Sunday, September 23, 2012

വില കുതിക്കുമ്പോള്‍ റേഷന്‍കടയില്‍ അരിയില്ല


നിത്യോപയോഗസാധനങ്ങള്‍ക്ക് വില കുതിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരേണ്ട പൊതുവിതരണകേന്ദ്രങ്ങള്‍ വഴിയുള്ള ഭക്ഷ്യധാന്യവിതരണം അവതാളത്തിലായി. സെപ്തംബര്‍ മാസം അവസാനിക്കാനിരിക്കെ ഇതുവരെ 25 ശതമാനം ഭക്ഷ്യധാന്യമാണ് അനുവദിച്ചത്. ഒട്ടുമിക്ക റേഷന്‍കടകളിലും അരിയും ഗോതമ്പും ഇല്ല. മാര്‍ക്കറ്റിലെ പൊള്ളുന്ന വില നിയന്ത്രിക്കാന്‍ ഇടപെടുമെന്ന മുഖ്യമന്ത്രിയുടെയും ഭക്ഷ്യമന്ത്രിയുടെയും പ്രഖ്യാപനം പാഴ്വാക്കായി. പച്ചക്കറി, ഇറച്ചി, മുട്ട, മത്സ്യം തുടങ്ങിയവയുടെ വിലയും കുതിക്കുന്നു. സംസ്ഥാനത്ത് 21 ലക്ഷത്തിലേറെ വരുന്ന ബിപിഎല്‍ കാര്‍ഡുടമകള്‍ അടക്കമുള്ളവര്‍ക്ക് സെപ്തംബറിലെ അരി ഭാഗികമായാണ് കിട്ടിയത്. അന്ത്യോദയ, അന്നപൂര്‍ണ കാര്‍ഡുടമകള്‍ക്കുള്ള ഭക്ഷ്യധാന്യവിതരണവും മുടങ്ങി.

മാവേലി സ്റ്റോറുകളും കണ്‍സ്യൂമര്‍ഫെഡ് വിതരണകേന്ദ്രങ്ങളും നോക്കുകുത്തിയായതിനിടയില്‍ റേഷന്‍കട വഴിയുള്ള ഭക്ഷ്യവിതരണം താറുമാറായത് വിപണിയിലെ വിലക്കയറ്റം അതിരൂക്ഷമാക്കി. എല്ലാത്തരം സാധനങ്ങളുടെയും വില ദിനംപ്രതി കുത്തനെ ഉയരുകയാണ്. ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നേയില്ല. ഒരു കിലോ കോഴിയിറച്ചിക്ക് 145 മുതല്‍ 160 രൂപ വരെയാണ് ഇപ്പോഴത്തെ നിരക്ക്. മട്ടന്‍ വില 450 രൂപ വരെയെത്തി. ബീഫിനാകട്ടെ കിലോയ്ക്ക് 190 മുതല്‍ 220 വരെയായി. ചരക്കുകടത്തുകൂലി കൂട്ടിയതോടെ പൗള്‍ട്രി കോര്‍പറേഷനും കോഴിയിറച്ചി വില കൂട്ടാന്‍ നീക്കം ആരംഭിച്ചു. മുട്ട വിലയിലും വര്‍ധനയുണ്ട്. ഒരു മുട്ടയ്ക്ക് 4.20 മുതല്‍ 4.80 രൂപ വരെ ആയി.

പാചകവാതക സിലിണ്ടര്‍ നിയന്ത്രണത്തെതുടര്‍ന്ന് മണ്ണെണ്ണയ്ക്ക് ആവശ്യക്കാര്‍ കൂടിയെങ്കിലും പ്രതിമാസം അര ലിറ്റര്‍ മാത്രമാണ് റേഷന്‍കട വഴി നല്‍കുന്നത്. മണ്ണെണ്ണ അളവ് കൂട്ടണമെന്ന ആവശ്യം ശക്തമായിട്ടും സര്‍ക്കാര്‍ ഇതിനോട് മുഖം തിരിക്കുന്നു. ചില റേഷന്‍ കടകളില്‍ ആട്ടമാവ് കെട്ടിക്കിടക്കുന്നുണ്ട്. ഗുണനിലവാരം തീരെയില്ലാത്ത ആട്ടമാവ് വിതരണംചെയ്യാന്‍ അടിച്ചേല്‍പിച്ചെന്നാണ് കടയുടമകളുടെ ആക്ഷേപം. നന്മ, മാവേലി സ്റ്റോറുകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. പൊതുവിതരണസംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തി അവ ഫലപ്രദമല്ലെന്നുവരുത്താനുള്ള സര്‍ക്കാരിന്റെ ഗൂഢനീക്കത്തിന്റെ ഭാഗമായാണ് സ്റ്റോറുകള്‍ പൂട്ടാനുള്ള ശ്രമം. പൊതുവിപണിയിലെ വിലക്കയറ്റവും പൊതുവിതരണശൃംഖലകള്‍ നോക്കുകുത്തിയായതും കരിഞ്ചന്തയും പൂഴ്ത്തിവയ്പും വ്യാപകമാക്കി. ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് 50 രൂപയാണ് കരിഞ്ചന്തയില്‍. വിറകുവിലയും കുത്തനെ കൂട്ടി. നേരത്തെ 10 കിലോയ്ക്ക് നൂറ് മുതല്‍ 120 രൂപ വരെയായിരുന്നെങ്കില്‍ ഇപ്പോഴിത് 150 മുതല്‍ 180 രൂപ വരെയായി.
(പി വി മനോജ്കുമാര്‍)

deshabhimani 230912

1 comment:

  1. നിത്യോപയോഗസാധനങ്ങള്‍ക്ക് വില കുതിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരേണ്ട പൊതുവിതരണകേന്ദ്രങ്ങള്‍ വഴിയുള്ള ഭക്ഷ്യധാന്യവിതരണം അവതാളത്തിലായി. സെപ്തംബര്‍ മാസം അവസാനിക്കാനിരിക്കെ ഇതുവരെ 25 ശതമാനം ഭക്ഷ്യധാന്യമാണ് അനുവദിച്ചത്. ഒട്ടുമിക്ക റേഷന്‍കടകളിലും അരിയും ഗോതമ്പും ഇല്ല. മാര്‍ക്കറ്റിലെ പൊള്ളുന്ന വില നിയന്ത്രിക്കാന്‍ ഇടപെടുമെന്ന മുഖ്യമന്ത്രിയുടെയും ഭക്ഷ്യമന്ത്രിയുടെയും പ്രഖ്യാപനം പാഴ്വാക്കായി. പച്ചക്കറി, ഇറച്ചി, മുട്ട, മത്സ്യം തുടങ്ങിയവയുടെ വിലയും കുതിക്കുന്നു. സംസ്ഥാനത്ത് 21 ലക്ഷത്തിലേറെ വരുന്ന ബിപിഎല്‍ കാര്‍ഡുടമകള്‍ അടക്കമുള്ളവര്‍ക്ക് സെപ്തംബറിലെ അരി ഭാഗികമായാണ് കിട്ടിയത്. അന്ത്യോദയ, അന്നപൂര്‍ണ കാര്‍ഡുടമകള്‍ക്കുള്ള ഭക്ഷ്യധാന്യവിതരണവും മുടങ്ങി.

    ReplyDelete