Sunday, December 16, 2012

ഇന്ത്യന്‍ കമ്പോള പ്രവേശം: 15 യുഎസ് കമ്പനികള്‍ ലോബിയിങ് നടത്തി


ഇന്ത്യന്‍ കമ്പോളത്തിലേക്ക് പ്രവേശിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വാള്‍മാര്‍ട്ടിനൊപ്പം മറ്റ് 15 അമേരിക്കന്‍ കമ്പനിയും ലോബിയിങ് നടത്തി. 2012ല്‍ മാത്രം ഇവര്‍ കോടിക്കണക്കിന് ഡോളര്‍ ഇതിനായി ചെലവിട്ടെന്ന് അമേരിക്കന്‍ പ്രതിനിധിസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക-ചികിത്സ-ടെലികോം-ഇന്‍ഷുറന്‍സ് മേഖലകളിലെല്ലാം പിടിമുറുക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ക്കുള്ള വ്യഗ്രതയ്ക്ക് തെളിവാണ് അവര്‍തന്നെ വെളിപ്പെടുത്തിയ കണക്കുകള്‍. യുപിഎ സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ക്കു പിന്നില്‍ അമേരിക്കയുടെ സാമ്പത്തിക താല്‍പ്പര്യമാണെന്ന വാദവും ഇത് ബലപ്പെടുത്തുന്നു.

മരുന്നുനിര്‍മാണരംഗത്തെ വമ്പനായ ഫൈസര്‍, കംപ്യൂട്ടര്‍ നിര്‍മാതാക്കളായ ഡെല്‍, എച്ച്പി, ടെലികോം മേഖലയിലെ ക്വാല്‍കോം, അല്‍കാടെല്‍-ലുസന്റ്, ധനകാര്യ സ്ഥാപനങ്ങളായ മോര്‍ഗന്‍ സ്റ്റാന്‍ലി, പ്രുഡന്‍ഷ്യല്‍ ഫിനാന്‍ഷ്യല്‍, ഉപഭോക്തൃ സാധനിര്‍മാതാക്കളായ കാര്‍ഗില്‍, കോള്‍ഗേറ്റ് പാമോലീവ് തുടങ്ങിയവയ്ക്കൊപ്പം വാഹനിര്‍മാതാക്കളുടെ സഖ്യവും ഇന്ത്യന്‍ വിപണിക്കായി ഈ വര്‍ഷം പണമൊഴുക്കിയിട്ടുണ്ട്. ബോയിങ്, എടി ആന്‍ഡ് ടി, സ്റ്റാര്‍ബക്സ്, ലോക്ഹീഡ് മാര്‍ട്ടിന്‍ തുടങ്ങിയ വമ്പന്‍മാര്‍ നേരത്തേതന്നെ ലോബിയിങ് നടത്തിയിരുന്നെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

തങ്ങള്‍ക്ക് ഇന്ത്യന്‍കമ്പോളം കൂടുതല്‍ തുറന്നുകിട്ടാനുള്ള ചര്‍ച്ചകള്‍ക്കായും ബിസിനസ് സാധ്യത വര്‍ധിപ്പിക്കാനുള്ള തീരുമാനങ്ങള്‍ക്കുംവേണ്ടിയുമാണ് അമേരിക്കന്‍ ഭരണനേതൃത്വത്തിലെയടക്കം പ്രമുഖര്‍ക്ക് പണം നല്‍കിയത്. വാള്‍മാര്‍ട്ട് ഇന്ത്യന്‍ ചില്ലറവ്യാപാര മേഖലയിലേക്ക് കടന്നുവരാനുള്ള ലോബീയിങ്ങിന് 2.5 കോടി ഡോളര്‍ (ഏകദേശം 125 കോടി രൂപ) ചെലവിട്ടത് പാര്‍ലമെന്റിലടക്കം വ്യാപകപ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇന്ത്യയുമായുള്ള ചര്‍ച്ചകളില്‍ തങ്ങള്‍ക്ക് അനുകൂലമായ വിധത്തില്‍ തീരുമാനമെടുപ്പിക്കാന്‍ വിദേശവകുപ്പിലെയും മറ്റും പ്രമുഖര്‍ക്കാണ് പണം നല്‍കിയത്. എന്നാല്‍, വാള്‍മാര്‍ട്ടിന്റെ നടപടിയെ അമേരിക്ക ന്യായീകരിക്കുകയായിരുന്നു. കമ്പനികള്‍ക്ക് ഇതിനായി പണം മുടക്കാന്‍ അമേരിക്കയില്‍ നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍, മൂന്നുമാസം കൂടുമ്പോള്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ജനപ്രതിനിധിസഭയെയും സെനറ്റിനെയും അറിയിക്കണം. ഇത്തരത്തില്‍ കമ്പനികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍വിപണിക്കായി കോടികള്‍ പ്രമുഖര്‍ക്ക് "കൈക്കൂലി" നല്‍കിയ വിവരം പുറത്തായത്.

ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപ പരിധി ഉയര്‍ത്തുന്നത് സംബന്ധിച്ച നീക്കങ്ങളില്‍ സമ്മര്‍ദം ചൊലുത്താനാണ് പ്രുഡന്‍ഷ്യല്‍ ഫിനാന്‍ഷ്യല്‍ ലോബിയിങ് നടത്തിയത്. ഈ വര്‍ഷം മാത്രം കമ്പനി 60 ലക്ഷം ഡോളര്‍ ലോബിയിങ്ങിനായി ചെലവിട്ടു. മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ ലോബിയിങ് ബില്‍ 20 ലക്ഷം ഡോളറിന്റേതാണ്. ബിസിനസ് റൗണ്ട്ടേബിള്‍ 66 ലക്ഷം ഡോളര്‍, ഡെല്‍ 20 ലക്ഷം, എച്ച് പി 15 ലക്ഷം, എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഓഫ് അമേരിക്ക 20 ലക്ഷം ഡോളര്‍ തുടങ്ങിയ നിരക്കിലാണ് ലോബിയിങ്ങിന് പണം ചെലവിട്ടത്. സ്പെക്ട്രം ലൈസന്‍സുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ക്വാല്‍കോം ലോബിയിങ് നടത്തിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ജനറിക് മരുന്നുകളുടെ വിലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുമായും പേറ്റന്റ് റദ്ദാക്കലുമായും ബന്ധപ്പെട്ടാണ് ഫൈസര്‍ സ്വാധീനം ചെലുത്തിയത്.

deshabhimani 171212

No comments:

Post a Comment