാണ് ലക്ഷ്യമിടുന്നത്. ഏറ്റവും കൂടുതല്‍ ആര്‍എംഎസുകളുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ എണ്ണം 40ല്‍നിന്ന് ആറാകും. റെയില്‍ , റോഡ്, വ്യോമ, ജല പാതകളിലൂടെയുള്ള തപാല്‍ ഉരുപ്പടികള്‍ നിയന്ത്രിക്കുന്ന ആര്‍എംഎസുകള്‍ കാര്യക്ഷമമല്ലാതാകുന്നതോടെ പൊതുജനങ്ങള്‍ക്ക് സ്വകാര്യ കൊറിയര്‍ കമ്പനികളെ ആശ്രയിക്കേണ്ടിവരും. അപേക്ഷ, ഇന്റര്‍വ്യു കാര്‍ഡ് തുടങ്ങിയവയ്ക്ക് തപാല്‍വകുപ്പിനെ ആശ്രയിക്കുന്ന ലക്ഷക്കണക്കിനാളുകളെ പുതിയ തീരുമാനം ദോഷമായി ബാധിക്കും. കംപ്യൂട്ടറും ഇന്റര്‍നെറ്റ് സംവിധാനവും ലഭ്യമല്ലാത്ത ഗ്രാമീണമേഖലയിലാണ് പ്രശ്നം രൂക്ഷമാവുക.

    ReplyDelete
  2. അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള തപാലോഫീസുകള്‍ നിര്‍ത്തലാക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ചങ്ങനാശേരി നഗരത്തിലെ നാല് തപാലാഫീസുകള്‍ ഇല്ലാതാക്കും. പെരുന്ന എന്‍എസ്എസ് കോളേജ് പോസ്റ്റോഫീസ്, ഫാത്തിമാപുരം പോസ്റ്റോഫീസ്, മാര്‍ക്കറ്റ് പോസ്റ്റോഫീസ് എന്നിവയാണ് വിസ്മൃതിയിലാകുന്ന തപാലോഫീസുകള്‍ . ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് അഞ്ച് കിലോമീറ്റര്‍ പരിധിയില്‍വരുന്ന പോസ്റ്റോഫീസുകള്‍ക്ക് കേന്ദ്രം ചരമക്കുറുപ്പ് എഴുതുന്നതെങ്കിലും പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ തപാല്‍ ഓഫീസുകളാണ് ഈ തീരുമാനത്തോടെ ഇല്ലാതാകുന്നത്. ഈ തപാലോഫീസുകളിലെ ജീവനക്കാരെ മറ്റ് ഓഫീസുകളിലേക്ക് വിന്യസിക്കുമെങ്കിലും തപാല്‍ മേഖലയില്‍ രൂക്ഷമായ തൊഴില്‍പ്രശ്നങ്ങള്‍ക്കും തീരുമാനം കാരണമാകും. നഗരത്തിലെ ഈ നാല് പോസ്റ്റോഫീസുകളിലും നൂറുകണക്കിനാളുകളാണ് എത്തുന്നത്. മാര്‍ക്കറ്റ്, ഫാത്തിമാപുരം ഓഫീസുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ മികച്ച തപാലോഫീസുകളാക്കി മാറ്റാമെന്നിരിക്കെ കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രദേശവാസികളായ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. എന്‍എസ്എസ് കോളേജ്, എസ്ബി കോളേജ് തപാലോഫീസുകളില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും വലിയതിരക്കാണ്. ഈ പോസ്റ്റോഫീസുകള്‍ നിര്‍ത്തലാക്കുന്നതോടെ നഗരവാസികളുടെ ഏക ആശ്രയമായി മുഖ്യതപാലോഫീസ് മാറും. ഈ പ്രദേശങ്ങളില്‍നിന്ന് നഗരമധ്യത്തിലുള്ള മുഖ്യതപാലോഫീസില്‍ എത്തിച്ചേരണമെങ്കില്‍ അമിത പണച്ചെലവുണ്ടാകുകയും ചെയ്യും. ചുരുക്കത്തില്‍ കേന്ദ്ര തീരുമാനം ജനങ്ങളുടെ പോക്കറ്റ് കാലിയാക്കാന്‍ മാത്രമെ ഉപകരിക്കുകയുള്ളൂ.

    ReplyDelete