Monday, December 17, 2012

ബൈലൈനുകള്‍ക്ക് ഒരു കൈ സഹായം


“പിണറായി വരുമോ മണിയെ കാണാന്‍? പാര്‍ട്ടിപ്രവര്‍ത്തകര്‍ തല പുകയ്ക്കുന്നു“ എന്ന മനോരമ വാര്‍ത്ത തലക്കെട്ട് കണ്ടാലറിയാം പിണറായി വന്നാല്‍ എന്തെഴുതണം, വന്നില്ലെങ്കില്‍ എന്തെഴുതണം എന്നാലോചിച്ച് തലപുകയ്ക്കുകയാണ് മനോരമയിലെ ബൈലൈനുകള്‍ എന്ന്. അവര്‍ക്ക് ഒരു കൈസഹായമായി രണ്ട് വാര്‍ത്തകള്‍ പടച്ച് വിടുന്നു. അല്പം ഭാവന വികസിപ്പിച്ചാല്‍ ഒരു സ്റ്റോറിയായി ഡെവലപ് ചെയ്യാന്‍ പറ്റിയ ഹ്രസ്വ കുറിപ്പുകള്‍. പിണറായി വന്നാല്‍ ആദ്യത്തേതിലും വന്നില്ലെങ്കില്‍ രണ്ടാമത്തേതിലും പണിയണം ബൈലൈനുകളേ.... മാറിപ്പോകരുത്. പ്ലീസ്...

പിണറായി മണിയെ സന്ദര്‍ശിച്ചു

ഇടുക്കി: വി.എസ് അച്ചുതാനന്ദന്‍ മണിയെ സന്ദര്‍ശിച്ച് ദിവസങ്ങള്‍ കഴിഞ്ഞതിനു ശേഷവും പാര്‍ട്ടി സെക്രട്ടറി മണിയെ സന്ദര്‍ശിക്കാത്തത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ തലപുകയുന്ന വിവാദമായതിനെ തുടര്‍ന്ന് പിണറായി മണിയെ കാണാനെത്തി. രാവിലെ മണിയെ കാണാനെത്തിയ പിണറായി മണിയോട് കുശലപ്രശ്നം നടത്തി. അതിനു ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ മാറ്റി നിര്‍ത്തി മണിയോട് സ്വകാര്യമായി സംഭാഷണം നടത്താന്‍ തുനിഞ്ഞെങ്കിലും ഇടുക്കിയിലെ വി.എസ്. പക്ഷക്കാര്‍ മാറാതെ നിന്നതിനാല്‍ ശ്രമം വിഫലമായി. ഇനിയും മണിയെ സന്ദര്‍ശിക്കും എന്ന് പിണറായി പറഞ്ഞതിനു പിന്നില്‍ എന്തെങ്കിലും ഗൂഢനീക്കം ഉണ്ടോ എന്നാലോചിച്ച് തലപുകയ്ക്കുകയാണ് ഇടുക്കിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍

പിണറായി മണിയെ സന്ദര്‍ശിക്കാന്‍ മടിക്കുന്നതെന്ത്?

ഇടുക്കി: വി.എസ് അച്ചുതാനന്ദന്‍ മണിയെ സന്ദര്‍ശിച്ച് ദിവസങ്ങള്‍ കഴിഞ്ഞ ശേഷവും പാര്‍ട്ടി സെക്രട്ടറി മണിയെ സന്ദര്‍ശിക്കാത്തത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ തലപുകയുന്ന വിവാദമായിട്ടും മണിയെ സന്ദര്‍ശിക്കാന്‍ പിണറായി തയ്യാറായിട്ടില്ല. മണിയോട് കുശലപ്രശ്നം നടത്തുവാനെങ്കിലും പിണറായി വരണം എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചിന്തിക്കുന്നത്. മണിയോട് മാത്രമായി സംഭാഷണം നടത്തിയാലും തങ്ങള്‍ക്ക് പ്രശ്നമൊന്നുമില്ലെന്ന നിലപാട് അവരെടുത്തിട്ടും പിണറായി മണിയെ സന്ദര്‍ശിക്കാതിരിക്കുന്നതിനു പിന്നില്‍ എന്തെങ്കിലും ഗൂഢനീക്കം ഉണ്ടോ എന്നാലോചിച്ച് തലപുകയ്ക്കുകയാണ് ഇടുക്കിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍

No comments:

Post a Comment