Monday, December 17, 2012
ഹാന്‍ടെക്സ് തുണി വാങ്ങുന്നതില്‍ കോടികളുടെ വെട്ടിപ്പ്
അന്യസംസ്ഥാനങ്ങളില്‍നിന്ന് തുണി വാങ്ങിയതിലൂടെ സംസ്ഥാന കൈത്തറിനെയ്ത്ത് സഹകരണസംഘത്തില്‍ (ഹാന്‍ടെക്സ്) കോടികളുടെ വെട്ടിപ്പ്. കണക്കില്‍ തിരിമറി നടത്തിയും കടലാസ്സംഘങ്ങളുടെ പേരില്‍ പുറത്തുനിന്നുള്ള തുണി കണക്കില്‍പ്പെടുത്തിയും കൈത്തറിത്തൊഴിലാളികള്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങളടക്കം ഹാന്‍ടെക്സിന്റെ തലപ്പത്തുള്ള ചിലര്‍ കൈക്കലാക്കുന്നു. സംസ്ഥാനത്തെ തൊഴിലാളികളില്‍നിന്ന് പ്രാഥമിക കൈത്തറി സഹകരണസംഘങ്ങള്‍ ശേഖരിക്കുന്ന കൈത്തറിത്തുണിക്ക് വിപണി കണ്ടെത്തേണ്ട ഹാന്‍ടെക്സ് അന്യസംസ്ഥാനങ്ങളിലെ സ്വകാര്യസംരംഭകരില്‍നിന്ന് ഈ വര്‍ഷം ആറുകോടിയോളം രൂപയുടെ തുണി വാങ്ങിക്കൂട്ടിയതായാണ് കണക്ക്. അന്യസംസ്ഥാനങ്ങളിലെ സ്വകാര്യ ഏജന്‍സികളില്‍നിന്ന് വാങ്ങിക്കൂട്ടിയ തുണിത്തരങ്ങളുടെ ഇന്‍വോയിസില്‍ വന്‍ തിരിമറി നടന്നതായാണ് ആക്ഷേപം. തുണിയുടെ യഥാര്‍ഥ വിലയുടെ ഇരട്ടിവരെ ഇന്‍വോയിസില്‍ കാണിച്ച്, വാങ്ങിയ വില തീരുമാനിച്ച്, ഇതിന്റെ 50 ശതമാനം ലാഭവും നിശ്ചയിച്ചായിരുന്നു വില്‍പ്പന. ഈ വര്‍ഷം സെപ്തംബര്‍ 12 വരെമാത്രം 5,86,08,875 രൂപയുടെ തുണിത്തരങ്ങളാണ് അന്യസംസ്ഥാനങ്ങളിലെ സ്വകാര്യസ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും വാങ്ങിക്കൂട്ടിയത്. മുന്‍കാലങ്ങളിലും സീസണില്‍ പുറത്തുനിന്ന് തുണിത്തരങ്ങള്‍ വാങ്ങിയിരുന്നു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ സഹകരണ അപ്പെക്സ് കൈത്തറി സൊസൈറ്റികളില്‍നിന്നായിരുന്നു ഇവ വാങ്ങിയത്. ഇതിന്റെ മറവിലാണ് ഇപ്പോള്‍ സ്വകാര്യസംരംഭകരില്‍നിന്ന് സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത്.
മൂന്നുതരം ബില്ലിലാണ് സാധനങ്ങള്‍ വിറ്റഴിക്കുന്നത്. സാരി തുടങ്ങിയവക്ക് ഒരു ബില്‍ ഉപയോഗിക്കും. ലുങ്കിക്കും പ്രത്യേക ബില്ലാണ്. സാധാരണ സാധനങ്ങള്‍ക്ക് മറ്റൊരു ബില്ലും ഉപയോഗിക്കുന്നു. സാധനം വാങ്ങുന്നവരില്‍നിന്ന് ഒരു കമീഷന്‍ ഉറപ്പാക്കുന്നവര്‍ വ്യാജ ഇന്‍വോയിസില്‍ വില ഇരട്ടിയാക്കി കാട്ടിയും കോടികള്‍ തട്ടുകയാണ്. ഇതിനായി കടലാസ്സംഘങ്ങളെ ഉപയോഗിക്കുന്നു. നിലവിലെ ഭരണസമിതി ചുമതലയേറ്റ് രണ്ടുവര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം ജില്ലയില്‍മാത്രം അറുപതില്‍പ്പരം സംഘങ്ങളാണ് രജിസ്റ്റര്‍ചെയ്തത്. നെയ്യാറ്റിന്‍കര താലൂക്കില്‍ നിലവിലുള്ള 250ല്‍പ്പരം സംഘങ്ങളില്‍ വിരലിലെണ്ണാവുന്നതൊഴിച്ച് ബാക്കിയെല്ലാം അടഞ്ഞുകിടക്കുമ്പോഴാണ് ഇത്തരത്തില്‍ രൂപീകരിക്കപ്പെട്ട കടലാസ് സംഘങ്ങളുടെ പേരില്‍ അന്യസംസ്ഥാനത്തുള്ള സ്വകാര്യവ്യക്തികളുടെ തുണി വാങ്ങിക്കൂട്ടുന്നത്.
(ജി രാജേഷ്കുമാര്‍)
deshabhimani 171212
Labels:
അഴിമതി
Subscribe to:
Post Comments (Atom)
No comments:
Post a Comment