Monday, December 17, 2012
വെനസ്വേലയില്‍ 20 സംസ്ഥാനത്തും സോഷ്യലിസ്റ്റ് വിജയം
വെനസ്വേലയില്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് അഭാവത്തിലും നിറഞ്ഞുനിന്ന ഗവര്‍ണര്‍ തെരഞ്ഞടുപ്പില്‍ അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് പാര്‍ടിക്ക് സമ്പൂര്‍ണ ആധിപത്യം. 23 സംസ്ഥാനത്ത് 20 ഇടത്തും വന്‍വിജയം നല്‍കിയാണ് ഷാവേസിന്റെ സോഷ്യലിസ്റ്റ് നയങ്ങളോടുള്ള പ്രതിബദ്ധത ജനം പ്രകടിപ്പിച്ചത്. 15 സംസ്ഥാനത്തെ ഭരണം നിലനിര്‍ത്തിയ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ടി അഞ്ച് സംസ്ഥാനം എതിരാളികളില്‍ നിന്ന് പിടിച്ചെടുത്തു. ക്യൂബയിലെ ആശുപത്രിയില്‍ അര്‍ബുദ ശസ്ത്രക്രിയക്കുശേഷം വിശ്രമിക്കുന്ന ഷാവേസിന് സ്വന്തം ജനതയുടെ അമൂല്യമായ ഉപഹാരം കൂടിയായി മൂന്നുമാസത്തിനിടെ രണ്ടാമത്തെ സോഷ്യലിസ്റ്റ് വിജയം.
ഒക്ടോബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഷാവേസിനോട് പരാജയപ്പെട്ട മിരാന്‍ഡ ഗവര്‍ണര്‍ ഹെന്‍റി കാപ്രിലെസ് കഷ്ടിച്ചാണ് സ്ഥാനം നിലനിര്‍ത്തിയത്. ഷാവേസിന്റെ മുന്‍ വൈസ്പ്രസിഡന്റ് ഏല്യാസ് ജോവയോട് വെറും നാലു ശതമാനം വോട്ടിനാണ് അദ്ദേഹം വിജയിച്ചത്. വെനസ്വേലയിലെ സോഷ്യലിസ്റ്റ് വിരുദ്ധമുന്നണിയുടെ നേതാവായി പാശ്ചാത്യമാധ്യമങ്ങള്‍ വാഴ്ത്തിയ ഇദ്ദേഹം വന്‍ വിജയം നേടുമെന്നായിരുന്നു പ്രചാരണം.
2010ല്‍ സോഷ്യലിസ്റ്റ് പാര്‍ടിയില്‍ നിന്ന് പുറത്തായശേഷം പ്രതിപക്ഷത്ത് ചേക്കേറിയ ഹെന്‍റി ഫാല്‍ക്കണും നിസ്സാര വോട്ടിന് കടന്നുകൂടി. തെക്കന്‍ സംസ്ഥാനമായ ബൊളിവാറില്‍ പരാജയപ്പെട്ട പ്രതിപക്ഷ സ്ഥാനാര്‍ഥി ഔദ്യോഗിക ഫലം അംഗീകരിക്കാന്‍ വിസമ്മതിച്ചു. തന്റെ പരാജയത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങാന്‍ അദ്ദേഹം അനുയായികളോട് ആവശ്യപ്പെട്ടു. ഷാവേസ് അധികാരത്തില്‍ എത്തിയശേഷമുള്ള 14 വര്‍ഷത്തില്‍ ആദ്യമായാണ് അദ്ദേഹം സജീവമായി പ്രചാരണരംഗത്തില്ലാതെ വെനസ്വേലയില്‍ ഒരു തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍, ഷാവേസിന്റെ അഭാവത്തിലും അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ തന്നെയാണ് തങ്ങളെ ഭരിക്കുകയെന്ന് വെനസ്വേലന്‍ ജനത തെളിയിച്ചു.
""മഹത്തായ വിജയമാണിത്. ഭൂപടം എല്ലാ ദിക്കിലും ചുവന്നിരിക്കുന്നു""-സോഷ്യലിസ്റ്റ് പാര്‍ടി പ്രചാരണ കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് റോഡ്രിഗസ് പറഞ്ഞു. ഷാവേസിന്റെ സഹോദരനും പാര്‍ടി നേതാവുമായ ആദന്‍ ഷാവേസ് സ്വന്തം സംസ്ഥാനമായ ബാരിനാസില്‍ അനായാസ വിജയം നേടി. പ്രസിഡന്റിന്റെ മുന്‍ സൈനിക സഖാവ് ഫ്രാന്‍സിസ്കോ ഏരിയസ് രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ സൂലിയയില്‍ സോഷ്യലിസ്റ്റ് വിരുദ്ധ ഭരണത്തിന് അന്ത്യംകുറിച്ചു. പ്രതിപക്ഷത്തെ പ്രമുഖനായ പാബ്ലോ പെരസാണ് ഇവിടെ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയത്. ചൊവ്വാഴ്ചത്തെ ശസ്ത്രക്രിയക്കുശേഷം ഷാവേസ് പൂര്‍ണ ബോധം വീണ്ടെടുത്തതായും കിടക്കയില്‍ നിന്ന് അദ്ദേഹം നിര്‍ദേശംനല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഹവാനയിലെ ആശുപത്രിയില്‍ ഒപ്പമുള്ള ജോര്‍ജ് അരിയേസ പറഞ്ഞു.
deshabhimani 181212
Labels:
വെനസ്വേല
Subscribe to:
Post Comments (Atom)

No comments:
Post a Comment