Monday, December 17, 2012

ബിനാലെ: കേരള അക്കാദമിക്ക് അയിത്തം; കര്‍ണാടകം കലാകാരന്മാരെ അയക്കുന്നു


കൊച്ചി മുസിരിസ് ബിനാലെയില്‍നിന്ന് കേരള ലളിതകലാ അക്കാദമി മാറിനില്‍ക്കുമ്പോള്‍ കര്‍ണാടകം ലളിതകലാ അക്കാദമി കലാകാരന്മാര്‍ക്ക് സാമ്പത്തിക സഹായംനല്‍കി ബിനാലെയില്‍ പങ്കെടുക്കാന്‍ അയക്കുന്നു. കര്‍ണാടകത്തിലെ 30 ജില്ലകളില്‍നിന്നുള്ള 200 കലാകാരന്മാരാണ് ബിനാലെയില്‍ പങ്കെടുക്കുന്നത്. കര്‍ണാടക ലളിതകലാ അക്കാദമി ചെയര്‍മാന്‍ സി എസ് കൃഷ്ണഷെട്ടിയുടെ നേതൃത്വത്തിലാണ് ഇവര്‍ എത്തുന്നത്. ആദ്യഘട്ടത്തില്‍ 115 കലാകാരന്മാര്‍ കൊച്ചിയില്‍ എത്തി. മറ്റുള്ളവര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ എത്തും. ബിനാലെയില്‍ പങ്കെടുക്കുന്നതിന് ഓരോ കലാകാരനും 5000 രൂപ വീതമാണ് കര്‍ണാടക ലളിതകലാ അക്കാദമി നല്‍കുന്നത്.

ഇന്ത്യയിലെതന്നെ ആദ്യ ബിനാലെ എന്ന പ്രാധാന്യം കണക്കിലെടുത്താണ് ഇതില്‍ പങ്കെടുക്കുന്നതെന്ന് സി എസ് കൃഷ്ണഷെട്ടി ദേശാഭിമാനിയോടു പറഞ്ഞു. ബിനാലെ അവസാനിക്കുന്നതുവരെ കര്‍ണാടക കലാകാരന്മാര്‍ കേരളത്തില്‍ കാണും. ബിനാലെയുടെ സംവിധാനത്തിലും നടത്തിപ്പിലും കൃഷ്ണഷെട്ടി തികഞ്ഞ മതിപ്പ് പ്രകടിപ്പിച്ചു. പുതിയ കലാസൃഷ്ടികള്‍ നേരില്‍ കാണാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. കൊച്ചിയുടെ പ്രൗഢി വിളിച്ചോതുന്നതരത്തിലാണ് ബിനാലെ സംഘടിപ്പിച്ചിട്ടുള്ളതെന്നും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ബിനാലെയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് തുടരുകയാണ്. ആദ്യ മൂന്നു ദിവസത്തിനുള്ളില്‍ത്തന്നെ സന്ദര്‍ശകരുടെ എണ്ണം 10000 കവിഞ്ഞു. പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസിലാണ് കൂടുതലും സന്ദര്‍ശകര്‍ എത്തുന്നത്. മൂന്നുമാസത്തെ ബിനാലെ പ്രദര്‍ശനത്തില്‍ എട്ടുലക്ഷത്തില്‍ അധികംപേര്‍ കാണികളായി എത്തുമെന്നാണ് സംഘാടകര്‍ കണക്കുകൂട്ടുന്നത്. തിങ്കളാഴ്ച ബിനാലെ പ്രദര്‍ശനവേദികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. അറ്റകുറ്റപ്പണിക്കുവേണ്ടി എല്ലാ തിങ്കളാഴ്ചയും അടച്ചിടും. ബിനാലെ സമാപനദിവസംവരെ ഇത് തുടരും.

deshabhimani 171212

No comments:

Post a Comment