Saturday, September 22, 2012

സബ്സിഡി നല്‍കാന്‍ പണം കായ്ക്കുന്നില്ല: പ്രധാനമന്ത്രി


ജനവിരുദ്ധ സാമ്പത്തിക പരിഷ്കരണ നടപടികളെയാകെ ന്യായീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. രാജ്യത്തോടായി ദൂരദര്‍ശനിലൂടെ നടത്തിയ പ്രസംഗത്തില്‍ സര്‍ക്കാരിന്റെ ദുര്‍നയങ്ങളെ വിമര്‍ശിക്കുന്നവരെ പ്രധാനമന്ത്രി പരിഹസിച്ചു. ഡീസലിന് വെറും അഞ്ചുരൂപ മാത്രമേ കൂട്ടിയിട്ടുള്ളൂ എന്നു പറഞ്ഞ പ്രധാനമന്ത്രി പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഇത്രയുമധികം സബ്സിഡി നല്‍കാന്‍ പണം മരത്തില്‍ കായ്ക്കുന്നില്ലെന്നും പറഞ്ഞു.

കടുത്ത തീരുമാനങ്ങളെടുക്കേണ്ട സമയമാണ് ഇത്. അതിന് തന്റെ കൈകള്‍ക്ക് ശക്തിപകര്‍ന്നാല്‍ രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ കഴിയും. സമ്പന്നരുടെ കാറുകളിലും വന്‍വ്യവസായശാലകളിലുമാണ് ഡീസല്‍ അധികവും ഉപയോഗിക്കുന്നത്. അതിനുള്ള വന്‍ സബ്സിഡി സര്‍ക്കാര്‍ സഹിക്കണോ? ഉപയോക്താക്കളില്‍ പകുതിയും വര്‍ഷത്തില്‍ ആറ് പാചകവാതക സിലിണ്ടര്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. അവര്‍ക്ക് അധികബാധ്യത നല്‍കിയിട്ടില്ല. അതില്‍ കൂടുതല്‍ സിലിണ്ടര്‍ വാങ്ങുന്നവര്‍ക്ക് ചെറിയൊരു വര്‍ധന മാത്രമേ ഏര്‍പ്പെടുത്തിയിട്ടുള്ളൂ. രാജ്യതാല്‍പ്പര്യവും ജനങ്ങളുടെ ദീര്‍ഘകാല ഭാവിയും പരിഗണിച്ചാണ് കടുത്ത തീരുമാനങ്ങളെടുത്തത്. സാമ്പത്തികവളര്‍ച്ചയും തൊഴിലവസരവും മെച്ചപ്പെടുമെന്നു കണ്ടാണ് തീരുമാനങ്ങളെടുത്തത്. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. യുപിഎ സര്‍ക്കാര്‍ പാവപ്പെട്ടവരുടെ സര്‍ക്കാരാണ്. ആഗോള സമ്പദ്വ്യവസ്ഥ മാന്ദ്യം നേരിടുമ്പോള്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയെന്ന വെല്ലുവിളിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ആഗോള ക്രൂഡോയില്‍ വില ഉയര്‍ന്നുനില്‍ക്കുമ്പോഴും സാധാരണജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. പാവപ്പെട്ടവര്‍ ഉപയോഗിക്കുന്ന മണ്ണെണ്ണയുടെ വില ഉയര്‍ത്തിയിട്ടില്ല.

പെട്രോളിയത്തിന്റെ ആഗോളവിലയില്‍ നാലുവര്‍ഷമായി വന്‍വര്‍ധനയുണ്ടായിട്ടുണ്ട്. ഈ വിലവര്‍ധനയൊന്നും ജനങ്ങളെ അറിയിക്കാതെയാണ് സര്‍ക്കാര്‍ ബാധ്യതകള്‍ ഏറ്റെടുത്തത്. കഴിഞ്ഞവര്‍ഷം 1.40 ലക്ഷം കോടി രൂപയാണ് ഈ മേഖലയില്‍ സബ്സിഡിയായി നല്‍കിയത്. ഇപ്പോള്‍ സ്വീകരിച്ച നടപടികള്‍ ഇല്ലായിരുന്നെങ്കില്‍ ഈവര്‍ഷം ഇത് രണ്ടുലക്ഷം കോടി രൂപയായി ഉയരുമായിരുന്നു. 1991ലും ബുദ്ധിമുട്ടുള്ള സ്ഥിതിയിലൂടെ രാജ്യം കടന്നുപോയിട്ടുണ്ട്. ആരും സഹായിക്കാനുണ്ടായിരുന്നില്ല. ചില കടുത്ത നടപടികളെടുത്താണ് ആ പ്രതിസന്ധി മറികടന്നത്. ആ നടപടികളുടെ അനുകൂലഫലങ്ങള്‍ ഇപ്പോള്‍ നമുക്ക് കാണാനാകും. ഇപ്പോള്‍ അത്ര പ്രതിസന്ധിയില്ല. എന്നാല്‍, ജനങ്ങള്‍ക്ക് സമ്പദ്വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെടുംമുമ്പ് ചില നടപടി എടുക്കേണ്ടതുണ്ട്. ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം വന്നാല്‍ ചെറുകിട കച്ചവടക്കാര്‍ തകര്‍ന്നുപോകുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം നടപ്പാക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചിട്ടുമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
(വി ജയിന്‍)

deshabhimani 220912

1 comment:

  1. ജനവിരുദ്ധ സാമ്പത്തിക പരിഷ്കരണ നടപടികളെയാകെ ന്യായീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. രാജ്യത്തോടായി ദൂരദര്‍ശനിലൂടെ നടത്തിയ പ്രസംഗത്തില്‍ സര്‍ക്കാരിന്റെ ദുര്‍നയങ്ങളെ വിമര്‍ശിക്കുന്നവരെ പ്രധാനമന്ത്രി പരിഹസിച്ചു. ഡീസലിന് വെറും അഞ്ചുരൂപ മാത്രമേ കൂട്ടിയിട്ടുള്ളൂ എന്നു പറഞ്ഞ പ്രധാനമന്ത്രി പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഇത്രയുമധികം സബ്സിഡി നല്‍കാന്‍ പണം മരത്തില്‍ കായ്ക്കുന്നില്ലെന്നും പറഞ്ഞു.

    ReplyDelete