Saturday, December 22, 2012

ഇറ്റാലിയന്‍ സൈനികര്‍ ഇനി വന്നാലായി


മുന്‍ അനുഭവങ്ങളൊന്നും പാഠമായില്ല. ബൊഫോഴ്സ് കേസിലെയും ഭോപാല്‍ വിഷവാതക ദുരന്തത്തിലെയും ഫ്രഞ്ച് ചാരക്കേസിലെയും പ്രതികള്‍ രക്ഷപ്പെട്ടതുപോലെ ഇറ്റാലിയന്‍ സൈനികരും മടങ്ങിയെത്താതിരിക്കാന്‍ സാധ്യതയേറെ. ഇന്ത്യന്‍ നിയമപ്രകാരമുള്ള ശിക്ഷയ്ക്ക് അര്‍ഹരായ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ടിടപെട്ടാണ് വഴിയൊരുക്കിയത്.

കോടികള്‍ ഒഴുകിയ ബൊഫോഴ്സ് ആയുധ ഇടപാട് കേസിലെ ഇടനിലക്കാരനായിരുന്നു ഇറ്റാലിയന്‍ പൗരനായ ഒക്ടാവിയോ ക്വട്ട്റോച്ചി. കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അനുകൂല നിലപാട് സ്വീകരിച്ചതുമൂലമാണ് ക്വട്ട്റോച്ചിക്ക് 1993ല്‍ ഇന്ത്യവിടാന്‍ കഴിഞ്ഞത്. ക്വട്ട്റോച്ചിയുടെ ബാങ്ക് അക്കൗണ്ടുകള്‍ അന്വേഷണത്തിന്റെ ഭാഗമായി മരവിപ്പിച്ചിരുന്നു. ഇതും തുറന്നുകൊടുത്ത് എല്ലാവിധത്തിലും സഹായമൊരുക്കി. ക്വട്ട്റോച്ചി പിന്നെ തിരികെ വന്നില്ല. അതോടെ ബൊഫോഴ്സ് കേസിന്റെ അന്വേഷണം മുടങ്ങി. ഭോപാല്‍ ദുരന്തത്തിനു കാരണമായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്നു യുഎസ് പൗരനായ വാറന്‍ ആന്‍ഡേഴ്സണ്‍. സംഭവത്തിനുശേഷം നിയമനടപടി നേരിട്ട ആന്‍ഡേഴ്സണ്‍ അറസ്റ്റ്ചെയ്യില്ലെന്ന അധികൃതരുടെ ഉറപ്പിനെത്തുടര്‍ന്നാണ് ഇന്ത്യയില്‍ എത്തിയത്. ഇവിടെ എത്തിയശേഷം ആന്‍ഡേഴ്സണ്‍ കോടതിയില്‍ ജാമ്യത്തിന് അപേക്ഷിച്ചു. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ ദുര്‍ബല വാദങ്ങളാണ് ഉന്നയിച്ചത്. തുടര്‍ന്ന് വാറന്‍ ആന്‍ഡേഴ്സണ് ജാമ്യം ലഭിച്ചു. ആന്‍ഡേഴ്സണ്‍ പിന്നെ തിരിച്ചുവന്നില്ല. ഇതോടെ ഭോപാല്‍ വിഷവാതക ദുരന്തക്കേസും മുന്നോട്ടു കൊണ്ടുപോകാനാവാത്ത നിലയിലായി. പാവപ്പെട്ട ആയിരങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടു. ദുരന്തത്തിന് ഉത്തരവാദിയല്ലെന്നും ആര്‍ക്കും നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും ആന്‍ഡേഴ്സണ്‍ പിന്നീട് പറഞ്ഞു.

കേരളത്തെ പിടിച്ചുകുലുക്കിയ ഫ്രഞ്ച് ചാരക്കേസിലെ പ്രതികളും ഇങ്ങനെ രക്ഷപ്പെടുകയായിരുന്നു. ഗോവക്കാരനായ ക്യാപ്റ്റന്‍ എസ് എം ഫുട്ടാര്‍ഡോ, ഫ്രഞ്ച് പൗരന്മാരായ ഫ്രാന്‍സിസ് ക്ലാവെല്‍, എല്ലി ഫിലിപ് എന്നിവരായിരുന്നു ഇതില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും പ്രതികള്‍. കൊച്ചി കപ്പല്‍ശാലയ്ക്കും നാവികസേനയുടെ ദക്ഷിണ ആസ്ഥാനത്തിനും സമീപം അനധികൃതമായി സമുദ്രത്തില്‍ സര്‍വേ നടത്തിയെന്നായിരുന്നു ഇവരുടെ പേരിലുള്ള കേസ്. ഇപ്പോഴത്തെ കേന്ദ്രസഹമന്ത്രി കെ വി തോമസും പ്രതിചേര്‍ക്കപ്പെട്ടിരുന്നു. ഇവരുടെ ജാമ്യാപേക്ഷ സിജെഎം കോടതിയില്‍ വന്നപ്പോള്‍ സിബിഐ എതിര്‍ത്തു. അതിനാല്‍ ജാമ്യം ലഭിച്ചില്ല. എന്നാല്‍, കേസ് ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ സിബിഐ എതിര്‍ത്തില്ല. ഫ്രഞ്ച് പ്രധാനമന്ത്രി വിശിഷ്ടാതിഥിയായി ഇന്ത്യയില്‍ എത്താന്‍ ഇവരെ വിട്ടുകൊടുക്കണമെന്നും അതിനാല്‍ ജാമ്യം എതിര്‍ക്കേണ്ടെന്നും വിദേശമന്ത്രാലയം നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണിത്. പ്രതികളുടെ രണ്ടു സുഹൃത്തുക്കളില്‍ ഒരാളുടെ കാല്‍മുട്ടിനും മറ്റൊരാള്‍ക്ക് ക്യാന്‍സറിനും ഓപ്പറേഷനാണെന്നും അതിനാല്‍ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നുമുള്ള ദുര്‍ബലമായ ന്യായമാണ് ഇവര്‍ ജാമ്യത്തിനായി നിരത്തിയത്. ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. ഫ്രാന്‍സിസ് ക്ലാവെല്‍, എല്ലി ഫിലിപ് എന്നിവര്‍ ഫ്രാന്‍സിലേക്കുപോയി. എസ് എം ഫുട്ടാര്‍ഡോ ഗോവവഴി പിന്നീട് വിദേശത്തേക്കു കടന്നു. പിന്നീട് തിരിച്ചുവന്നില്ല. അതോടെ ഫ്രഞ്ച് ചാരക്കേസിന്റെയും വഴിമുട്ടി. ഇവര്‍ സര്‍വേ നടത്തിയ കപ്പല്‍ പിടിച്ചെടുത്തിരുന്നു. അത് പിന്നീട് ലേലംചെയ്തു.

ഇപ്പോള്‍ ഇറ്റാലിയന്‍ നാവികര്‍ ക്രിസ്മസ് ആഘോഷത്തിന് നാട്ടില്‍ പോകണമെന്ന പേരിലാണ് ജാമ്യാപേക്ഷ നല്‍കിയത്. കേന്ദ്രം കോടതിയില്‍ എതിര്‍ക്കാത്തതിനാല്‍ ജാമ്യം അനുവദിച്ചു. ഇവരും തിരിച്ചുവരുമെന്ന് ഒരു ഉറപ്പുമില്ല. അതോടെ കടല്‍ വെടിവയ്പുകേസും ഇല്ലാതാകും.
(അഞ്ജുനാഥ്)

deshabhimani 221212

No comments:

Post a Comment