ഗ്രാമീണ കാര്‍ഷികമേഖലയുടെ വികസനത്തിനു രൂപീകരിച്ച നബാര്‍ഡിന്റെ പ്രവര്‍ത്തനം ലക്ഷ്യംതെറ്റുന്നു. വിപണിയില്‍നിന്ന് കടമെടുക്കുന്നതുമൂലം വന്‍ പലിശയാണ് നബാര്‍ഡ് വായ്പകള്‍ക്ക് ഈടാക്കുന്നത്. ഒപ്പം, സ്ഥാപനത്തിലെ ജനാധിപത്യം ഇല്ലാതായതും പ്രതിസന്ധിക്ക് ആക്കംകൂട്ടി. സഹകരണസ്ഥാപനം, റീജണല്‍ റൂറല്‍ ബാങ്ക്, പൊതുമേഖലാ ബാങ്ക്, സംസ്ഥാന സര്‍ക്കാരുകള്‍ തുടങ്ങിയവയ്ക്ക് കാര്‍ഷികാവശ്യത്തിനും ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനത്തിനും കുറഞ്ഞനിരക്കില്‍ പുനര്‍വായ്പ ലഭ്യമാക്കുക എന്നതാണ് നബാര്‍ഡിന്റെ മുഖ്യകടമ. എന്നാല്‍, നിലവില്‍ അവര്‍ നല്‍കുന്ന വായ്പയുടെ പലിശ 10 ശതമാനം അധികമാണ്. ഇടത്തരം കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള വായ്പക്കാര്‍ക്ക് ഇത് താങ്ങാനാകില്ല.
നബാര്‍ഡിന്റെ നാഷണല്‍ റൂറല്‍ ക്രെഡിറ്റ് ഫണ്ടിലേക്ക് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും പണം നല്‍കാത്തതിനാലാണ് പൊതു സാമ്പത്തികവിപണിയെ ആശ്രയിക്കാന്‍ നബാര്‍ഡ് നിര്‍ബന്ധിതമാകുന്നത്. നിലവില്‍ നബാര്‍ഡ് ചെയര്‍മാനിലും മാനേജിങ് ഡയറക്ടറിലുമാണ് ബാങ്കിന്റെ അധികാരം മുഴുവന്‍ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ മാറ്റംവരുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി എംപിമാര്‍ ധനമന്ത്രി പി ചിദംബരത്തിന് കത്ത് നല്‍കിയിരുന്നു. രണ്ട് ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ തസ്തിക സൃഷ്ടിക്കണമെന്നായിരുന്നു ആവശ്യം. ചെയര്‍മാനില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍മാര്‍ക്ക് വിഭജിച്ചുനല്‍കണമെന്നാണ് എംപിമാര്‍ ആവശ്യപ്പെട്ടത്. ഇതു നടപ്പായില്ല. മാനേജിങ് ഡയറക്ടറുടെയും എക്സിക്യൂട്ടീവ് ഡയറക്ടറുടെയും തസ്തിക ഒരുവര്‍ഷത്തിലേറെയായി ഒഴിഞ്ഞുകിടക്കുകയാണ്. ഇത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. റിസര്‍വ് ബാങ്കും നബാര്‍ഡും തങ്ങളുടെ ചുമതലകളില്‍ പരസ്പരം കടന്നുകയറുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. വികസന ബാങ്കിങ്, നിയന്ത്രണം, മേല്‍നോട്ടം തുടങ്ങിയ കാര്യങ്ങളിലെല്ലാം തര്‍ക്കം ഉടലെടുക്കുന്നു. ഇതൊഴിവാക്കാനും പരസ്പരമുള്ള ബന്ധം മെച്ചപ്പെടുത്താനുമായി റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറെ നബാര്‍ഡ് ചെയര്‍മാനാക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. ഇതിനിടയിലാണ് കേരളത്തിലെ നാലെണ്ണം ഉള്‍പ്പെടെ 17 ജില്ലാ വികസന ഓഫീസുകള്‍ അടച്ചുപൂട്ടിയത്. ഇവ തുറക്കണമെന്ന ആവശ്യത്തിലും തീരുമാനമില്ല.
deshabhimani 171212
No comments:
Post a Comment