Wednesday, December 19, 2012
ബാങ്കുകള്‍ കുത്തകകള്‍ കൈയടക്കും
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കിങ് മേഖലയെ തകര്‍ക്കുന്ന പ്രതിലോമകരമായ നിയമഭേദഗതി ലോക്സഭ പാസാക്കി. പൊതു-സ്വകാര്യ മേഖലാ ബാങ്കുകളെ വിദേശകുത്തകകള്‍ക്ക് കൈയടക്കാന്‍ അവസരമൊരുക്കുന്നതും ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ ഗുണഫലങ്ങള്‍ ഒറ്റയടിക്ക് ഇല്ലാതാക്കുന്നതുമാണ് ബാങ്കിങ് നിയമഭേദഗതി ബില്‍ (2011). ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പോടെയാണ് ബില്‍ പാസാക്കിയത്. ബിജെപിയടക്കം മറ്റു പ്രതിപക്ഷപാര്‍ടികള്‍ ബില്ലിനെ പിന്തുണച്ചു. പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കാനും ബാങ്കിങ് സേവനങ്ങള്‍ സാധാരണജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നത് തടയാനുമായി ഇടതുപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ സഭ വോട്ടിനിട്ട് തള്ളി. അനുകൂലമായി 27 വോട്ട് ലഭിച്ചപ്പോള്‍ എതിരായി 205 പേര്‍ വോട്ടുചെയ്തു. സിപിഐ എം അംഗം സെയ്തുള്‍ ഹഖ് മുന്നോട്ടുവച്ച മറ്റ് ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളി. അവധിവ്യാപാരമേഖലയില്‍ പ്രവേശിക്കാന്‍ ബാങ്കുകളെ അനുവദിക്കാന്‍ വ്യവസ്ഥചെയ്യുന്ന ഭേദഗതി സര്‍ക്കാര്‍തന്നെ പിന്‍വലിച്ചു. ബില്‍ വീണ്ടും സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയക്കണമെന്ന ആവശ്യം മന്ത്രി പി ചിദംബരം തള്ളി.
1949ലെ ബാങ്കിങ് റഗുലേഷന്‍ ആക്ട്, 1970ലെയും "80ലെയും ബാങ്കിങ് കമ്പനീസ് (അക്വിസിഷന്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍) ആക്ട് എന്നിവയാണ് ഭേദഗതിചെയ്തത്. ദേശസാല്‍കൃത ബാങ്കുകളിലെ ഓഹരിയുടമകളുടെ വോട്ടവകാശം ഒരുശതമാനത്തില്‍നിന്ന് പത്ത് ശതമാനമായും സ്വകാര്യബാങ്കുകളിലെ ഓഹരിയുടമകളുടെ വോട്ടവകാശം പത്ത് ശതമാനത്തില്‍നിന്ന് 26 ശതമാനമായും ഉയര്‍ത്തും. ബാങ്കുകളുടെ ലയനം, ഏറ്റെടുക്കല്‍ എന്നിവയെ കോമ്പറ്റീഷന്‍ കമീഷന്റെ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കാനും ഭേദഗതി വ്യവസ്ഥചെയ്യുന്നു. ഭേദഗതി നടപ്പാകുന്നതോടെ രാജ്യത്തെ സ്വകാര്യബാങ്കുകളും പൊതുമേഖലാ ബാങ്കുകളും വിദേശകുത്തക കമ്പനികള്‍ക്ക് എളുപ്പത്തില്‍ കൈയടക്കാനാകും. ഗ്രാമീണജനങ്ങള്‍ക്ക് ലഭ്യമായ സേവനങ്ങള്‍ ക്രമേണ ഇല്ലാതാവുകയും ബാങ്കുകള്‍ നഗരകേന്ദ്രീകൃതമാവുകയും ചെയ്യും. ബാങ്കുകള്‍ കോര്‍പറേറ്റ് നിയന്ത്രണത്തിലാകുന്നതോടെ സേവനങ്ങളുടെ മുന്‍ഗണനാക്രമം അട്ടിമറിക്കപ്പെടും. കര്‍ഷകര്‍ക്കും ദരിദ്രവിഭാഗങ്ങള്‍ക്കുമുള്ള വായ്പകളും സേവനങ്ങളും ഇല്ലാതാകും.
നിലവില്‍ പൊതുമേഖലാ ബാങ്കുകളില്‍ 20 ശതമാനംവരെ വിദേശനിക്ഷേപമുണ്ടെങ്കിലും ഒരുശതമാനം മാത്രമാണ് വോട്ടവകാശം. വിദേശനിക്ഷേപകര്‍ക്ക് ഭരണസമിതിയില്‍ കയറിക്കൂടാന്‍ കഴിയില്ലായിരുന്നു. ദേശസാല്‍കൃത ബാങ്കുകളിലെ വോട്ടവകാശം ഒരുശതമാനത്തില്‍നിന്ന് പത്ത് ശതമാനമായി വര്‍ധിപ്പിക്കുന്നതോടെ ഓഹരിയുടമകളായ വിദേശകമ്പനികള്‍ക്ക് ബാങ്കുകളുടെ ഡയറക്ടര്‍ബോര്‍ഡില്‍ ഇടം ലഭിക്കും. ബാങ്കിന്റെ നിക്ഷേപങ്ങളുടെ ഉപയോഗം, ബാങ്കിന്റെ ലയനം, കൈമാറ്റം, ഏറ്റെടുക്കല്‍ തുടങ്ങിയ പ്രധാന തീരുമാനങ്ങള്‍ അവര്‍ക്ക് എടുക്കാന്‍ കഴിയും. സ്വകാര്യബാങ്കുകളില്‍ 74 ശതമാനംവരെ വിദേശനിക്ഷേപമുണ്ടെങ്കിലും നിലവില്‍ 10 ശതമാനമാണ് വോട്ടവകാശം. ഇത് 26 ശതമാനമായി വര്‍ധിക്കും. രണ്ടോ മൂന്നോ സംഘങ്ങള്‍ വിചാരിച്ചാല്‍ ഇന്ത്യയിലെ ഒരു സ്വകാര്യബാങ്കിനെ വിലയ്ക്കെടുക്കാന്‍ ഇതുമൂലം കഴിയും. ബാങ്കുകളിലെ നിക്ഷേപത്തിന്റെ 23 ശതമാനം (സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ) സര്‍ക്കാര്‍ അംഗീകൃത കടപ്പത്രങ്ങളിലും ബോണ്ടുകളിലും നിക്ഷേപിക്കണമെന്ന വ്യവസ്ഥയും ഭേദഗതിചെയ്തു. കോര്‍പറേറ്റുകളുടെ ബോണ്ടുകളിലും ഈ തുക നിക്ഷേപിക്കാം. ഇതുവരെ ബാങ്ക് നിക്ഷേപങ്ങളിലെ ഈ ഭാഗം രാജ്യത്തിന്റെ വികസനത്തിനും പഞ്ചവത്സരപദ്ധതികളിലും ഉപയോഗിച്ചിരുന്നു. ഇനി കോര്‍പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കാനാകും ഇതുപയോഗിക്കുക. കോര്‍പറേറ്റുകളുടെ ഈ ചൂതാട്ടം ബാങ്ക് നിക്ഷേപങ്ങളുടെ സുരക്ഷ കുറയ്ക്കും.
(വി ജയിന്‍)
deshabhimani 191212
Labels:
ബാങ്കിംഗ്
Subscribe to:
Post Comments (Atom)
No comments:
Post a Comment