ദേശാഭിമാനി പത്രം വിതരണം ചെയ്യാന്‍പോയ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗത്തെ പൊലീസ് പിടിച്ച് ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദിച്ചു. ശരീരമാസകലം മര്‍ദനമേറ്റ് അവശനിലയിലായ എസ്എഫ്ഐ നേതാവിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ജിനിയറിങ് വിദ്യാര്‍ഥി ആദിക്കാട്ടുകുളങ്ങര ആഷിക്ക് മന്‍സിലില്‍ മുഹമ്മദ് ആഷിക്കിനെയാണ് (23) നൂറനാട് എസ്ഐ ആര്‍ ഫയാസിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെ 4.30ന് പത്രവിതരണത്തിനായി എസ്എഫ്ഐ ചാരുംമൂട് ഏരിയ സെക്രട്ടറികൂടിയായ മുഹമ്മദ് ആഷിക്ക് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗവും എന്‍ജിനിയറിങ് വിദ്യാര്‍ഥിയുമായ എരുമക്കുഴി വിഷ്ണുഭവനം മുകുന്ദന്‍ (23) എന്നിവര്‍ ആദിക്കാട്ടുകുളങ്ങരയിലെത്തിയപ്പോള്‍ നൂറനാട് എസ്ഐ ഫയാസും മൂന്ന് പൊലീസുകാരും ചേര്‍ന്ന് മുഹമ്മദ് ആഷിക്കിനെ ബലമായി പിടിച്ച് പൊലീസ് ജീപ്പിലേക്ക് എറിഞ്ഞു. നൂറനാട് സ്റ്റേഷനിലെത്തിച്ച് ലോക്കപ്പിലിട്ട് അരമണിക്കൂറോളം ക്രൂരമായി മര്‍ദിച്ചു. ശരീരമാകെ ലാത്തിയും തടിക്കഷണങ്ങളും ഉപയോഗിച്ച് തല്ലിച്ചതച്ചു. കാലുകള്‍ കസേരമേല്‍ കയറ്റിവച്ച് പാദത്തില്‍ എസ്ഐ ആര്‍ ഫയാസ് ലാത്തികൊണ്ടടിച്ചു. മര്‍ദനമേറ്റ് അവശനായ മുഹമ്മദ് ആഷിക്കിനെ ലോക്കപ്പില്‍നിന്നും തറയിലൂടെ വലിച്ചിഴച്ച് വീണ്ടും ജീപ്പിലേക്ക് തള്ളി. ഇവിടുന്ന് കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചശേഷം പൊലീസ് ജീപ്പിലിട്ട് വീണ്ടും തല്ലിച്ചതച്ചു. തുടര്‍ന്ന് രാവിലെ 6.30ന് മുഹമ്മദ് ആഷിക്കിനെ മാവേലിക്കര പൊലീസ് ലോക്കപ്പില്‍ തള്ളിയശേഷം നൂറനാട് എസ്ഐ ഉള്‍പ്പെടെയുള്ള സംഘം സ്ഥലംവിട്ടു. സംഭവമറിഞ്ഞ് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ രാഘവന്‍, ആര്‍ രാജേഷ് എംഎല്‍എ തുടങ്ങിയ നേതാക്കള്‍ മാവേലിക്കര സ്റ്റേഷനിലെത്തുമ്പോള്‍ മുഹമ്മദ് ആഷിക്ക് ബോധരഹിതനായി ലോക്കപ്പില്‍ കിടക്കുകയായിരുന്നു.
വിദ്യാര്‍ഥിനേതാവിന് ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് രാവിലെ 7.30ന് ആര്‍ രാജേഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ മാവേലിക്കര പൊലീസ് സ്റ്റേഷന്‍ വാതിലില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതേസമയം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ രാഘവന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ മുരളി തഴക്കര, എ മഹേന്ദ്രന്‍, പാര്‍ടി ഏരിയ സെക്രട്ടറിമാരായ കെ മധുസൂദനന്‍, കെ രാജന്‍പിള്ള എന്നിവരുടെ നേതൃത്വത്തില്‍ സ്റ്റേഷനുമുന്നിലുള്ള റോഡ് ഉപരോധിച്ചു. സംഭവമറിഞ്ഞ് നൂറുകണക്കിന് സിപിഐ എം പ്രവര്‍ത്തകര്‍ മാവേലിക്കര സ്റ്റേഷനുമുന്നില്‍ തടിച്ചുകൂടി. പ്രതിഷേധം ശക്തിപ്പെടുന്നതു മനസ്സിലാക്കി ചെങ്ങന്നൂര്‍ ഡിവൈഎസ്പി ബേബി ചാള്‍സ് സ്റ്റേഷനിലെത്തി. ക്രൂരമായി മര്‍ദിച്ച എസ്ഐ ഫയാസ്, കോണ്‍സ്റ്റബിള്‍മാരായ സയാനി, സൈമണ്‍ എന്നിവരെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തുക, ഇവര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സിപിഐ എം നേതാക്കള്‍ ഉന്നയിച്ചു. ഡിവൈഎസ്പി അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആര്‍ രാജേഷ് എംഎല്‍എയ്ക്ക് ജില്ലാ പൊലീസ് ചീഫ് ഉറപ്പുനല്‍കി. തുടര്‍ന്ന് പകല്‍ 12.30ന് മാവേലിക്കര ഒന്നാംക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ മുഹമ്മദ് ആഷിക്കിനെ ഹാജരാക്കി. അവശനായ മുഹമ്മദ് ആഷിക്കിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ മജിസ്ട്രേറ്റ് ഉത്തരവായി. മാവേലിക്കര പൊലീസ് സ്റ്റേഷനില്‍നിന്നും താങ്ങിയെടുത്താണ് പൊലീസ് മുഹമ്മദ് ആഷിക്കിനെ ജിപ്പില്‍ കയറ്റിയത്.
എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം മുഹമ്മദ് ആഷിക്കിനെ ലോക്കപ്പിലിട്ട് ക്രൂരമായി
മര്‍ദിച്ചവശരാക്കിയ നൂറനാട് എസ്ഐ ആര്‍ ഫയാസ് ഉള്‍പ്പെടെയുള്ള പൊലീസുകാരെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ രാഘവന്‍, ചാരുംമൂട് ഏരിയ സെക്രട്ടറി കെ രാജന്‍പിള്ള എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മര്‍ദനമേറ്റ് ചികിത്സയില്‍കഴിയുന്ന മുഹമ്മദ് ആഷിക്കിനെ സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
deshabhimani
No comments:
Post a Comment