Thursday, December 20, 2012
ടെസില്‍ കെമിക്കല്‍സ് കൈമാറ്റം സിബിഐ അന്വേഷിക്കണം: വി എസ്
കോട്ടയം ചിങ്ങവനത്തെ ടെസില്‍ കെമിക്കല്‍സ് ആന്‍ഡ് ഹൈഡ്രോ പവര്‍ ലിമിറ്റഡ് എന്ന കമ്പനി, വൈദ്യുതി ബോര്‍ഡിന് നല്‍കേണ്ട 36 കോടി രൂപ ഇളവ് ചെയ്തതടക്കമുള്ള സര്‍ക്കാര്‍ നടപടികള്‍ സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഈ ഇടപാടിലൂടെ സര്‍ക്കാരിന് 100 കോടി രൂപയുടെ നഷ്ടമുണ്ടായതായി അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
1994ല്‍ യുഡിഎഫ് സര്‍ക്കാര്‍ കമ്പനിക്ക് അനുവദിച്ച രണ്ട് കാപ്റ്റിവ് പവര്‍ പ്രോജക്ടുകളെയും നിയമവിരുദ്ധമായി സ്വതന്ത്ര പവര്‍ പ്രോജക്ടുകളാക്കി മാറ്റിയതും പിന്നീട് വില്‍പ്പന നടത്തിയതും അന്വേഷിക്കണം. 1994ല്‍ പത്തനംതിട്ടയിലെ ഉള്ളുങ്കല്‍, കാരിക്കയം എന്നിവിടങ്ങളില്‍ 36 മാസത്തിനകം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കണമെന്ന വ്യവസ്ഥയോടെ രണ്ട്് കാപ്റ്റിവ് പവര്‍ പ്രോജക്ടുകള്‍ക്ക് ടെസിലിന് അനുമതി നല്‍കി. കമ്പനിയുടെ എണ്ണൂറോളം ജീവനക്കാരുടെ സംരക്ഷണത്തിനാണ് പദ്ധതി അനുവദിച്ചത്. സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പദ്ധതി സര്‍ക്കാരില്‍ നിക്ഷ്പിതമാകുമെന്നും വ്യവസ്ഥ ചെയ്തിരുന്നു. 11 വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി പൂര്‍ത്തിയാക്കിയില്ല. 1999ല്‍ കമ്പനി ലോക്കൗട്ട് ചെയ്തു. 2005ല്‍ കമ്പനി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രോജക്ടുകള്‍ സ്വതന്ത്ര പവര്‍ പ്രോജക്ടുകളാക്കി മാറ്റാന്‍ ഉത്തരവിട്ടു. ഇപ്രകാരം മാറ്റം വരുത്തുന്നതിന് നിയമം അനുവദിക്കുന്നില്ലെന്നും ഉത്തരവില്‍ പറയുന്നു. കെഎസ്ഐഡിസിയില്‍നിന്ന് ആറുകോടി രൂപ കമ്പനിക്ക് വായ്പ അനുവദിക്കാനും തീരുമാനിച്ചു. സര്‍ക്കാര്‍ ഭൂമി പതിനൊന്നുവര്‍ഷംമുമ്പ് നല്‍കിയ വ്യവസ്ഥയില്‍ പത്ത് വര്‍ഷത്തേക്കുകൂടി പാട്ടത്തിന് നല്‍കാനും തീരുമാനിച്ചു. ഈ യോഗത്തില്‍ അന്നത്തെ വൈദ്യുതിമന്ത്രിക്കൊപ്പം തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പങ്കെടുത്തു.
സര്‍ക്കാര്‍ഭൂമി തുച്ഛമായ പാട്ടത്തിനെടുത്ത് വന്‍വിലയ്ക്ക് വില്‍ക്കുന്നതിന് 2006 മാര്‍ച്ച് 27ന് ചേര്‍ന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭായോഗമാണ് അവസരമൊരുക്കിയത്. ഇതില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ട്. കാപ്റ്റിവ് പവര്‍ പ്രോജക്ടുകള്‍ സ്വതന്ത്ര പവര്‍ പ്രോജക്ടുകളായി മാറ്റാന്‍ അനുവാദം നല്‍കിയതുതന്നെ ഇവയുടെ മറിച്ചുവില്‍പ്പനയ്ക്ക് സഹായിക്കാനാണെന്ന് വ്യക്തമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കാലാവധി കഴിഞ്ഞ മുറയ്ക്കാണ് ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കിയത്. ഉത്തരവിറങ്ങുന്നതിന് മൂന്ന് ദിവസംമുമ്പ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമതലയേറ്റിരുന്നു. എന്നാല്‍, ഉത്തരവിറക്കുന്നത് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അറിയിച്ചില്ല. ടെസില്‍ കമ്പനി 2006ല്‍ പ്രോജക്ടുകള്‍ 60 കോടി രൂപയ്ക്ക് എനര്‍ജി മാനേജുമെന്റ് കമ്പനിക്ക് വിറ്റു. കെഎസ്ഇബിക്ക് ടെസില്‍ കമ്പനി നല്‍കാനുള്ള 50.40 കോടി രൂപയില്‍ 36 കോടി രൂപയും ഒഴിവാക്കിക്കൊടുത്തു.
സര്‍ക്കാരിന്റെ ഭൂമിയും രണ്ട് ഡാമുകളും വെള്ളത്തിനടിയിലായി. ഏക്കറുകണക്കിന് വനഭൂമിയും സര്‍ക്കാര്‍ അനുവാദത്തോടെ മറ്റൊരു കമ്പനിക്ക് വിറ്റതുവഴി നൂറുകോടിയോളം രൂപ നഷ്ടപ്പെട്ടതായും വി എസ് പറഞ്ഞു. എന്നാല്‍, കമ്പനികാര്യങ്ങള്‍ ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ അടൂര്‍ മണ്ഡലത്തെയാണ് താന്‍ പ്രതിനിധാനംചെയ്തതെന്നും മന്ത്രി പറഞ്ഞു.
deshabhimani
Labels:
അഴിമതി
Subscribe to:
Post Comments (Atom)
No comments:
Post a Comment