Saturday, September 22, 2012

മറുനാടന്‍ തൊഴിലാളികളുടെ ജീവന് പുല്ലുവില


അന്യസംസ്ഥാന തൊഴിലാളികള്‍ മനുഷ്യജീവികളാണെന്ന പരിഗണനപോലും നല്‍കാത്ത അധികൃതരുടെ കണ്ണില്‍ചോരയില്ലാത്ത സമീപനത്തിന്റെ അവസാനത്തെ ദുരന്തസാക്ഷ്യമാണ് കഴക്കൂട്ടത്ത് ഫ്ളാറ്റ് നിര്‍മ്മാണത്തിനിടെയുണ്ടായ രണ്ടു തൊഴിലാളികളുടെ മരണം. ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ഉത്തരവാദിത്വപ്പെട്ടവര്‍ നോക്കുകുത്തികളായിതന്നെ തുടരുന്നു. അംബരചുംബികളായ കെട്ടിടങ്ങളില്‍നിന്നു വീണും അപകടകരമായ തൊഴില്‍ സാഹചര്യങ്ങളില്‍ പണിയെടുത്തു പരിക്കേറ്റും ജീവന്‍ പൊലിയുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ആഴ്ചയില്‍ കുറഞ്ഞത് നാലു തൊഴിലാളികളെങ്കിലും സംസ്ഥാനത്ത് മരിക്കുകയോ ഗുരുതരമായി പരിക്കേറ്റ് ആശുപത്രികളിലെത്തുകയോ ചെയ്യുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

തൊഴിലിടങ്ങളില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ തൊഴില്‍വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അന്യസംസ്ഥാന തൊഴിലാളികളുടെ വരവ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കുന്നുണ്ടെന്നും ഇവരുടെ സുരക്ഷ തൊഴിലുടമകള്‍ ഉറപ്പുവരുത്തുന്നുണ്ടോ എന്നറിയാന്‍ ജോലിസ്ഥലങ്ങളില്‍ സ്ക്വാഡ് പരിശോധന നടത്തുന്നുണ്ടെന്നും തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ നിയമസഭയില്‍ പറഞ്ഞെങ്കിലും ഇതുസംബന്ധിച്ച് ഒരു രേഖയും മന്ത്രിക്ക് ഹാജരാക്കാനായില്ല.

കേന്ദ്രനിയമപ്രകാരം തൊഴിലാളികളെ വിതരണം ചെയ്യുന്ന കരാറുകാര്‍ക്ക് ലൈസന്‍സ് ഉണ്ടായിരിക്കണം. കരാറുകാരും തൊഴിലാളികളും പ്രത്യേകം രജിസ്റ്റര്‍ ചെയ്തിരിക്കണം. ലൈസന്‍സില്ലാത്ത ഒരാള്‍ക്കും തൊഴിലാളികളെ ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തേക്കു കൊണ്ടുപോകാനാവില്ല. ഓരോ തൊഴിലാളിക്കും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. തൊഴിലാളിയുടെ പേര്, തൊഴിലെടുക്കുന്ന സ്ഥാപനത്തിന്റെ പേര്, തൊഴില്‍ കാലാവധി, കൂലി എന്നീ കാര്യങ്ങള്‍ ഇതില്‍ വ്യക്തമാക്കണം. സംസ്ഥാനത്തെ മിനിമംകൂലി, വേതനവ്യവസ്ഥകള്‍ അന്യസംസ്ഥാനത്തൊഴിലാളികള്‍ക്കും ബാധകമാണ്. തുല്യവേതന അവകാശവുമുണ്ട്. നല്ല താമസസൗകര്യം മതിയായ ചികിത്സാസഹായം എന്നിവയും നല്‍കണം. അപകടം സംഭവിച്ചാല്‍ ബന്ധപ്പെട്ട അധികൃതരെയും തൊഴിലാളികളുടെ കുടുംബത്തെയും അറിയിക്കുകയുംവേണം. എന്നാല്‍ ഇതൊന്നും നടപ്പാക്കുന്നില്ല.

രാജ്യത്ത് ആദ്യമായി അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ക്ഷേമപദ്ധതി കൊണ്ടുവന്നത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇതിനായി 10 കോടിയിലേറെ രൂപ നീക്കിവച്ചു. 30 രൂപ വാര്‍ഷിക വിഹിതമായി അടച്ചാല്‍ മരണാനന്തര ആനുകൂല്യമായി 50,000 രൂപ, മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായം, 10,000 രൂപവീതമുള്ള ആശ്വാസ, ചികിത്സാ സഹായം തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ പദ്ധതി ഇപ്പോള്‍പൂര്‍ണമായും നിലച്ചു.
(വി ഡി ശ്യാംകുമാര്‍)

deshabhimani 220912

1 comment:

  1. അന്യസംസ്ഥാന തൊഴിലാളികള്‍ മനുഷ്യജീവികളാണെന്ന പരിഗണനപോലും നല്‍കാത്ത അധികൃതരുടെ കണ്ണില്‍ചോരയില്ലാത്ത സമീപനത്തിന്റെ അവസാനത്തെ ദുരന്തസാക്ഷ്യമാണ് കഴക്കൂട്ടത്ത് ഫ്ളാറ്റ് നിര്‍മ്മാണത്തിനിടെയുണ്ടായ രണ്ടു തൊഴിലാളികളുടെ മരണം. ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ഉത്തരവാദിത്വപ്പെട്ടവര്‍ നോക്കുകുത്തികളായിതന്നെ തുടരുന്നു. അംബരചുംബികളായ കെട്ടിടങ്ങളില്‍നിന്നു വീണും അപകടകരമായ തൊഴില്‍ സാഹചര്യങ്ങളില്‍ പണിയെടുത്തു പരിക്കേറ്റും ജീവന്‍ പൊലിയുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ആഴ്ചയില്‍ കുറഞ്ഞത് നാലു തൊഴിലാളികളെങ്കിലും സംസ്ഥാനത്ത് മരിക്കുകയോ ഗുരുതരമായി പരിക്കേറ്റ് ആശുപത്രികളിലെത്തുകയോ ചെയ്യുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

    ReplyDelete