കേരളത്തില്‍ അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റത്തിനെതിരെ അതിശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. അതിന്റെ ഭാഗമായി 31ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 വരെ സെക്രട്ടേറിയറ്റ് നടയില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സംസ്ഥാന നേതാക്കളും ഘടകകക്ഷികളിലെ പ്രസിഡന്റ്, സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന ഭാരവാഹികളും എംഎല്‍എമാരും എംപിമാരും ഉപവാസ സമരം നടത്തുന്നതിന് തീരുമാനിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളുടെ ഭാഗമായി അതിരൂക്ഷമായ വിലക്കയറ്റമാണ് രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധനവ്, വളം സബ്സിഡി ഉള്‍പ്പെടെ എടുത്തുമാറ്റുന്ന കേന്ദ്രസര്‍ക്കിന്റെ നയം, ഊഹക്കച്ചവടവും അവധി വ്യാപാരവും അനുവദിക്കുന്ന സര്‍ക്കാര്‍ നയം, പൂഴ്ത്തിവെപ്പുക്കാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും ഒത്താശ ചെയ്തുകൊടുക്കുന്ന നയസമീപനങ്ങള്‍ തുടങ്ങിയവയാണ് ഇത്തരം പ്രതിസന്ധി സൃഷ്ടിക്കുന്നതിന് ഇടയായിട്ടുള്ളത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലാവട്ടെ സ്ഥിതിഗതികള്‍ അതീവഗുരുതരവുമാണ്. അരിയുടെ വില 38 മുതല്‍ 50 രൂപവരെയായി ഉയര്‍ന്നിരിക്കുകയാണ്. പച്ചക്കറിക്കും പലവ്യഞ്ജനങ്ങള്‍ക്കും നാളിതുവരെ ഇല്ലാത്ത വിലക്കയറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന വിധത്തിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരാവട്ടെ ഇത് പരിഹരിക്കുന്നതിനുള്ള യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കുന്നില്ല. പൊതുവിതരണ സമ്പ്രദായത്തെ ശക്തിപ്പെടുത്തിക്കൊണ്ട് ഇടപെടേണ്ട സംസ്ഥാന സര്‍ക്കാരാവട്ടെ അത്തരം സംവിധാനങ്ങളെ മുഴുവന്‍ തകര്‍ത്തുകളഞ്ഞിരിക്കുകയാണ്. റേഷന്‍ സബ്സിഡി തന്നെ എടുത്തുകളഞ്ഞുകൊണ്ട് ആ സംവിധാനത്തേയും തകര്‍ക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായിരിക്കുകയാണ്. മാവേലി സ്റ്റോറിലും കണ്‍സ്യൂമര്‍ ഫെഡിന്റെ വിവിധ സ്റ്റോറുകളിലും അരിയും പലവ്യഞ്ജനവും കിട്ടാത്ത നിലയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. റേഷന്‍ കടകളില്‍ പോലും അരി ലഭിക്കാത്ത അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് ഉണ്ടായിട്ടുള്ളത്. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനുള്ള യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.
എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് സഹകരണമേഖലയെ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തിക്കൊണ്ട് പൊതുവിതരണ സമ്പ്രദായത്തെ ശക്തിപ്പെടുത്തിയും നടത്തിയ ഇടപെടല്‍ രാജ്യത്തിനാകമാനം മാതൃകയായിട്ടുള്ളതായിരുന്നു. ഉല്‍പാദനകേന്ദ്രങ്ങളില്‍ ചെന്ന് ഉല്‍പന്നങ്ങള്‍ സംഭരിക്കുന്ന നയമായിരുന്നു എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഇന്ത്യയില്‍ ആകമാനം വിലക്കയറ്റം രൂക്ഷമായപ്പോള്‍ അത് ഏറെയൊന്നും ബാധിക്കാതെ പോയ സംസ്ഥാനമായി കേരളം മാറിയത് ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ പാടെ മാറിയിരിക്കുകയാണ്. കേരള ജനതയുടെ കുടുംബ ബജറ്റ് ആകമാനം താളം തെറ്റിയിരിക്കുകയാണ്. രൂക്ഷമായ വിലക്കയറ്റത്തിന് പുറമെ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന, ബസ് ചാര്‍ജ്ജ് വര്‍ദ്ധന, പാലിനും വെള്ളത്തിനും ഉള്ള വില വര്‍ദ്ധനവ് - ഇത്തരത്തില്‍ ജനജീവിതം ആകമാനം ദുസ്സഹമാക്കിക്കൊണ്ടാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണം മുന്നോട്ട് പോകുന്നത്. ജീവന്‍രക്ഷാ ഔഷധങ്ങള്‍ക്കുപോലും ഭീമമായ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്.
നാളികേരത്തിന് ഇരുപത്തഞ്ചുവര്‍ഷം മുമ്പുണ്ടായിരുന്ന വില പോലും ഇന്ന് ലഭിക്കുന്നില്ല എന്ന ഗുരുതരമായ സ്ഥിതിയും സംജാതമായിരിക്കുകയാണ്. കേരളത്തിലെ ജനത എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകും എന്ന പ്രശ്നം സജീവമായി ഉയര്‍ന്നിരിക്കുന്ന അവസരത്തില്‍, ഇതില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ഈ സാഹചര്യത്തില്‍ യഥാര്‍ത്ഥ ജനകീയ പ്രശ്നങ്ങളിലേക്ക് ജനശ്രദ്ധ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടുകൂടിയും അവ പരിഹരിക്കുന്നതിനുമാണ് സത്യാഗ്രഹസമരം നടത്തുന്നത്. തുടര്‍ന്ന് സംസ്ഥാനത്താകമാനം ഉയര്‍ന്നുവരാന്‍ പോകുന്ന ജനമുന്നേറ്റത്തില്‍ നാടിനെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും പിന്തുണ ഉണ്ടാവണമെന്നും വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു.
deshabhimani 191212
No comments:
Post a Comment