Monday, December 17, 2012

20.50 രൂപ അരി വിതരണവും മുടങ്ങി


കമീഷന്‍ വര്‍ധിപ്പിക്കാതെ അരി എടുക്കില്ലെന്ന് റേഷന്‍ മൊത്തവ്യാപാരികള്‍ അറിയിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കിലോയ്ക്ക് 20.50 നിരക്കിലുള്ള അരി വിതരണം മുടങ്ങി. പൊതുവിപണിയില്‍ അരിവില കുതിക്കുകയാണ്. ഒരുലക്ഷം ടണ്‍ അരി അനുവദിച്ചെന്നായിരുന്നു കേന്ദ്ര ഭക്ഷ്യ സഹമന്ത്രി കെ വി തോമസിന്റെ പ്രഖ്യാപനം. എന്നാല്‍ സംസ്ഥാനത്ത് വിതരണത്തിനൊരുങ്ങുന്നത് 60,000 ടണ്‍ അരി മാത്രവും. എപില്‍, ബിപിഎല്‍ വിഭാഗങ്ങളിലായി 58 ലക്ഷം കാര്‍ഡുടമകളുള്ള സംസ്ഥാനത്ത് പത്ത് കിലോ അരി വീതം നല്‍കാന്‍ ഇത് തികയില്ല. കോട്ടയത്ത് 3659 ടണ്‍ അരിയാണ് 20.50 രൂപയ്ക്ക് വിതരണം ചെയ്യാന്‍ അനുവദിച്ചത്. കമീഷന്‍ വര്‍ധിപ്പിക്കാത്തതിനാല്‍ മൊത്തവ്യാപാരികള്‍ അരി എടുത്തില്ലെന്ന് ജില്ലാസപ്ലൈ ഓഫീസര്‍ ടി കെ ശിവപ്രസാദ് പറഞ്ഞു. കമീഷന്‍ കിലോയ്ക്ക് ഇപ്പോഴുള്ള 24 പൈസയില്‍നിന്ന് 1.40 രൂപയാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. കയറ്റിറക്കും ചരക്കുകൂലിയും അടക്കം പത്ത് ടണ്‍ അരി എത്തിക്കാന്‍ 11,000 രൂപയാകും. കിലോയ്ക്ക് ഒരു രൂപ കമീഷന്‍ നല്‍കിയാലും സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കേരള റേഷന്‍ ഹോള്‍സെയില്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സന്തോഷ് വര്‍ഗീസ് പറഞ്ഞു.

അതേസമയം പൊതുവിപണിയില്‍ കുത്തരിയുടെ വില 42 രൂപ മുതല്‍ 44 വരെ ആയി. വെള്ളയരിയായ സുരേഖയും ജയയും 30-32 രൂപയ്ക്കാണ് ചില്ലറ വില്‍പ്പന. ഓപ്പണ്‍മാര്‍ക്കറ്റ് സെയില്‍സ് സ്കീം (ഒഎംഎസ്) പ്രകാരമാണ് പ്രത്യേക സാഹചര്യങ്ങളില്‍ എഫ്സിഐ അരി നല്‍കുന്നത്. ഈ സ്കീമില്‍ ഓണക്കാലത്ത് അനുവദിച്ച അരി വിതരണം ചെയ്യാനും സര്‍ക്കാരിനായില്ല. മുഴുവന്‍ കാര്‍ഡുടമകള്‍ക്കും മൂന്നുമാസത്തേക്ക് പത്ത് കിലോ വീതം അരി ഇങ്ങനെ ലഭിക്കുമായിരുന്നു. എന്നാല്‍ മൊത്തവ്യാപാരികളുടെ കമീഷന്‍ പ്രശ്നം പരിഹരിക്കാതെ സര്‍ക്കാര്‍ അരി വിതരണം മുടക്കി. ഒരു രൂപ നിരക്കില്‍ ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് 25 കിലോ, അന്ത്യോദയ കാര്‍ഡുകാര്‍ക്ക് 35 കിലോ, എപില്‍ വിഭാഗത്തിന് 8.90 രൂപ നിരക്കില്‍ പത്ത് കിലോ വീതമാണ് മാസം റേഷന്‍കടകള്‍ വഴി വിതരണം ചെയ്യേണ്ടത്. എപിഎല്‍ വിഭാഗത്തിന് ഈ അളവ് തീര്‍ത്തും കുറവായതിനാല്‍ പൊതുവിപണിയെയാണ് ഇവര്‍ ആശ്രയിക്കുന്നത്. അതേസമയം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ വിലക്കയറ്റം തടയാന്‍ കിലോഗ്രാമിന് 12.70 രൂപ നിരക്കില്‍ അരി നല്‍കിയിരുന്നു. ഇതേ സ്കീമിലുള്ള അരിയാണ് ഇപ്പോള്‍ 20.50 രൂപയ്ക്ക് വില്‍ക്കാനൊരുങ്ങുന്നത്.
(സിബി ജോര്‍ജ്)

deshabhimani 171212

No comments:

Post a Comment