Saturday, April 21, 2012

യൂത്ത് കോണ്‍ഗ്രസ്സിന്റേത് ടിന്റുമോന്‍ കളിയെന്ന് യൂത്ത് ലീഗ്


യൂത്ത് ലീഗ് മരിച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസ്സ്

കല്‍പ്പറ്റ: അഞ്ചാം മന്ത്രിയെച്ചൊല്ലി സംസ്ഥാനതലത്തില്‍ കോണ്‍ഗ്രസ്സിലും ലീഗിലും സൃഷ്ടിച്ച വാക്പോര് ജില്ലയിലും അലയൊലികളുയര്‍ത്തി. യൂത്ത്കോണ്‍ഗ്രസ്-യൂത്ത്ലീഗ് നേതൃത്വങ്ങള്‍ കടുത്ത ഭാഷയിലാണ് പ്രസ്താവനയുദ്ധം ആരംഭിച്ചത്. യൂത്ത് ലീഗ് മരിച്ചു കിടക്കുന്ന സംഘടനയാണെന്ന് യൂത്ത് കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ് "ടിന്റുമോന്‍" കളിച്ചു നടക്കുകയാണെന്ന് യൂത്ത് ലീഗും പ്രതികരിക്കുന്നു.

അഞ്ചാംമന്ത്രി വിഷയത്തില്‍ ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെ യൂത്ത്ലീഗുകാര്‍ ജില്ലയിലെങ്ങും പ്രകടനവും പ്രസ്താവനകളും നടത്തിവരികയായിരുന്നു. ലീഗിനെതിരെ നിലപാടെടുത്ത എം ഐ ഷാനവാസിനെതിരെയും യൂത്ത്ലീഗുകാര്‍ പരസ്യമായി പ്രതികരിച്ചിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞദിവസം ആര്യാടന്‍ മുഹമ്മദിനെ പട്ടിയോട് ഉപമിച്ച് കല്‍പറ്റയില്‍ ബോര്‍ഡ് വന്നത്. ഇതോടെയാണ് പ്രസ്താവന യുദ്ധം ആരംഭിച്ചത്. നായയുടെ ഉടലില്‍ ആര്യാടന്റെ ശിരസ്സ് വെച്ചാണ് ബോര്‍ഡ് സ്ഥാപിച്ചത്. "മലപ്പുറത്ത് ഈ പട്ടി കുരച്ചാല്‍ മുസ്ലിം ലീഗിന് പുല്ലാണ്, അഞ്ചാം മന്ത്രി പ്രഖ്യാപനത്തില്‍ ഈ മന്ത്രിക്കും കിട്ടി ഒരു വകുപ്പ്" എന്നായിരുന്നു ബോര്‍ഡില്‍ എഴുതിയിരുന്നത്.

മാധ്യമങ്ങളില്‍ ജീവിക്കുന്നയാളാണ് എം ഐ ഷാനവാസ് എന്ന് യൂത്ത് ലീഗ് ജില്ലാ നേതാക്കള്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനോട് യൂത്ത് കോണ്‍ഗ്രസ്സ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയാണ് പ്രതികരിച്ചത്. യൂത്ത് ലീഗിന് പ്രവര്‍ത്തനങ്ങളില്ലെന്നായിരുന്നു മറുപടി. ഇതിനോട് പ്രതികരിച്ചത് യൂത്ത് ലീഗ് ടൗണ്‍ കമ്മിറ്റിയാണ്. രാഹുല്‍ ഗാന്ധിയുമായി ഇന്റര്‍നെറ്റില്‍ ടിന്റുമോന് കളിച്ചു നടക്കുകയല്ലാതെ ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നാണ് യൂത്ത്ലീഗിന്റെ വിമര്‍ശനം. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ തല നായയുടെ ഉടലില്‍ ചേര്‍ത്ത് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത് കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കിന്റെ ഭാഗമാണെന്നും വയനാട്ടിലെ എംപി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതല്ലാതെ ഒരുപദ്ധതിപോലും കൊണ്ടുവന്നില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

എന്നാല്‍ യൂത്ത്ലീഗ് മരിച്ചുകിടക്കുന്ന സംഘടനയാണെന്നാണ് യൂത്ത്കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ പ്രതികരണം. അധരവ്യായാമം നടത്തുകയാണ് യൂത്ത് ലീഗെന്നും യൂത്ത്കോണ്‍ഗ്രസ് പ്രത്വാനയില്‍ പറയുന്നു. ജില്ലയില്‍ യൂത്ത് കോണ്‍. യൂത്ത് ലീഗ് പ്രസ്താവന യുദ്ധം യുഡിഎഫില്‍ അലയൊലിയുണ്ടാക്കിയിട്ടുണ്ട്. യുഡിഎഫില്‍ കോണ്‍ഗ്രസ്സിനോടൊപ്പം ശക്തിയുള്ളതാണ് മുസ്ലിം ലീഗ്. ലീഗിന്റെ വോടിലാണ് കോണ്‍ഗ്രസ്സിന്റെ ജയം. എന്നിട്ടും അര്‍ഹമായ പരിഗണന നല്‍കാന്‍ തയ്യാറാകുന്നില്ലെന്നാണ് ലീഗ് നേതാക്കള്‍ പോലും പറയുന്നത്.

deshabhimani 210412

1 comment:

  1. അഞ്ചാം മന്ത്രിയെച്ചൊല്ലി സംസ്ഥാനതലത്തില്‍ കോണ്‍ഗ്രസ്സിലും ലീഗിലും സൃഷ്ടിച്ച വാക്പോര് ജില്ലയിലും അലയൊലികളുയര്‍ത്തി. യൂത്ത്കോണ്‍ഗ്രസ്-യൂത്ത്ലീഗ് നേതൃത്വങ്ങള്‍ കടുത്ത ഭാഷയിലാണ് പ്രസ്താവനയുദ്ധം ആരംഭിച്ചത്. യൂത്ത് ലീഗ് മരിച്ചു കിടക്കുന്ന സംഘടനയാണെന്ന് യൂത്ത് കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ് "ടിന്റുമോന്‍" കളിച്ചു നടക്കുകയാണെന്ന് യൂത്ത് ലീഗും പ്രതികരിക്കുന്നു.

    ReplyDelete