Monday, December 17, 2012

യുദ്ധസ്മാരകം: കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും ഇടയുന്നു


ഡല്‍ഹിയില്‍ ഇന്ത്യാഗേറ്റിനോട് ചേര്‍ന്ന് ദേശീയ യുദ്ധസ്മാരകം നിര്‍മിക്കുന്ന വിഷയത്തില്‍ കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും ഇടയുന്നു. തലസ്ഥാനവാസികളും സന്ദര്‍ശകരും വിശ്രമസങ്കേതമായി തെരഞ്ഞെടുക്കുന്ന ഇന്ത്യാഗേറ്റ് പരിസരം സൈനിക ബന്തവസിലാക്കുന്ന തീരുമാനത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് രംഗത്തെത്തി. യുദ്ധസ്മാരകം നിര്‍മിക്കാന്‍ ഉചിതമായ വേദി ഇന്ത്യാഗേറ്റ് പരിസരംതന്നെയെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണിയും വ്യക്തമാക്കി. യുദ്ധസ്മാരകം നിര്‍മിക്കേണ്ട സ്ഥലം ഇന്ത്യാഗേറ്റാണെന്ന കാര്യം വ്യക്തമാണെന്ന് ആന്റണി പറഞ്ഞു. വര്‍ഷങ്ങളുടെ പ്രയത്നത്തിന് ശേഷമാണ് പ്രധാനമന്ത്രി രൂപീകരിച്ച മന്ത്രിതല സമിതിയും സൈനികമേധാവികളും ഇക്കാര്യം തീരുമാനിച്ചത്. മന്ത്രിസഭയുടെ അംഗീകാരത്തിന് പദ്ധതി സമര്‍പ്പിക്കുംമുമ്പ് നഗരവികസനമന്ത്രി ബന്ധപ്പെട്ട എല്ലാവര്‍ക്കും അഭിപ്രായം അറിയിക്കാന്‍ അവസരം നല്‍കിയിരുന്നു. അഭിപ്രായസമന്വയത്തില്‍ എത്താനാകുമെന്ന് കരുതുന്നുവെന്നും ആന്റണി പറഞ്ഞു.

യുദ്ധസ്മാരകം നിര്‍മിക്കാന്‍ ഇന്ത്യാഗേറ്റ് പരിസരത്തിന് പകരം മറ്റൊരു സ്ഥലം കണ്ടെത്തണമെന്ന് കഴിഞ്ഞ ദിവസം ഷീലാദീക്ഷിത് ആവശ്യപ്പെട്ടിരുന്നു. മന്ത്രിതലസമിതിയുടെ ശുപാര്‍ശയ്ക്കെതിരെ എ കെ ആന്റണി, ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, നഗരവികസനമന്ത്രി കമല്‍നാഥ് എന്നിവര്‍ക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. യുദ്ധങ്ങളിലും ഭീകരാക്രമണങ്ങളിലും കൊല്ലപ്പെട്ട സഹപ്രവര്‍ത്തകര്‍ക്കായി തലസ്ഥാനത്ത് സ്മാരകം നിര്‍മിക്കണമെന്ന് ദീര്‍ഘകാലമായി സൈനികവിഭാഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ഒന്നാം ലോകയുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ സ്മരണയ്ക്കായി പണിതീര്‍ത്ത ഇന്ത്യാഗേറ്റിന് സമീപം സ്മാരകം നിര്‍മിക്കണമെന്ന നിലപാടിലാണ് പ്രതിരോധമന്ത്രാലയം. ഇന്ത്യാഗേറ്റിനോട് ചേര്‍ന്ന പ്രിന്‍സസ് പാര്‍ക് കോംപ്ലക്സാണ് സ്മാരകം നിര്‍മിക്കാന്‍ തെരഞ്ഞെടുത്തത്. ഡല്‍ഹി അര്‍ബന്‍ ആര്‍ട് കമീഷനാണ് ആദ്യം എതിര്‍പ്പുമായി രംഗത്തുവന്നത്. നിര്‍മാണത്തെക്കുറിച്ച് പരിശോധിക്കാന്‍ 2009ലാണ് പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ സമിതി രൂപീകരിച്ചത്. പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായ ശേഷമാണ് ആഗസ്റ്റില്‍ എ കെ ആന്റണിയുടെ നേതൃത്വത്തില്‍ മന്ത്രിതലസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
(പി വി അഭിജിത്)

deshabhimani 171212

No comments:

Post a Comment