Saturday, September 22, 2012

ഓണത്തിന് കേന്ദ്രം നല്‍കിയ അരിയും ഗോതമ്പും കേരളം ഏറ്റെടുത്തില്ല


ഓണക്കാലത്ത് റേഷന്‍ കടകളിലൂടെ വിതരണം ചെയ്യാന്‍ കേന്ദ്രം അനുവദിച്ച 60,000 ടണ്‍ അരി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തില്ല. പൊതുവിപണിയില്‍ അരി വില 35 മുതല്‍ 40 വരെയായി കുതിക്കുമ്പോഴാണ് കേന്ദ്രം അനുവദിച്ച അരിപോലും വാങ്ങാതെ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചത്. ഇതോടൊപ്പം അനുവദിച്ച 30,000 ടണ്‍ ഗോതമ്പും കേരളം വാങ്ങിയില്ല. അന്യസംസ്ഥാന അരി ലോബിയെ സഹായിക്കാനാണ് കേന്ദ്രം അനുവദിച്ച അരി ഏറ്റെടുക്കാത്തതെന്ന് വിമര്‍ശനമുണ്ട്. എന്നാല്‍ 16 രൂപയ്ക്ക് ഒഎംഎസ് പദ്ധതിയില്‍ അനുവദിച്ച അരിയുടെ വില കുറച്ചാല്‍ മാത്രമേ വാങ്ങാനാകൂ എന്ന് കേന്ദ്രത്തിന് കത്തെഴുതിയിരിക്കുകയാണെന്ന് ഭക്ഷ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

സംസ്ഥാനത്ത് 85 ലക്ഷം കാര്‍ഡുടമകളില്‍ 15 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്കും അഞ്ചുലക്ഷം അന്ത്യേയോജന കുടംബങ്ങള്‍ക്കും മാത്രമാണ് മതിയായ റേഷന്‍ കിട്ടുന്നത്. ബാക്കി 65 ലക്ഷം വരുന്ന കുടുംബങ്ങള്‍ക്ക് മാസം ഒമ്പത് കിലോ അരി മാത്രമാണ് റേഷനായി കിട്ടുക. അതിന് കിലോയ്ക്ക് 8.90 രൂപ നല്‍കുകയും വേണം. ബഹുഭൂരിപക്ഷം വരുന്ന ഈ കുടുംബങ്ങളെ റേഷന്‍ സമ്പ്രദായത്തിന് പുറത്ത് മാറ്റി നിര്‍ത്തിയതാണ് പുറം വിപണിയില്‍ വില വര്‍ധിക്കാന്‍ കാരണമെന്ന് മുന്‍ ഭക്ഷ്യ മന്ത്രി സി ദിവാകരന്‍ പറഞ്ഞു. ഓണക്കാലത്ത് കേന്ദ്രം അനുവദിച്ച അരി ഏറ്റെടുത്ത് ചെറിയ സബ്സിഡിയോടെ റേഷന്‍ കടകള്‍ക്ക് വിതരണം ചെയ്താല്‍ പുറം വിപണിയിലെ വില ഒരു പരിധിവരെ പിടിച്ചു നിര്‍ത്താനാകും. എപിഎല്‍ കുടുംബങ്ങള്‍ക്കും മാസം 25 കിലോയെങ്കിലും അരി വിതരണം ചെയ്യുകയും വേണം.

മുന്‍ എല്‍ഡിഎഫ് ഭരണകാലത്ത് ഇ ചന്ദ്രശേഖരന്‍ നായര്‍ ഭക്ഷ്യമന്ത്രിയായിരിക്കെ പഞ്ചസാരയുടെ വില പുറം വിപണിയില്‍ കുത്തനെ കൂടിയപ്പോള്‍ റേഷന്‍ പഞ്ചസാരയ്ക്ക് പുറമെ, റേഷന്‍ വിലയില്‍ രണ്ടു രൂപ മാത്രം കൂട്ടി കൂടുതല്‍ പഞ്ചസാര റേഷന്‍ കടകളിലുടെ വിതരണം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പഞ്ചസാര വില കുറഞ്ഞു. എന്നാല്‍ ഇത്തരത്തില്‍ വിപണിയില്‍ ഇടപെടാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകുന്നില്ല
(ഡി ദിലീപ്)

deshabhimani 220912

1 comment:

  1. ഓണക്കാലത്ത് റേഷന്‍ കടകളിലൂടെ വിതരണം ചെയ്യാന്‍ കേന്ദ്രം അനുവദിച്ച 60,000 ടണ്‍ അരി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തില്ല. പൊതുവിപണിയില്‍ അരി വില 35 മുതല്‍ 40 വരെയായി കുതിക്കുമ്പോഴാണ് കേന്ദ്രം അനുവദിച്ച അരിപോലും വാങ്ങാതെ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചത്. ഇതോടൊപ്പം അനുവദിച്ച 30,000 ടണ്‍ ഗോതമ്പും കേരളം വാങ്ങിയില്ല. അന്യസംസ്ഥാന അരി ലോബിയെ സഹായിക്കാനാണ് കേന്ദ്രം അനുവദിച്ച അരി ഏറ്റെടുക്കാത്തതെന്ന് വിമര്‍ശനമുണ്ട്. എന്നാല്‍ 16 രൂപയ്ക്ക് ഒഎംഎസ് പദ്ധതിയില്‍ അനുവദിച്ച അരിയുടെ വില കുറച്ചാല്‍ മാത്രമേ വാങ്ങാനാകൂ എന്ന് കേന്ദ്രത്തിന് കത്തെഴുതിയിരിക്കുകയാണെന്ന് ഭക്ഷ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

    ReplyDelete