Monday, December 17, 2012

കര്‍ഷകത്തൊഴിലാളികളുടെ ആനുകൂല്യവിതരണം മുടങ്ങി


വിരമിക്കല്‍ ആനുകൂല്യം ഉള്‍പ്പെടെ കര്‍ഷകത്തൊഴിലാളികള്‍ക്ക് നല്‍കുന്ന വിവിധ ആനുകൂല്യങ്ങളുടെ വിതരണം നിലച്ചു. വിരമിക്കല്‍ ആനുകൂല്യം മാത്രം നൂറുകോടിയോളം രൂപയാണ് കുടിശ്ശിക. മരിച്ച ക്ഷേമനിധി അംഗങ്ങളുടെ ആശ്രിതര്‍ക്കുള്ള ധനസഹായമായി 3.7 കോടി രൂപയും വിവാഹധനസഹായമായി 12 കോടിയോളം രൂപയും നല്‍കാനുണ്ടെന്നാണ് ക്ഷേമനിധി ബോര്‍ഡിന്റെ ഏകദേശ കണക്ക്. യഥാര്‍ഥത്തില്‍ ഇതിലും കൂടുതല്‍ തുക കുടിശ്ശികയുണ്ടെന്ന് ബോര്‍ഡ് അധികൃതര്‍തന്നെ സമ്മതിക്കുന്നു. യുഡിഎഫ് അധികാരത്തില്‍ വന്നശേഷം 2010 മുതല്‍ 2012 വരെയുള്ള വിരമിക്കല്‍ ആനുകൂല്യ വിതരണമാണ് മുടങ്ങിയത്.

ആനുകൂല്യത്തിന് അര്‍ഹരായ കര്‍ഷകത്തൊഴിലാളികളുടെ എണ്ണവും കണക്കും സൂക്ഷിക്കുന്നതിലും തയ്യാറാക്കുന്നതിലും ബോര്‍ഡ് വന്‍വീഴ്ചയാണ് വരുത്തിയത്. കുടിശ്ശികയായി 1.30 ലക്ഷം കര്‍ഷകത്തൊഴിലാളികള്‍ക്ക് 98 കോടി രൂപ നല്‍കാനുണ്ടെന്നാണ് ഔദ്യോഗികകണക്ക്. വനിതകളായ ക്ഷേമനിധി അംഗത്തിനും പെണ്‍മക്കള്‍ക്കും നല്‍കുന്നതാണ് വിവാഹധനസഹായം. ഇത് 59,000 പേര്‍ക്ക് 12 കോടി രൂപ നല്‍കാനുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കുടിശ്ശികയടക്കം 114.9 കോടി രൂപയാണ് വിതരണം ചെയ്തത്. ബോര്‍ഡ് പ്രവര്‍ത്തനവും മികച്ച നിലയിലായിരുന്നു. സ്വന്തം കക്ഷിക്കാരെ പ്രീതിപ്പെടുത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചത് പ്രവര്‍ത്തനം താറുമാറാക്കാന്‍ ഇടയാക്കി. കര്‍ഷകത്തൊഴിലാളികളുടെ വിവിധ ക്ഷേമപദ്ധതികള്‍ക്കായി രൂപീകരിച്ച ബോര്‍ഡില്‍ 17 ലക്ഷത്തിലധികം തൊഴിലാളികളാണുള്ളത്. വിരമിക്കുമ്പോള്‍ അതിവര്‍ഷാനുകൂല്യമായി ലഭിക്കുന്ന തുക കര്‍ഷകത്തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസമായിരുന്നു. 18 മുതല്‍ 55 വയസ്സുവരെ ക്ഷേമനിധിയില്‍ ചേരാം. 60 വയസാണ് വിരമിക്കല്‍ പ്രായം. മാസം അഞ്ചു രൂപവച്ച് തൊഴിലാളി ഒരു വര്‍ഷത്തേക്ക് 60 രൂപ അടയ്ക്കണം. സര്‍ക്കാര്‍വിഹിതവും ഒരു വര്‍ഷത്തേക്ക് 60 രൂപയാണ്. ഇത് ഉള്‍പ്പെടെ ക്ഷേമനിധി ബോര്‍ഡില്‍നിന്ന് ഒരു വര്‍ഷത്തേക്ക് 625 രൂപയാണ് തൊഴിലാളിക്കുള്ളത്. 60 വയസ്സില്‍ വിരമിക്കുമ്പോള്‍ അംഗത്വം എടുത്ത ദിവസം മുതല്‍ കണക്കാക്കിയാണ് വിരമിക്കല്‍ ആനുകൂല്യം ലഭിക്കുക. പരമാവധി 25,000 രൂപ ലഭിക്കും. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ വിരമിച്ച ലക്ഷക്കണക്കിന് കര്‍ഷകത്തൊഴിലാളികളാണ് ഈ ആനുകൂല്യത്തിനായി ക്ഷേമനിധിബോര്‍ഡ് ഓഫീസില്‍ കയറിയിറങ്ങുന്നത്.
(ടി വി വിനോദ്)

deshabhimani 171212

No comments:

Post a Comment