Thursday, December 20, 2012

മിനിമം പെന്‍ഷന്‍പോലും ഉറപ്പില്ല:സര്‍ക്കാര്‍


പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയാല്‍ മിനിമം പെന്‍ഷന്‍ ഉറപ്പ് നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍. പെന്‍ഷന്‍ഫണ്ടിലെ നിക്ഷേപത്തിന് ആനുപാതികമായ കുടുംബപെന്‍ഷന്‍ മാത്രമേ നല്‍കാനാകൂവെന്നും ധനമന്ത്രി കെ എം മാണി നിയമസഭയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍തീരുമാനത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തി. അംഗങ്ങള്‍ ഉയര്‍ത്തിയ ആശങ്കകള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍പോലും തയ്യാറാകാത്ത നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

ചട്ടം 49 അനുസരിച്ചുള്ള ചര്‍ച്ചയില്‍ സി ദിവാകരനാണ് പ്രശ്നം സഭയിലുയര്‍ത്തിയത്. ജീവനക്കാര്‍ മുഴുവന്‍ ബാധ്യതയാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയാണെന്ന് സി ദിവാകരന്‍ പറഞ്ഞു. 5,30,000 ജീവനക്കാരുടെയും 1,80,000 പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങള്‍ പൂര്‍ണമായും നിഷേധിക്കുന്നു. 1957 മുതല്‍ ലഭിക്കുന്ന ആനുകൂല്യമാണ് ഇല്ലാതാക്കുന്നത്. കേന്ദ്രം കൊണ്ടുവന്ന ബില്‍ കേന്ദ്രജീവനക്കാര്‍ക്കുപോലും നടപ്പാക്കിയിട്ടില്ല. പെന്‍ഷന്‍ഫണ്ട് റിലയന്‍സിന്റെയും അമേരിക്കയുടേയുമടക്കമുള്ള ബാങ്കുകളില്‍ നിക്ഷേപിക്കാനാണ് ശ്രമം. ഏകപക്ഷീയമായി പദ്ധതി നടപ്പാക്കുന്നത് പുനഃപരിശോധിക്കണമെന്നും ദിവാകരന്‍ ആവശ്യപ്പെട്ടു. പെന്‍ഷന്‍ ഔദാര്യമല്ല, അവകാശമാണെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിട്ടുള്ളതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി. ഇത് അട്ടിമറിക്കുന്നത് ആത്മഹത്യാപരമാണെന്നും വി എസ് പറഞ്ഞു. എന്നാല്‍, പങ്കാളിത്ത പെന്‍ഷനല്ല, ദേശീയ പെന്‍ഷന്‍ സമ്പ്രദായമാണ് നടപ്പാക്കുന്നതെന്നായിരുന്നു ധനമന്ത്രിയുടെ നിലപാട്. പെന്‍ഷന്‍ബാധ്യത കൂടുന്നതിനാലാണ് തീരുമാനം. സര്‍വീസ് സംഘടനകള്‍ ഇത് തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ട മന്ത്രി അംഗങ്ങളുടെ ഈ ആശങ്കകള്‍ക്കൊന്നും വ്യക്തമായ ഉത്തരം നല്‍കാന്‍ തയ്യാറായില്ല. കുറഞ്ഞ പെന്‍ഷന്‍ ഉറപ്പാക്കാനാകില്ലെന്നു പറഞ്ഞ മന്ത്രി കേന്ദ്രത്തില്‍നിന്ന് പദ്ധതിയുടെ വിശദവിവരങ്ങള്‍ വരുമ്പോള്‍ മാത്രമേ കുടുംബപെന്‍ഷന്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തമാക്കാന്‍ കഴിയൂവെന്നും കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ പെന്‍ഷന്‍ഫണ്ടിലേക്ക് അംഗം അടയ്ക്കുന്ന വിഹിതത്തിന്റെ അനുപാതത്തില്‍ കുടുംബപെന്‍ഷന്‍ നല്‍കുമെന്നായി മന്ത്രി. മറ്റു കാര്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി പറയാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍പദ്ധതിയെ സര്‍ക്കാര്‍ അവഹേളിക്കുകയാണെന്ന് ബഹിഷ്കരണത്തിനുമുമ്പ് വി എസ് ചൂണ്ടിക്കാട്ടി. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി സഭയ്ക്ക് ഉറപ്പു നല്‍കിയതാണ്. ഇതിനു വിരുദ്ധമായി പങ്കാളിത്ത പെന്‍ഷനെ ന്യായീകരിക്കാനാണ് ധനമന്ത്രി ശ്രമിക്കുന്നതെന്നും വി എസ് പറഞ്ഞു. സര്‍ക്കാരിന്റെ പെന്‍ഷന്‍ബാധ്യത അഞ്ചിലൊന്നായി ചുരുക്കുകയാണെന്നും ജീവനക്കാര്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ അഞ്ചിലൊന്നായി കുറയുമെന്നും ടി എം തോമസ് എസക് പറഞ്ഞു. കുടുംബപെന്‍ഷന്‍ ഉറപ്പാക്കുമോ എന്ന് വ്യക്തമാക്കണമെന്ന് പി ശ്രീരാമകൃഷ്ണനും ആവശ്യപ്പെട്ടു. അധ്യാപക-സര്‍വീസ് മേഖലയുടെ ഗുണമേന്മ തകര്‍ക്കുന്നതിന് തീരുമാനം കാരണമാകുമെന്ന് ടി വി രാജേഷ് പറഞ്ഞു. ജമീല പ്രകാശം, കെ അജിത്, പി ഉബൈദുള്ള, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, തോമസ് ഉണ്ണിയാടന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

deshabhimani 201212

No comments:

Post a Comment