Wednesday, December 19, 2012

അഴിമതി ചോദ്യംചെയ്ത എന്‍ജിഒ യൂണിയന്‍ നേതാവിനെ അസോസിയേഷന്‍കാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു


കൊട്ടാരക്കര: അഴിമതി ചോദ്യംചെയ്ത എന്‍ജിഒ യൂണിയന്‍ നേതാവിനെ എന്‍ജിഒ അസോസിയേഷന്‍കാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഫാര്‍മസിസ്റ്റ് സ്റ്റോര്‍ കീപ്പറും എന്‍ജിഒ യൂണിയന്‍ ജില്ലാ കൗണ്‍സില്‍ അംഗവുമായ നിലമേല്‍ ബംഗ്ലാകുന്നില്‍ എ വി കോട്ടേജില്‍ അബ്ദുല്‍ വഹാബി (51)നാണ് വെട്ടേറ്റത്. എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിഅംഗം താമരക്കുടി പ്രദീപ്, ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍നായര്‍, നേതാക്കളായ അജയ്, രാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. താലൂക്കാശുപത്രി സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന മരുന്നും ഉപകരണങ്ങളും അക്രമികള്‍ നശിപ്പിച്ചു.

ചൊവ്വാഴ്ച പകല്‍ 10.45നായിരുന്നു സംഭവം. താലൂക്കാശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡിനും ലേബര്‍ വാര്‍ഡിനും ഇടയിലുള്ള ഫാര്‍മസി സ്റ്റോര്‍ റൂമില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന അബ്ദുല്‍ വഹാബിനെ പത്തോളം വരുന്ന അക്രമികള്‍ ആയുധങ്ങളുമായെത്തി വയറ്റിലും നെഞ്ചിലും വെട്ടുകയും മര്‍ദിക്കുകയുമായിരുന്നു. താലൂക്കാശുപത്രി ജീവനക്കാരനായ സുനില്‍ബാബു വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അക്രമികള്‍ സംഘടിച്ച് എത്തുകയായിരുന്നു. താമരക്കുടി പ്രദീപ് താലൂക്ക് ഓഫീസിലും സുരേന്ദ്രന്‍നായര്‍ ജില്ലാ ട്രഷറിയിലും അജയ് കൃഷിഭവനിലും രാജു കെഐപിയിലും ജീവനക്കാരാണ്. സെക്യൂരിറ്റി ജീവനക്കാരുടെ മൗനാനുവാദത്തോടെയാണ് അക്രമികള്‍ ആശുപത്രി കെട്ടിടത്തിനുള്ളില്‍ കടന്ന് അഴിഞ്ഞാടിയത്. വിലകൂടിയ മരുന്നുകള്‍ സൂക്ഷിക്കുന്ന സ്റ്റോര്‍ റൂമില്‍ അക്രമികള്‍ മരുന്നുകളും മറ്റു ഉപകരണങ്ങളും നശിപ്പിച്ചു. പേവിഷബാധയ്ക്ക് ഉപയോഗിക്കുന്ന വിലകൂടിയ മരുന്നുകള്‍ വരെ നശിപ്പിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരം. ആശുപത്രിയില്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന അഴിമതി ഇദ്ദേഹം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് അസോസിയേഷന്‍ നേതാക്കള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. അടുത്ത കാലത്ത് ആശുപത്രിയില്‍ എസി വാങ്ങിയതുമായി ബന്ധപ്പെട്ട് ബില്ലില്‍ നടത്തിയ കൃത്രിമം ചോദ്യം ചെയ്തതിന്റെ പ്രതികാരമായിട്ടാണ് ആക്രമണം നടത്തിയത്. എന്നാല്‍, അക്രമികളെ സഹായിക്കുന്നതിനായി ആശുപത്രിയില്‍ മരുന്നുകളൊന്നും നശിച്ചിട്ടില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍. സംഭവത്തില്‍ പ്രതിഷേധിച്ചും അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും എഫ്എസ്ഇടിഒ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. യോഗം എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍നായര്‍ ഉദ്ഘാടനംചെയ്തു.

deshabhimani

No comments:

Post a Comment