Wednesday, December 19, 2012

കാണാകാഴ്ചകളുടെ തട്ടിന്‍പുറം; കൂടെ മരബെഞ്ചും ഗോവണിയും


ബിനാലെയില്‍ പ്രദര്‍ശിപ്പിച്ച സൃഷ്ടികളുടെ കലാപരമായ ഉള്ളടക്കത്തേക്കാള്‍ സാധാരണക്കാരായ ആസ്വാദകരെ ആകര്‍ഷിക്കുന്നത് വിസ്മയമുണര്‍ത്തുന്ന കൗതുകക്കാഴ്ചകള്‍. മാസങ്ങളായി വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ബിനാലെയിലെ കൗതുകങ്ങള്‍ കേട്ടറിഞ്ഞ് ആയിരങ്ങളാണ് ദിവസവും വേദിയിലേക്ക് എത്തുന്നത്. പെപ്പര്‍ഹൗസിന്റെ മുകളിലെ നിലയിലെ വിശാലമായ മുറിക്കു പുറത്ത് അനിത ദുബെ എന്ന കാലാകാരന്റെ പേരു വായിച്ച് അകത്തേക്ക് പ്രവേശിക്കുന്നവര്‍ ആദ്യം അമ്പരക്കും. മുറി നിറയെ തട്ടിന്‍പുറത്തേക്ക് ചാരിവച്ച ഗോവണികള്‍ മാത്രം. ഗോവണിയില്‍ കയറി തട്ടിന്‍പുറത്ത് നോക്കുക, തട്ടിന്‍പുറത്ത് കയറരുത് എന്നീ അറിയിപ്പുകള്‍ വാതിലില്‍.

മുറിയുടെ പല ഭാഗത്തായി സ്ഥാപിച്ച ഗോവണികളില്‍ മാറിമാറി കയറി നോക്കുന്നവരുടെ കണ്‍നിറച്ച് തട്ടിന്‍മുകളിലെ വ്യത്യസ്തമായ കാഴ്ചകള്‍. മുന്നറിയിപ്പ് അവഗണിച്ച് തട്ടിന്‍മുകളില്‍ വലിഞ്ഞുകയറി കലാസൃഷ്ടി സമൃദ്ധമായി ആസ്വദിക്കുന്നവരുമുണ്ട്. നിഴലും വെളിച്ചവും പ്രത്യേക രീതിയില്‍ സമന്വയിപ്പിച്ച് ഒരുക്കിയ ഇറാന്‍കാരന്‍ ഹുസൈന്‍ വലമനേഷിന്റെ ഇന്‍സ്റ്റലേഷന്‍ കര്‍ട്ടനിട്ട് മറച്ച ഇരുട്ടുമുറിയിലാണ്. ചെരുപ്പു പുറത്തിട്ട് അകത്തു കയറുന്നവര്‍ തട്ടിന്‍മുകളില്‍നിന്ന് തൂക്കിയ ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും സ്തംഭങ്ങള്‍ക്കിടയില്‍ കൗതുകത്തോടെ ചുറ്റിനടക്കുന്നത് കാണാം. ചുമരില്‍ അടുത്തടുത്ത് തൂക്കിയിട്ട മൂന്ന് എല്‍സിഡി സ്ക്രീനുകളില്‍ തെളിയുന്ന വീഡിയോ ഇന്‍സ്റ്റലേഷന്‍ കാണാന്‍ മുന്നിലിട്ട മരബെഞ്ചില്‍ ഇരിക്കണം. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍, ഐലന്‍ഡിലെ സ്ക്രാപ് യാര്‍ഡ്, തുറമുഖം, സ്വകാര്യ കണ്ടെയ്നര്‍ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍നിന്നു പകര്‍ത്തിയ കാഴ്ചകളാണ് എട്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. മുംബൈയിലെ ക്യാമ്പ് എന്ന കലാകാര കൂട്ടായ്മയാണ് ഈ ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്. മൊയ്തു ഹെറിറ്റേജ് ഗ്യാലറിയില്‍ സിഡ്നിക്കാരി ആഞ്ചലിക്ക മെസിറ്റി ഒരുക്കിയ വീഡിയോ ഇന്‍സ്റ്റലേഷന്‍ കാണാന്‍ തറയില്‍ വിരിച്ചിട്ട പായില്‍ ചടഞ്ഞിരിക്കണം. ചുറ്റും നാല് വലിയ സ്ക്രീനുകള്‍. ഇതില്‍ വീഡിയോകള്‍ മാറിമാറി വരുന്നതിനൊപ്പിച്ച് കാണികള്‍ ഇരുന്നിടത്ത് ഇരുന്ന് തിരിഞ്ഞുകൊടുത്താല്‍ മതി.

