Monday, December 17, 2012
371 സ്ത്രീകള്‍ കൊല്ലപ്പെട്ടു; 1661 ബലാത്സംഗം
സംസ്ഥാനത്ത് കഴിഞ്ഞ 11 മാസത്തിനിടെ 371 സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഒന്നരവര്‍ഷത്തിനിടെ 1661 ബലാത്സംഗക്കേസ് റിപ്പോര്‍ട്ടുചെയ്തു. ഈ കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത 199 പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി. യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ വന്നശേഷം കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം കുത്തനെ വര്‍ധിച്ചുവെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ എം ചന്ദ്രനെ രേഖാമൂലം അറിയിച്ചതാണ് ഈ കണക്കുകള്‍.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമം ഇത്രയധികം വര്‍ധിച്ച കാലം വേറെയുണ്ടായിട്ടില്ല. സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളും പെരുകി. സ്ത്രീകള്‍ ആശ്വാസം തേടിയെത്തുന്ന വനിതാ കമീഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ പരാതിക്കാരിയെ ശല്യംചെയ്ത സംഭവം കഴിഞ്ഞദിവസം പുറത്തുവന്നു. പൊതുസ്ഥലങ്ങളില്‍പ്പോലും സ്ത്രീകള്‍ അതിക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്നു. അടുത്തകാലത്ത് ട്രെയിനില്‍വച്ച് സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട നിരവധി സംഭവങ്ങളുണ്ടായി.
കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ പ്രതിദിനം സ്ത്രീകള്‍ക്കെതിരായ 20 കുറ്റകൃത്യം റിപ്പോര്‍ട്ടുചെയ്യുന്നുവെന്ന് ക്രൈംറെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. പറവൂര്‍, കോതമംഗലം, വൈപ്പിന്‍, കോഴിക്കോട്, ഏറ്റവുമൊടുവില്‍ മരട് എന്നിവിടങ്ങളില്‍ പെണ്‍വാണിഭസംഭവങ്ങള്‍ ഉണ്ടായി. ഈ കേസുകളില്‍ പ്രതികളെ മുഴുവന്‍ പിടികൂടാനോ കുറ്റപത്രം സമര്‍പ്പിക്കാനോ സര്‍ക്കാര്‍ തയ്യാറാകാത്തത് കുറ്റവാളികള്‍ക്ക് പ്രചോദനമാകുന്നു. പതിമൂന്നുകാരിയെ അച്ഛനും 15 വയസ്സുള്ള സഹോദരനും പീഡിപ്പിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഞെട്ടലോടെയാണ് കേരളസമൂഹം കേട്ടത്. അച്ഛനും അമ്മയും ചേര്‍ന്ന് പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവച്ചതാണ് മരട് പെണ്‍വാണിഭം. ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍ തുടങ്ങിയ സാങ്കേതികവിദ്യയുടെ പുത്തന്‍സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള സ്ത്രീപീഡനങ്ങള്‍ വര്‍ധിച്ചു. ഫോണിലൂടെ ചങ്ങാത്തംകൂടുന്നവരുടെ പീഡനത്തിന് ഇരയായവര്‍ നിരവധിയാണ്. സൈബര്‍നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിലെ വീഴ്ചയാണ് ഇതിനുപിന്നില്‍.
സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കേണ്ട പൊലീസില്‍നിന്നുതന്നെ ദുരനുഭവം ഉണ്ടാവുകയാണ്. ആലപ്പുഴയില്‍ അവിഹിതം ആരോപിച്ച് ദമ്പതിമാരെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി അതിക്രൂരമായ മാനസികപീഡനത്തിന് ഇരയാക്കിയത് യുഡിഎഫ് ഭരണത്തിലെ പൊലീസിന്റെ വഴിവിട്ട പോക്കിന് തെളിവാണ്. അധികാരം ദുരുപയോഗംചെയ്ത് പരാതിക്കാരിയെ വലയിലാക്കാന്‍ ശ്രമിച്ച വനിതാ കമീഷന്‍ സിഐയുടെ പ്രവൃത്തി അധികാര കേന്ദ്രങ്ങളില്‍നിന്ന് സ്ത്രീകള്‍ക്ക് നീതി ലഭിക്കുകയില്ലെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി.
ചില ജില്ലകളില്‍ എല്ലാ സംഭവങ്ങളെയും വര്‍ഗീയപശ്ചാത്തലത്തില്‍ നോക്കിക്കാണുന്ന സ്വഭാവം വളര്‍ന്നുവരുന്നതായി ആഭ്യന്തരമന്ത്രി നിയമസഭയെ അറിയിച്ചു. ഏതു നിസ്സാരസംഭവവും വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമമാണ് ഇതിനുപിന്നില്‍. ഇത്തരം സംഭവങ്ങളെപ്പറ്റി കേന്ദ്രത്തിന് ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രി അഭിപ്രായപ്രകടനം നടത്തിയതെന്ന് കരുതുന്നതായും കോടിയേരി ബാലകൃഷ്ണന്‍, കെ കെ ലതിക, രാജു എബ്രഹാം, ബാബു എം പാലിശേരി എന്നിവര്‍ക്ക് മന്ത്രി മറുപടി നല്‍കി.
deshabhimani 181212
Labels:
ക്രമസമാധാനം,
വലതു സര്‍ക്കാര്‍,
സമൂഹം,
സ്ത്രീ
Subscribe to:
Post Comments (Atom)

No comments:
Post a Comment