Tuesday, December 18, 2012

കോണ്‍ഗ്രസ് കണ്‍സള്‍ട്ടന്‍സി കച്ചവടത്തിലേക്ക്


കോണ്‍ഗ്രസ് ഇനി വികസന പദ്ധതികളുടെ കണ്‍സള്‍ട്ടന്‍സി രംഗത്തേയ്ക്ക്. വികസന വിശാരദന്മാര്‍ വാഴുന്ന സംസ്ഥാന ആസൂത്രണ ബോര്‍ഡിനുപോലും കോണ്‍ഗ്രസ് കണ്‍സള്‍ട്ടന്‍സി. കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനെ വികസന പദ്ധതികള്‍ക്കുവേണ്ടി 'വിദഗ്ധരെ' നല്‍കുന്ന കേന്ദ്രമായി ആസൂത്രണ ബോര്‍ഡ് അംഗീകരിച്ചത് ഇതോടെ വിവാദമാകുന്നു.
ബോര്‍ഡ് കഴിഞ്ഞ ദിവസം നിയമിച്ച അന്‍പത് ഗ്രാമ വികസന കണ്‍സള്‍ട്ടിംഗ് ഏജന്‍സികളില്‍ മുപ്പതോളം കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിലുള്ള തരികിട സ്ഥാപനങ്ങള്‍ എന്ന് ആരോപണം. ജനശ്രീ എന്ന കോണ്‍ഗ്രസിന്റെ സംഘടനയെ കുടുംബശ്രീക്കെതിരെ വളര്‍ത്തിക്കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടത്തുന്ന വഴിവിട്ട ശ്രമങ്ങള്‍ ഒന്നൊന്നായി പാളുന്നതിനിടയില്‍ ജനശ്രീ സുസ്ഥിര വികസന മിഷന്‍ എന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്റെ പോക്കറ്റ് സംഘടനയേയും വികസന പ്രോജക്ടുകള്‍ തയ്യാറാക്കാനുള്ള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായി ആസൂത്രണബോര്‍ഡ് അംഗീകരിച്ചത് ഈ രംഗത്തെ വിദഗ്ധരെ ഞെട്ടിച്ചു.

രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഡവലപ്‌മെന്റ് സ്റ്റഡീസ് എന്ന കടലാസു സംഘടനയ്ക്കും കിട്ടി കണ്‍സള്‍ട്ടന്‍സി പട്ടം. ഇന്ദിരാ ഭവനില്‍ ആണ് ഈ സ്ഥാപനത്തിന്റെ കുടികിടപ്പ്. വിവിധ മേഖലകള്‍ കണ്ടെത്തുകയും അവലോകനം ചെയ്ത് പ്രായോഗിക ക്ഷമതനോക്കി പദ്ധതികള്‍ തയ്യാറാക്കുകയുമാണ് കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളുടെ ചുമതല. വന്‍തുകകള്‍ കോണ്‍ഗ്രസ് സംഘടനകള്‍ക്കു ഒഴുക്കിക്കൊടുക്കാനാണ് ആസൂത്രണ ബോര്‍ഡിനെ കരുവാക്കിയിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സ്ത്രീ ശാക്തീകരണത്തിനും വികസനരംഗത്തെ ഉജ്ജ്വല നേട്ടങ്ങള്‍ക്കും നേതൃത്വം നല്‍കി വരുന്ന കുടുംബശ്രീയുടെ വികസന ദര്‍ശനങ്ങള്‍ നിരവധി സംസ്ഥാനങ്ങള്‍ പകര്‍ത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തട്ടികൂട്ടിയ ജനശ്രീയെ ആസൂത്രണത്തില്‍ വിദഗ്‌ധോപദേശം നല്‍കാന്‍ ക്ഷണിച്ച് സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് കടുംകൈ കാട്ടിയിരിക്കുന്നത്.

ഇനി ഈ 'വിദഗ്ധ' കണ്‍സള്‍ട്ടന്‍സികളുടെ പട്ടിക സംസ്ഥാനത്തെ എല്ലാ വകുപ്പു സെക്രട്ടറിമാര്‍ക്കും വിവിധ സംസ്ഥാന പ്ലാനിംഗ് ബോര്‍ഡുകള്‍ക്കും കേന്ദ്ര ആസൂത്രണ കമ്മിഷനും അയക്കും. കോണ്‍ഗ്രസിന്റെ സംഘടനകളാണ് ഇവയില്‍ ഏറെയുമെന്നതിനാല്‍ ഇവയെല്ലാം വികസന വിദഗ്ധരുടെ കൂട്ടായ്മയാണെന്ന മേലൊപ്പും ചാപ്പയും ചാര്‍ത്തിക്കൊടുക്കാന്‍ കേന്ദ്ര ആസൂത്രണ കമ്മിഷനും മടിക്കില്ല. ഇതോടെ കണ്‍സള്‍ട്ടന്‍സി ഫീസ് ഇനത്തില്‍ കോടികളുടെ പൊതുമുതല്‍ ഈ സ്ഥാപനങ്ങളിലേയ്ക്ക് ഒഴുകാന്‍ അരങ്ങൊരുങ്ങും.

ജനശ്രീയുടെ സ്ത്രീശാക്തീകരണ പരിപാടികളെല്ലാം ആസൂത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സജീവ പങ്കാളിത്തം വഹിക്കണമെന്ന് നേരത്തേ നല്‍കിയ നിര്‍ദ്ദേശം ജനശ്രീയടക്കമുള്ള കോണ്‍ഗ്രസ് സംഘടനകളെ പിന്‍വാതിലിലൂടെ കണ്‍സള്‍ട്ടന്റുമാരാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് അന്ന് ഉയര്‍ന്നുവന്ന ആരോപണത്തിന് ഇപ്പോള്‍ സ്ഥിരീകരണമായി.
കേന്ദ്ര ആസൂത്രണ കമ്മിഷന്‍ അംഗം അരുണ്‍ മെയ്‌റ, കമ്മിഷന്റെ മുഖ്യ ഉപദേഷ്ടാവ് ഡോ. പ്രണബ് സെന്‍, കണ്‍വീനര്‍ അരവിന്ദ് മോഡി എന്നിവരടങ്ങുന്ന സമിതിയാണ് കണ്‍സള്‍ട്ടന്റുമാരെ തെരഞ്ഞെടുത്തത്. ഇതില്‍ കോണ്‍ഗ്രസ് ഏജന്‍സികളുടെ പട്ടിക സര്‍ക്കാര്‍ നേരത്തെ തന്നെ ഈ സെലക്ഷന്‍ കമ്മിറ്റിക്കു നല്‍കിയിരുന്നുവെന്ന ആരോപണവുമുണ്ട്. തങ്ങളെ ഒഴിവാക്കി ജനശ്രീക്ക് കണ്‍സള്‍ട്ടന്റ് പട്ടം നല്‍കിയതിനെതിരെ കുടുംബശ്രീ മിഷന്‍ ആസൂത്രണ ബോര്‍ഡിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
(കെ രംഗനാഥ്)

janayugom

No comments:

Post a Comment