Saturday, May 21, 2011

മമത ബാനര്‍ജി അധികാരമേറ്റു

മമത ബാനര്‍ജി അധികാരമേറ്റു

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. പകല്‍ ഒന്നിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എം കെ നാരായണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ബസു എന്നിവരടക്കമുള്ള ഇടതുമുന്നണി നേതാക്കളും പ്രണബ് മുഖര്‍ജി, എ കെ ആന്റണി, പി ചിദംബരം എന്നീ കേന്ദ്രമന്ത്രിമാരുമടക്കം നിരവധി പേര്‍ പങ്കെടുത്തു. മമതയ്ക്കൊപ്പം 33 ക്യാബിനറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരും സ്ഥാനമേറ്റു. കോണ്‍ഗ്രസിനു നല്‍കിയ നാല് സഹമന്ത്രിമാരുടെ സ്ഥാനത്തേക്ക് ആളെ നിശ്ചയിക്കാന്‍ കഴിയാത്തതിനാല്‍ അവരുടെ സത്യപ്രതിജ്ഞ നടന്നില്ല. ക്യാബിനറ്റ് മന്ത്രിമാരില്‍ 31 പേരും തൃണമൂല്‍ കോണ്‍ഗ്രസുകാരാണ്. സിംഗൂരില്‍ ടാറ്റയുടെ നാനോ കാര്‍ ഫാക്ടറിക്കായി ഏറ്റെടുത്ത 997 ഏക്കര്‍ ഭൂമിയില്‍ 400 ഏക്കര്‍ ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കാന്‍ ആദ്യ മന്ത്രിസഭ യോഗം തീരുമാനിച്ചു.
(വി ജയിന്‍)

ഇടതുപക്ഷം തിരുത്തിയത് തെറ്റായ കീഴ്വഴക്കം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നാലുദശകത്തെ രാഷ്ട്രീയചരിത്രം തിരുത്തി ഇടതുപക്ഷം പ്രതിപക്ഷമര്യാദ പാലിച്ചതിന് വെള്ളിയാഴ്ച കൊല്‍ക്കത്ത രാജ്ഭവന്‍ സാക്ഷിയായി. 34 വര്‍ഷത്തിനുശേഷം ആദ്യമായി ഇടതുപക്ഷ ഇതര സര്‍ക്കാര്‍ അധികാരത്തിലേറുന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, മുന്‍ മന്ത്രിമാര്‍ , ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസുവും പങ്കെടുത്തപ്പോള്‍ ബഹിഷ്കരണത്തിന്റെ ചരിത്രമാണ് വഴിമാറിയത്.

ഇടതുമുന്നണി അധികാരത്തില്‍വന്ന 1977 മുതല്‍ 2006 വരെ ഏഴുതവണ നടന്ന സത്യപ്രതിജ്ഞാചടങ്ങും പ്രതിപക്ഷമായിരുന്ന&ീമരൗലേ;കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ബഹിഷ്കരിച്ചിരുന്നു. 1977 ജൂണ്‍ 27നാണ് ഇടതുമുന്നണി മന്ത്രിസഭ ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ ആദ്യമായി അധികാരത്തിലെത്തിയത്. അന്ന് സ്ഥാനമൊഴിഞ്ഞ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന സിദ്ധാര്‍ഥ ശങ്കര്‍ റേയും മന്ത്രിസഭാംഗങ്ങളും കോണ്‍ഗ്രസ് നേതാക്കളുമെല്ലാം ചടങ്ങ് ബഹിഷ്കരിച്ചു. പിന്നീട് ആറുതവണയും ഇതാവര്‍ത്തിച്ചു. ബുദ്ധദേവ് ഭട്ടാചാര്യയും ഇടതുമുന്നണി നേതാക്കളും സത്യപ്രതിജ്ഞാചടങ്ങ് ആരംഭിക്കുന്നതിന് 15 മിനിറ്റുമുമ്പ് രാജ്ഭവനിലെത്തി നിയുക്ത മന്ത്രിമാരെ അഭിനന്ദിച്ചു. സത്യപ്രതിജ്ഞാചടങ്ങുമാത്രമല്ല അഞ്ചുവര്‍ഷമായി പ്രധാന പ്രതിപക്ഷമായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എല്ലാ സര്‍ക്കാര്‍പരിപാടിയും ബഹിഷ്കരിച്ചിരുന്നു.

deshabhimani 210511

1 comment:

  1. പശ്ചിമബംഗാളില്‍ നാലുദശകത്തെ രാഷ്ട്രീയചരിത്രം തിരുത്തി ഇടതുപക്ഷം പ്രതിപക്ഷമര്യാദ പാലിച്ചതിന് വെള്ളിയാഴ്ച കൊല്‍ക്കത്ത രാജ്ഭവന്‍ സാക്ഷിയായി. 34 വര്‍ഷത്തിനുശേഷം ആദ്യമായി ഇടതുപക്ഷ ഇതര സര്‍ക്കാര്‍ അധികാരത്തിലേറുന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, മുന്‍ മന്ത്രിമാര്‍ , ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസുവും പങ്കെടുത്തപ്പോള്‍ ബഹിഷ്കരണത്തിന്റെ ചരിത്രമാണ് വഴിമാറിയത്.

    ReplyDelete