Wednesday, December 19, 2012
അനാചാരങ്ങള്‍ക്കെതിരെ 21 മുതല്‍ കര്‍ണാടകത്തില്‍ പദയാത്രകള്‍
മടെസ്നാന, പന്തിഭേദ തുടങ്ങി കര്‍ണാടകത്തില്‍ നടമാടുന്ന അനാചാരങ്ങള്‍ക്കെതിരെ സിപിഐ എം സംഘടിപ്പിക്കുന്ന പദയാത്രകള്‍ 21 ന് ആരംഭിക്കും. കൂക്കെ സുബ്രമണ്യക്ഷേത്ര പരിസരത്തുനിന്ന് ആരംഭിക്കുന്ന പദയാത്ര 23ന് മംഗളൂരുവിലെത്തും. തുടര്‍ന്ന് ഉഡുപ്പിയിലേക്ക് മാര്‍ച്ച് ചെയ്യും. 24ന് ബയന്തൂരില്‍നിന്ന് ഇരുചക്രവാഹന റാലിയും, കുന്ദാപുരത്തുനിന്ന് അനുബന്ധജാഥയും ആരംഭിക്കും. എല്ലാ ജാഥകളും 27ന് ഉഡുപ്പിയില്‍ പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമാപിക്കും. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എം എ ബേബി, ബി വി രാഘവലു എന്നിവര്‍ പൊതുസമ്മേളനത്തില്‍ സംബന്ധിക്കുമെന്ന് സിപിഐ എം നേതാക്കള്‍ ബംഗളൂരുവില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അയിത്തം, അനാചാരം, ദളിത്പീഡനം എന്നിവക്കെതിരെയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സിപിഐ എംപ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുന്നത്. ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ഓരോ ഭാഗമായി ജാതിതിരിച്ചാണ് ഉഡുപ്പി ക്ഷേത്രത്തില്‍ ഇപ്പോഴും ഭക്ഷണം നല്‍കുന്നത്. ബ്രാഹ്മണരുടെ എച്ചിലിലയില്‍ മറ്റു സമുദായക്കാര്‍ ശയനപ്രദിക്ഷണം നടത്തുന്ന "മടെസ്നാ" എന്ന ദുരാചാരം കൂക്കെ സുബ്രമണ്യക്ഷേത്രത്തില്‍ ഇപ്പോഴും തുടരുന്നു. നേരത്തേ ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് "മടെസ്നാ" നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ "എടെസ്നാ" എന്ന പേരില്‍ മറ്റൊരു രീതിയില്‍ ഈ ദുരാചാരം അരങ്ങേറുന്നു. ഇലയില്‍ "പ്രസാദം" വിളമ്പി അതില്‍ ശയനപ്രദക്ഷിണം നടത്തുന്ന സമ്പ്രദായമാണ് ഇപ്പോഴുള്ളത്. പഴയ അനാചാരത്തില്‍നിന്ന് വ്യത്യസ്തമല്ലാത്തതാണ് "എടെസ്നാ" എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ജി വി ശ്രീറാം റെഡ്ഡി പറഞ്ഞു. ആദിവാസികളെയും മലെകുടിയ വിഭാഗങ്ങളിലുള്ളവരെയുമാണ് ഇത്തരം ദുരാചാരങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. ജാതിയ അനാചാരങ്ങളും ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാന്‍ ആദിവാസികളെയും ദളിത് സംഘടനകളെയും ഒരുമിച്ചുനിര്‍ത്തി തുടര്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ വി ജെ കെ നായര്‍, ജി എന്‍ നാഗരാജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
യൂത്ത് മാര്‍ച്ച് യെച്ചൂരി ഉദ്ഘാടനം ചെയ്യും
തിരു: "ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ച് ജനുവരി നാലിന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്യും. ജാതിസംഘടനകളുടെ വിലപേശലുകള്‍ക്കും വര്‍ഗീയവാദികളുടെ നീക്കങ്ങള്‍ക്കും വര്‍ഗീയത വളര്‍ത്തുന്ന യുഡിഎഫ് സര്‍ക്കാരിനുമെതിരായ ജനകീയ ഇടപെടലായി യൂത്ത് മാര്‍ച്ച് മാറുമെന്ന് സെക്രട്ടറി ടി വി രാജേഷും പ്രസിഡന്റ് എം സ്വരാജും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നവോത്ഥാനം ഉഴുതുമറിച്ച കേരളത്തില്‍ സമീപകാലത്തായി ജാതീയതയും മതവര്‍ഗീയതയും തലപൊക്കുകയാണ്. ജാതി-മത സാമുദായിക സംഘടനകള്‍ സംസ്ഥാനഭഭരണത്തില്‍ പരസ്യമായി ഇടപെടുകയും വിലപേശുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ജനുവരി നാലിന് കാസര്‍കോട്ട് ഉദ്ഘാടനംചെയ്യുന്ന മാര്‍ച്ച് ഫെബ്രുവരി നാലിന് തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും. സമാപനത്തോടനുബന്ധിച്ച് ഒരു ലക്ഷം യുവാക്കള്‍ പങ്കെടുക്കുന്ന റാലി നടക്കും. മാര്‍ച്ചിന് സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയും പ്രസിഡന്റ് എം സ്വരാജും നേതൃത്വം നല്‍കും. 32 ദിവസം നീളുന്ന യൂത്ത് മാര്‍ച്ചില്‍ ഒരേ സമയം 2000 യുവജനങ്ങള്‍ അണിനിരക്കും. 12 ജില്ലയിലൂടെ യൂത്ത് മാര്‍ച്ച് പര്യടനം നടത്തും. ഇടുക്കി, വയനാട് ജില്ലകളില്‍ അനുബന്ധ യൂത്ത് മാര്‍ച്ചുകളും പര്യടനം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ കെ എസ് സുനില്‍കുമാര്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ പി എ മുഹമ്മദ് റിയാസ്, എ എന്‍ ഷംസീര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani
Labels:
അന്ധവിശ്വാസം,
പോരാട്ടം
Subscribe to:
Post Comments (Atom)
No comments:
Post a Comment