Wednesday, December 19, 2012
"കാരുണ്യ" നേട്ടം സ്വകാര്യമേഖലയ്ക്ക്
സംസ്ഥാനത്തെ സര്‍ക്കാര്‍ രക്തബാങ്കുകളും രക്തസംഭരണ കേന്ദ്രങ്ങളും മിക്കവയും പൂട്ടുകയും മറ്റുള്ളവ നിര്‍ജീവമാവുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച "കാരുണ്യ" ഡയാലിസിസ് പദ്ധതിയില്‍ നേട്ടംകൊയ്യുന്നത് സ്വകാര്യ മേഖല. നിയോജകമണ്ഡലത്തില്‍ ഒരു ഡയാലിസിസ് സെന്ററെങ്കിലും ആരംഭിച്ച് കാരുണ്യ പദ്ധതിയില്‍ ആനുകൂല്യം ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് അട്ടിമറിക്കപ്പെടുന്നത്. സര്‍ക്കാര്‍ ആശുപത്രി ഇല്ലാത്തിടത്ത് സ്വകാര്യ ആശുപത്രികളെ പരിഗണിക്കാനും തീരുമാനിച്ചിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തുറന്ന രക്തസംഭരണകേന്ദ്രങ്ങളില്‍ 13 എണ്ണം യുഡിഎഫ് സര്‍ക്കാര്‍ പൂട്ടി. ആവശ്യത്തിന് ടെക്നീഷ്യന്മാരില്ലാതെ ജില്ലാകേന്ദ്രങ്ങളിലെ രക്തബാങ്കുകള്‍ നിര്‍ജീവമാണ്. ഡയാലിസിസിന് സ്വകാര്യ രക്തബാങ്കുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് രോഗികള്‍ക്ക്.
പാലാ, വൈക്കം, കാഞ്ഞിരപ്പള്ളി, കരുവേലിപ്പടി, തൃപ്പൂണിത്തുറ, ഹരിപ്പാട്, ചേര്‍ത്തല, തൊടുപുഴ, മൂവാറ്റുപുഴ, മണ്ണാര്‍ക്കാട്, വടകര ജില്ലാ ആശുപത്രി, കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിലെ രക്തസംഭരണ കേന്ദ്രങ്ങളാണ് ഒന്നര വര്‍ഷത്തിനിടെ പൂട്ടിയത്. നിലവില്‍ തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ നാലും കൊല്ലത്ത് മൂന്നും സര്‍ക്കാര്‍ രക്തബാങ്കുകളുണ്ട്. വയനാട്, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടും മറ്റു ജില്ലകളില്‍ ഒന്നുവീതവും. ചേര്‍ത്തല, ഹരിപ്പാട്, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കുന്നമംഗലം, മണ്ണാര്‍ക്കാട്, ചങ്ങനാശേരി തുടങ്ങിയ സര്‍ക്കാര്‍ ആശുപത്രികളിലെ രക്തബാങ്കുകളാണ് പൂട്ടിയത്.
സംസ്ഥാനത്ത് ഏഴു രക്തബാങ്ക് ടെക്നീഷ്യന്മാരേ സ്ഥിരം ജീവനക്കാരായുള്ളൂ. 12 വര്‍ഷം മുമ്പാണ് അവസാനമായി നിയമനം നടന്നത്. പിന്നീട് പരീക്ഷ നടന്നെങ്കിലും നിയമന നടപടികളായില്ല. 28 തസ്തികകളുള്ളതില്‍ പലതും കാലഹരണപ്പെട്ടു. നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിക്കാണ് സംസ്ഥാനത്തെ രക്തബാങ്കുകളുടെ നടത്തിപ്പ് ചുമതല. ജീവനക്കാരെ താല്‍ക്കാലികാടിസ്ഥാനത്തിലാണ് ഇവര്‍ നിയമിക്കുന്നത്.
പുതിയ ബാങ്കുകള്‍, രക്തഘടകം വേര്‍തിരിക്കല്‍ യൂണിറ്റ് എന്നിവ ആരംഭിക്കാന്‍ നടപടിയെടുക്കാത്ത സര്‍ക്കാര്‍ സ്വകാര്യമേഖലയില്‍ ഇവയ്ക്ക് അനുമതി നല്‍കുന്നുണ്ട്. രക്തദാനം ജീവദാനം എന്ന സന്ദേശത്തിന്റെ അന്തസ്സത്ത കെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് അരങ്ങേറുന്നത്. സൗജന്യ നിരക്കില്‍ ലഭിച്ചിരുന്ന 350 മില്ലി രക്തബാഗിന് ഇപ്പോള്‍ 300 രൂപയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ 750 മുതല്‍ 1000 രൂപവരെ വാങ്ങുന്നു. രക്തബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി രക്തത്തിന്റെയും രക്തഘടകങ്ങളുടെയും വില യുഡിഎഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഡങ്കിപ്പനി ബാധിച്ചവര്‍ക്ക് പ്ലേറ്റ്ലറ്റ്, മലേറിയ ബാധിച്ചവര്‍ക്ക് പാക്ക്ഡ് റെഡ്സെല്‍, എലിപ്പനി-മഞ്ഞപ്പിത്തം എന്നിവ ബാധിച്ചവര്‍ക്ക് പ്ലാസ്മ, രക്താര്‍ബുദമുള്ളവര്‍ക്ക് സമ്പൂര്‍ണ രക്തം എന്നിങ്ങനെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സൗജന്യ നിരക്കില്‍ നല്‍കിയിരുന്നു. ഹീമോഫീലിയ രോഗികള്‍ക്ക് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ പൂര്‍ണമായും സൗജന്യമായി നല്‍കിയിരുന്ന ക്രയോ ട്രെസിറ്റേറ്റിനും ഇപ്പോള്‍ പണം ഈടാക്കുന്നുണ്ട്. കാരുണ്യ പദ്ധതിയുടെകീഴില്‍ ആരംഭിക്കുന്ന ഡയാലിസിസ് സെന്റര്‍ പട്ടികയില്‍ സര്‍ക്കാര്‍ ആശുപത്രികളെ കൂടാതെ 40 സ്വകാര്യ ആശുപത്രികളെയും തെരഞ്ഞെടുത്തിട്ടുണ്ട്. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ സ്ഥാപനങ്ങളും ഇവയിലുണ്ട്.
(സതീഷ്ഗോപി)
deshabhimani 191212
Labels:
ആരോഗ്യരംഗം
Subscribe to:
Post Comments (Atom)
No comments:
Post a Comment