Wednesday, December 19, 2012
ഡല്‍ഹി പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം
തലസ്ഥാന നഗരിയിലെ സുരക്ഷാവീഴ്ചയില്‍ ഡല്‍ഹി പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഓടിക്കൊണ്ടിരുന്ന ബസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാല്‍സംഗം ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ വിമര്‍ശനം.
പെണ്‍കുട്ടി 40 മിനിറ്റോളം ബലാല്‍സംഗത്തിനിരയായ മേഖലയിലെ പൊലീസ് പട്രോളിങ്ങിനെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ രണ്ട് ദിവസത്തിനുളളില്‍ ഹാജരാക്കാന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. പീഡനത്തിനിരയായ കുട്ടിക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ഡല്‍ഹി സര്‍ക്കാരിനും കോടതി നിര്‍ദേശം നല്‍കി. ഡല്‍ഹി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം പീഡനക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ അഞ്ച് പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം നടപടികള്‍ സ്വീകരിച്ചിരുന്നു.
പീഡനത്തിന്റെ പശ്ചാത്തലത്തില്‍ ബസുകളിലെ കര്‍ട്ടനുകളും ടിന്റഡ് ചില്ലുകളും അടിയന്തരമായി മാറ്റുമെന്ന് ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ രാജ്യസഭയെ അറിയിച്ചു. ഡ്രൈവര്‍മാരുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഹെല്‍പ്പ് ലൈന്‍ നമ്പറും ബസുകളില്‍ പ്രദര്‍ശിപ്പിക്കും. ബസുകള്‍ ഓട്ടം കഴിഞ്ഞ് പാര്‍ക്കു ചെയ്യുന്നത് ഉടമസ്ഥരുടെ ഉത്തരവാദിത്വത്തിലായിരിക്കണമെന്നും ജീവനക്കാരുടെ പൂര്‍ണ്ണ വിവരങ്ങള്‍ അധികൃതരെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. രാത്രി കാലങ്ങളില്‍ സര്‍വീസ് നടത്തുന്ന ബസുകളില്‍ വെളിച്ചം നിര്‍ബന്ധമാക്കാനുള്ള സംവിധാനമേര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തതില്‍ പ്രതിഷേധമിരമ്പി
തിരു: ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തതില്‍ തലസ്ഥാനത്ത് പ്രതിഷേധം ഇരമ്പി. ചൊവ്വാഴ്ച യൂണിവേഴ്സിറ്റി കോളേജിനുമുന്നില്‍നിന്ന് ആരംഭിച്ച പ്രതിഷേധപ്രകടനത്തില്‍ നൂറുകണക്കിന് സ്ത്രീകളും കോളേജ് വിദ്യാര്‍ഥികളും വായ മൂടിക്കെട്ടി പങ്കാളികളായി. പെണ്‍കുട്ടികള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അക്രമങ്ങളില്‍ സുരക്ഷ ഉറപ്പാക്കാത്ത സംസ്ഥാനസര്‍ക്കാരിന് ശക്തമായ താക്കീതായി പ്രകടനം മാറി. മഹിളാ അസോസിയേഷന്റെയും വനിതാസാഹിതിയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി സംസാരിച്ചു. യൂണിവേഴ്സിറ്റി കോളേജിലെ എല്ലാ പെണ്‍കുട്ടികളും പ്രകടനത്തില്‍ പങ്കെടുത്തത് ശ്രദ്ധേയമായി.
രാജ്യതലസ്ഥാനം സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല സോണിയ
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി. ഓടുന്ന ബസില്‍ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി ചികില്‍സയില്‍ കഴിയുന്ന സഫ്ദര്‍ ജംഗ് ആശുപത്രിയിലെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു സോണിയ. രാജ്യത്തിന് നാണക്കേടായ സംഭവത്തില്‍ അന്വേഷണ ഏജന്‍സികളും സര്‍ക്കാരും ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. നമ്മുടെ പെണ്‍കുട്ടികളും അമ്മമാരും സഹോദരിമാരും ഡല്‍ഹി നഗരത്തില്‍ അരക്ഷിതരായിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കരുതെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനും ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേക്കും അയച്ച കത്തില്‍ സോണിയ ആവശ്യപ്പെട്ടു.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment