Monday, December 17, 2012

സബ്സിഡി സാധനങ്ങളുടെ വാങ്ങല്‍ സപ്ലൈകോ വെട്ടിച്ചുരുക്കി


വിപണിയില്‍ വില കുതിച്ചുയരുന്നതിനിടെ, സബ്സിഡി സാധനങ്ങളുടെ വാങ്ങല്‍ സപ്ലൈകോ വെട്ടിച്ചുരുക്കി. സാമ്പത്തികപ്രതിസന്ധിമൂലം പര്‍ച്ചേസ് ഓര്‍ഡര്‍ വൈകിയതിനാല്‍ സബ്സിഡി സാധനങ്ങള്‍ ക്രിസ്മസിനുമുമ്പ് എത്തില്ല. ഇതോടെ ക്രിസ്മസ് വിപണി പൊള്ളുമെന്ന് ഉറപ്പായി. ഓണക്കാലത്ത് അരിയും പഞ്ചസാരയും ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യകിറ്റും വിതരണംചെയ്തതിന്റെ പണംപോലും സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കിയിട്ടില്ല. ഇതുമൂലം സെപ്തംബറിലെ ഇ-ടെന്‍ഡറും മുടങ്ങി. ഒക്ടോബര്‍ അവസാനം നടത്തിയ ടെന്‍ഡറില്‍ പര്‍ച്ചേസ് ഓര്‍ഡര്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു.

ഡിപ്പോകളില്‍നിന്ന് ലഭിക്കുന്ന ഓര്‍ഡറില്‍നിന്ന് സ്റ്റോക്ക് തട്ടിക്കിഴിച്ചശേഷം രണ്ടര ഇരട്ടിയുടെ പര്‍ച്ചേസ് ഓര്‍ഡറാണ് സപ്ലൈകോ നല്‍കാറുള്ളത്. എന്നാല്‍, ഇത് ഒന്നര ഇരട്ടിയായി ചുരുക്കി. സബ്സിഡി സാധനങ്ങളുടെ ക്ഷാമം ഇതോടെ രൂക്ഷമായി. കടല, ഉഴുന്ന്, പരിപ്പ്, പഞ്ചസാര തുടങ്ങിയ ഇനങ്ങളൊന്നും സപ്ലൈകോയുടെ മൊത്തഡിപ്പോകളില്‍പ്പോലുമില്ല. തിരുവനന്തപുരം വലിയ ഡിപ്പോയില്‍ ഒരുമാസമായി പഞ്ചസാര സ്റ്റോക്കില്ല. മുളക്, മല്ലി, ചെറുപയര്‍ അടക്കമുള്ള സബ്സിഡി സാധനങ്ങളുടെ വിതരണം പൂര്‍ണമായി നിലച്ചു. മാവേലി സ്റ്റോറുകളില്‍ മാസത്തിലൊരിക്കല്‍ എത്തുന്ന പരിമിതമായ സ്റ്റോക്ക് രണ്ടു ദിവസത്തിനകം തീരുകയും ചെയ്യുന്നു. തലസ്ഥാനത്ത് പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിച്ച ക്രിസ്മസ് ബസാറില്‍ പഞ്ചസാരപോലും ലഭ്യമല്ല. ജീരകം, ഉലുവ, കടുക് എന്നിവയെ സബ്സിഡി സാധനങ്ങളുടെ പട്ടികയില്‍നിന്ന് യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം ഒഴിവാക്കിയിരുന്നു. ജയ, കുറുവ, മട്ട എന്നീ അരി ഇനങ്ങള്‍ പകരമായി ഉള്‍പ്പെടുത്തി. എന്നാല്‍, ഇവയുടെ വാങ്ങല്‍ നാമമാത്രം. 16 രൂപയ്ക്ക് വിതരണംചെയ്യുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ള മട്ട അരി 10 ദിവസമായി ഡിപ്പോകളില്‍പ്പോലും എത്തുന്നില്ല. കുറുവ അരി ഇതുവരെ വാങ്ങിയിട്ടില്ല. കഴിഞ്ഞദിവസം നല്‍കിയ പര്‍ച്ചേസ് ഓര്‍ഡറില്‍ കുറവ അരി ഉള്‍പ്പെടുത്തിയിട്ടുമില്ല.

സര്‍ക്കാരില്‍നിന്ന് കിട്ടാനുള്ള 400 കോടി രൂപ ലഭിക്കാത്തതാണ് സപ്ലൈകോ പ്രവര്‍ത്തനം താളംതെറ്റിച്ചത്. 200 കോടി ബാങ്ക് വായ്പയെടുത്താണ് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. പലിശയിനത്തില്‍ ലക്ഷങ്ങള്‍ ദിവസേന ചെലവഴിക്കുന്നത് രൂക്ഷമാക്കുന്നു. വിറ്റുവരവുപണം സാധനങ്ങള്‍ വാങ്ങിയതിന്റെ ബില്‍ തീര്‍ക്കാന്‍പോലും തികയുന്നില്ല. സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് കഴിഞ്ഞു ദിവസംമാത്രമാണ് ഈ മാസത്തെ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയത്.
(ആര്‍ സാംബന്‍)

deshabhimani 171212

No comments:

Post a Comment