Wednesday, December 19, 2012

ഡല്‍ഹി ബലാത്സംഗത്തിന്റെ തലസ്ഥാനം


ഡല്‍ഹി ഏറ്റവും അപമാനകരമായ വിശേഷണത്തിലൂടെ തലക്കെട്ടുകളില്‍ ഇടംപിടിക്കുകയാണ്- ബലാത്സംഗത്തിന്റെ തലസ്ഥാനം. ഓടുന്ന ബസില്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞ സംഭവം ഏറ്റവും ഒടുവിലത്തെ ഉദാഹരണംമാത്രം. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുപ്രകാരം 2011ല്‍ ഡല്‍ഹിയില്‍ 572 ബലാത്സംഗ കേസ് രജിസ്റ്റര്‍ചെയ്തു. 2009ല്‍ 459 ബലാത്സംഗങ്ങളാണ് ഇവിടെ രജിസ്റ്റര്‍ചെയ്തത്. 2010ല്‍ 510. ലക്ഷത്തില്‍ ഏഴു സ്ത്രീകള്‍ ഡല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയാകുന്നു. സ്ത്രീകള്‍ക്കെതിരായ അക്രമത്തിന്റെ പേരില്‍ കുപ്രസിദ്ധമായ ഹരിയാനപോലും ഇക്കാര്യത്തില്‍ ഡല്‍ഹിക്കു പിന്നില്‍. ഡല്‍ഹിതെരുവില്‍ സ്ത്രീകളുടെ മാനം നിരന്തരം പിച്ചിച്ചീന്തപ്പെടുമ്പോള്‍ ക്രമസമാധാന ചുമതലയുള്ള കേന്ദ്രസര്‍ക്കാരിന് പാര്‍ലമെന്റില്‍ ഉത്തരംമുട്ടി. രാജ്യത്തെ മെട്രോനഗരങ്ങളിലെ ഏറ്റവും ഉയര്‍ന്ന ബലാത്സംഗനിരക്ക് ഡല്‍ഹിയിലാണ്. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഡല്‍ഹിയിലെ ക്രമസമാധാനം. 2011ല്‍ മുംബൈയില്‍ 239ഉം കൊല്‍ക്കത്തയില്‍ 47ഉം ചെന്നൈയില്‍ 76ഉം ബംഗളൂരുവില്‍ 96മാണ് ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്തത്.

ഒന്നരയാഴ്ചമുമ്പാണ് റുവാണ്ടന്‍ സ്വദേശിയായ യുവതിയെ യമുനാതീരത്ത് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. തിമാര്‍പുരില്‍നിന്ന് യുവതിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. 2003ല്‍ സ്വിസ് നയതന്ത്രജ്ഞയെ അവരുടെതന്നെ ടയോട്ട ക്വാളിസ് തട്ടിയെടുത്ത് ബലാത്സംഗത്തിനിരയാക്കിയ സംഭവം ഡല്‍ഹിവാസികളുടെ ഓര്‍മയില്‍നിന്ന് മാഞ്ഞിട്ടില്ല. പത്തു ദിവസത്തിനുശേഷം ആ സ്ത്രീ ഇന്ത്യ വിട്ടു. കുറ്റംചെയ്ത ആരെയും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല. 2008ല്‍ കേസ് പൂട്ടിക്കെട്ടി. റാണിബാഗില്‍ കഴിഞ്ഞ ആഗസ്തില്‍ ഒരു സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്തു. പ്രശാന്ത്വിഹാര്‍ മാര്‍ക്കറ്റില്‍വച്ച് വിദ്യാര്‍ഥിനിയെ ഒരു സംഘം ശല്യംചെയ്യാന്‍ തുടങ്ങി. വിദ്യാര്‍ഥിനിക്കൊപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കള്‍ ഇത് തടഞ്ഞു. എന്നാല്‍, കാറില്‍ പിന്തുടര്‍ന്ന സംഘം സുഹൃത്തുക്കളെ അടിച്ചുവീഴ്ത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. ബലാത്സംഗത്തിനുശേഷം പെണ്‍കുട്ടിയെ പ്രശാന്ത് വിഹാര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ചു. 2010ല്‍ സുഹൃത്തിനൊപ്പം ഓഫീസ് വിട്ട് വരുന്നതിനിടെ മിസോറാം സ്വദേശിയായ ബിപിഒ ജീവനക്കാരിയെ തട്ടിക്കൊണ്ടുപോയത് ഏറെ ഒച്ചപ്പാടുയര്‍ത്തിയിരുന്നു. തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കി. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മിക്ക ബലാത്സംഗകേസുകളിലും യഥാര്‍ഥ പ്രതികള്‍ പിടിയിലാകാറില്ല. ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്ന വിധം പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാറുമില്ല. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഇടപെടലില്‍ ഉന്നത സ്വാധീനമുള്ള പ്രതികള്‍ പലപ്പോഴും രക്ഷതേടുന്നു.
(പി വി അഭിജിത്)

deshabhimani 191212

No comments:

Post a Comment