ആസ്പിന്‍വാള്‍ ഹൗസിനുപുറത്തെ ചെറിയ മൂന്ന് മുറികളില്‍ സ്കോട്ട്ലന്‍ഡുകാരന്‍ ദിലന്‍ മര്‍ട്ടോറല്‍ ഒരുക്കിയ ഇന്‍സ്റ്റലേഷന്‍ ഏറെപ്പേരെ ആകര്‍ഷിക്കുന്നു. കാണികള്‍കൂടി പങ്കാളിയാകുന്ന ഇന്‍സ്റ്റലേഷനായതിനാല്‍ ഇവിടെ ആസ്വാദകര്‍ക്ക് നിയന്ത്രണമില്ലാതെ ഇടപെടാമെന്ന സ്വാതന്ത്ര്യമുണ്ട്. ആസ്പിന്‍വാള്‍ ഹൗസിന്റെ മുകളിലെ കുടുസുമുറിയില്‍ ഡല്‍ഹിക്കാരി രോഹിണി ദിവാഷര്‍ സ്ഥാപിച്ച ഡിജിറ്റല്‍ ഇന്‍സ്റ്റലേഷന്‍ വിവിധ ലാന്‍ഡ്സ്കേപ്പുകള്‍ ഉപയോഗിച്ചുള്ളതാണ്. ഇതിനു മുന്നില്‍ ദീര്‍ഘനേരം ധ്യാനിച്ചുനില്‍ക്കുമ്പോള്‍ കാഴ്ചകള്‍ മാറുന്നുവെന്ന് ചിത്രകാരി വിശദീകരിക്കുന്നു. പക്ഷേ അത്രയും ക്ഷമയില്ലാത്ത കാണികള്‍ അടുത്ത കാഴ്ചതേടി പോകുന്ന കാഴ്ചയും പതിവ്.

പറങ്കി ക്രൂരതകള്‍ക്ക് പ്രായശ്ചിത്തമായി "എക്കോ അര്‍മദ"

കൊച്ചി: വാസ്കോഡഗാമയ്ക്കൊപ്പം പറങ്കി ക്രൂരതകള്‍ കപ്പലിറങ്ങിയ സ്ഥാനത്ത് പ്രായശ്ചിത്തമായി പോര്‍ച്ചുഗീസ് കലാകാരന്‍ തീര്‍ത്ത കണ്ണീര്‍ ശില്‍പ്പം ഉയര്‍ന്നു. കൊച്ചി-മുസിരിസ് ബിനാലെയില്‍ പോര്‍ച്ചുഗീസ് കലാകാരന്‍ റിഗോ23 നിര്‍മിച്ച "എക്കോ അര്‍മദ" എന്ന ഇന്‍സ്റ്റലേഷനാണ് മട്ടാഞ്ചേരിയിലെ ഉപേക്ഷിക്കപ്പെട്ട ഡോക് യാര്‍ഡുകളിലൊന്നില്‍ ചൊവ്വാഴ്ച തയ്യാറാക്കിയത്. ഫോര്‍ട്ട്കൊച്ചി ആസ്പിന്‍വാള്‍ ഹൗസിന്റെ മുന്നിലെ തീരത്തു നിന്ന് ഒന്നര കിലോമീറ്റര്‍ അപ്പുറം ഡോക് യാര്‍ഡിലേക്ക് മത്സ്യബന്ധന ബോട്ടിലാണ് 10 മീറ്റര്‍ നീളമുള്ള ഇന്‍സ്റ്റലേഷന്‍ കൊണ്ടുപോയത്. മുളയും ഇരുമ്പുവളയങ്ങളും കയറും ഉപയോഗിച്ച് നിര്‍മിച്ച ശില്‍പ്പത്തിന്റെ ശേഷിക്കുന്ന പണികള്‍ റിഗോ അവിടെ പൂര്‍ത്തിയാക്കും. ഇന്‍സ്റ്റലേഷന്റെ വശങ്ങളിലായി 270 മുട്ടവിളക്കുകള്‍ സ്ഥാപിക്കുന്നുണ്ട്. പോര്‍ച്ചുഗീസുകാര്‍ കൊച്ചിയില്‍ അവശേഷിപ്പിച്ചുപോയ കാപ്പിരി മിത്താണ് പ്രചോദനം. പോര്‍ച്ചുഗീസുകാര്‍ അടിമവേലയ്ക്കു കൊണ്ടുവന്ന കാപ്പിരികളെ 1663ല്‍ മടക്കയാത്രയ്ക്കുമുമ്പായി കൊന്നൊടുക്കിയശേഷം തങ്ങള്‍ മണ്ണില്‍ കുഴിച്ചിട്ട നിധിപേടകങ്ങള്‍ക്കു കാവലേല്‍പ്പിച്ചുവെന്നാണ് സങ്കല്‍പ്പം. വാസ്കോഡ ഗാമ വധിച്ച തലപ്പണ നമ്പൂതിരി എന്ന പുരോഹിതനുമായി ബന്ധപ്പെട്ട കഥയാണ് ഇന്‍സ്റ്റലേഷന്റെ മറ്റൊരു ഭാഗം. പോര്‍ച്ചുഗീസുകാരുടെ ക്രൂരതയില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള ആദരവായാണ് ശില്‍പ്പത്തില്‍ വിളക്കുകള്‍ കത്തിക്കുന്നത്.

deshabhimani 191212

1 comment:

  1. നന്നായിരിക്കുന്നു ആസ്വാദനക്കുറിപ്പ്.

    ReplyDelete