Monday, April 23, 2012

തൊഴിലാളികളുടെ മുഖ്യശത്രു ധനമൂലധനം: പ്രൊഫ. രവീന്ദ്രനാഥ്


കോട്ടയം: മുതലാളിത്തം വീണ്ടും പ്രതിസന്ധിയിലായ ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ ലോക തൊഴിലാളി വര്‍ഗത്തിന്റെ മുഖ്യശത്രു ധനമൂലധനമാണെന്ന് പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ പറഞ്ഞു. സിപിഐ എം നേതാവും മുന്‍ മന്ത്രിയുമായ ടി കെ രാമകൃഷ്ണന്റെ ആറാം ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ച് ടി കെ സ്മാരക പഠനകേന്ദ്രം പി കൃഷ്ണപിള്ള ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ "ലോക മുതലാളിത്ത പ്രതിസന്ധിയും മാര്‍ക്സിസത്തിന്റെ സമകാലികപ്രസക്തിയും" എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുതലാളിത്തം 1930കളിലും പിന്നീട് 70കളിലും നേരിട്ട പ്രതിസന്ധികളും അതിന് വലതുപക്ഷ സാമ്പത്തികവിദഗ്ധര്‍ കണ്ടുപിടിച്ച ഒറ്റമൂലികളും വിശദീകരിച്ച് നൊബേല്‍ സമ്മാനജേതാക്കളായ ജെയിംസ് പെട്രാസ്, ജോസഫ് സ്റ്റിഗ്ലിപ്സ്, പോള്‍ ക്രൂപ്മേന്‍ എന്നീ ധനകാര്യ വിദഗ്ധര്‍ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. തുടക്കത്തില്‍ ആഗോളവല്‍ക്കരണത്തെ വാഴ്ത്തിപ്പാടിയ ഇവരില്‍ രണ്ട് പേര്‍ക്ക് പിന്നീട് തിരുത്തിപ്പറയേണ്ടി വന്നു. മുതലാളിത്തത്തെ ആദ്യമായി കാര്യകാരണസഹിതം വിമര്‍ശിക്കുകയും ബദല്‍ സാമ്പത്തികവ്യവസ്ഥ മുന്നോട്ടുവയ്ക്കുകയും ചെയ്ത കാള്‍ മാര്‍ക്സിനെ ഇന്ന് വീണ്ടും പാശ്ചാത്യലോകം ഉള്‍പ്പെടെ ഉറ്റുനോക്കുകയും ആവര്‍ത്തിച്ച് പഠിക്കുകയുമാണ്. ആഡം സ്മിത്ത് മുതല്‍ ജെ എം കെയ്ന്‍സ് വരെയുള്ളവരും ആധുനികകാലഘട്ടത്തില്‍ പാശ്ചാത്യ ഭരണകര്‍ത്താക്കളായ മാര്‍ഗരറ്റ് താച്ചറും റൊണാള്‍ഡ് റീഗനും മുതലാളിത്ത പ്രതിസന്ധി പരിഹരിക്കാന്‍ വ്യത്യസ്ത നിര്‍ദേശങ്ങള്‍ ഉന്നയിച്ചവരാണ്. എന്നാല്‍, ഇവരെല്ലാം ഫലത്തില്‍ കമ്പോളം പരമാവധി സ്വതന്ത്രമാക്കാനും സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാതാക്കാനുമാണ് ശ്രമിച്ചത്. ആഗോളവല്‍ക്കരണമായിരുന്നു ആത്യന്തികഫലം. ഈ തകര്‍ച്ച മാര്‍ക്സ് കാലങ്ങള്‍ക്ക് മുമ്പ് പ്രവചിച്ചതാണ്.

ഇന്നാകട്ടെ ധനമൂലധനത്തിലാണ് മുതലാളിത്തത്തിന്റെ കണ്ണ്. തൊഴിലാളിസാന്ദ്രത കുറഞ്ഞ മേഖലകളിലാണ് ആധുനിക മുതലാളിത്തം നിക്ഷേപിക്കുന്നത്. ഉല്‍പാദന മേഖലകളില്‍ നിന്ന് പിന്‍വാങ്ങുകയാണവര്‍. ഓഹരി വിപണി ഇതിനുദാഹരണം. അതോടെ പഴയ ചരക്കുകളുടെ സ്ഥാനത്ത് ഭൂമിയും അറിവും ജീവനും സ്വര്‍ണവും കുടിവെള്ളവും വായുവും വരെ ചരക്കായി വിപണനം ചെയ്യാമെന്ന നിലവന്നു. മുതലാളിത്തത്തിന്റെ തേരോട്ടം ലോകത്തിന്റെ നൈതികമൂല്യങ്ങളെയും നശിപ്പിച്ചു എന്നതാണ് വാസ്തവം. ഇതില്‍ നിന്ന് കരകയറാന്‍ മാര്‍ക്സിസ്റ്റ് അര്‍ത്ഥഥാസ്ത്രം നന്നായി പഠിക്കണം, വേറേ വഴിയില്ല. പ്രൊഫ. രവീന്ദ്രനാഥ് പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി ആര്‍ ഭാസ്കരന്‍ അധ്യക്ഷനായി. അഡ്വ. കെ അനില്‍കുമാര്‍, ബാബു തോമസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡയറക്ടര്‍ പ്രൊഫ. എം ടി ജോസഫ് സ്വാഗതവും സെക്രട്ടറി എം വി കോര നന്ദിയും പറഞ്ഞു. തിരുക്കൊച്ചിയിലും കേരളത്തിലുമായി പരന്നുകിടക്കുന്ന ടി കെയുടെ സാമൂഹ്യ-രാഷ്ട്രീയ ജീവിതകഥ പറയുന്ന "സ്മരണകളിരമ്പും ടി കെ" ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു.

deshabhimani 230412

No comments:

Post a Comment