Tuesday, December 18, 2012

സിബിഐ വാദം കോടതി ഉത്തരവാക്കിയ മാധ്യമങ്ങള്‍ക്ക് വിമര്‍ശം


എസ്എന്‍സി ലാവ്ലിന്‍ കേസില്‍ സിബിഐ പ്രോസിക്യൂട്ടറുടെ വാദം കോടതി നിരീക്ഷണവും ഉത്തരവുമാക്കി വാര്‍ത്ത ചമച്ച മാധ്യമങ്ങള്‍ക്ക് സിബിഐ പ്രത്യേക കോടതിയുടെ വിമര്‍ശം. ചില മാധ്യമങ്ങളിലെ വാര്‍ത്തകള്‍ കണ്ട് അമ്പരന്നുപോയതായി സിബിഐ സ്പെഷ്യല്‍ ജഡ്ജി ടി എസ് പി മൂസ്സത് പറഞ്ഞു. ഇത് ശരിയായ പ്രവണതയല്ലെന്ന് കോടതി ഓര്‍മിപ്പിച്ചു. ആറാം പ്രതി ലാവ്ലിന്‍ മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡല്‍, ഒമ്പതാം പ്രതിസ്ഥാനത്തുള്ള കമ്പനി പ്രതിനിധി എന്നിവരുടെ വാറന്റ് നടപ്പാക്കുന്നതു സംബന്ധിച്ച് സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കവെയാണ് കോടതി മാധ്യമങ്ങളെ വിമര്‍ശിച്ചത്.

ക്ലോസ് ട്രെന്‍ഡല്‍, കമ്പനി പ്രതിനിധി എന്നിവരെ മാറ്റിനിര്‍ത്തി കേസ് വിഭജിച്ച് വിചാരണ തുടങ്ങണമെന്നാവശ്യപ്പെട്ട് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് വാറന്റ് നടപ്പാക്കുന്നതു സംബന്ധിച്ച് സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിച്ച കഴിഞ്ഞ ചൊവ്വാഴ്ച സിബിഐ പ്രോസിക്യൂട്ടറുടെ വാദം ചില ദൃശ്യമാധ്യമങ്ങള്‍ കോടതി നിരീക്ഷണവും ഉത്തരവുമാക്കി വ്യാഖ്യാനിച്ച് വാര്‍ത്തയാക്കുകയായിരുന്നു. അടുത്ത ദിവസം മനോരമ അടക്കമുള്ള ചില പത്രങ്ങളും ഇതേ രീതിയില്‍ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചു. പിണറായിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയെന്നും ഈ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. പ്രോസിക്യൂട്ടര്‍ പറഞ്ഞ കാര്യങ്ങള്‍ കോടതി നിരീക്ഷണവും ഉത്തരവുമായി റിപ്പോര്‍ട്ട് ചെയ്തത് ശരിയായ പ്രവണതയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് പരിഗണിച്ച ഘട്ടത്തില്‍ കോടതി അഭിപ്രായപ്രകടനം നടത്തുകയോ ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്തിട്ടില്ല. വിചാരണവേളയില്‍ പല കാര്യവും സംസാരിക്കേണ്ടിവരും. അത് കോടതി നിരീക്ഷണവും ഉത്തരവുമായി വരുന്നത് ശരിയല്ല. പെട്ടെന്ന് വിചാരണ ആരംഭിക്കാനാവില്ലെന്ന് കോടതി പറഞ്ഞിട്ടില്ല. കേസ് വിഭജിക്കണമോ വേണ്ടയോ എന്നതിനെക്കുറിച്ച് കോടതി ഒന്നും പറഞ്ഞിരുന്നില്ല. പ്രോസിക്യൂഷനാണ് അതു പറഞ്ഞത്. എന്നാല്‍, വിധി പ്രഖ്യാപിച്ചതുപോലെയായിരുന്നു റിപ്പോര്‍ട്ടുകള്‍. കോടതി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്. അത് വളരെ പ്രസക്തമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

പിണറായിയുടെ ഹര്‍ജി വിധി പറയാനായി ഡിസംബര്‍ 24ലേക്ക് മാറ്റി. ട്രെന്‍ഡലിനും കമ്പനി പ്രതിനിധിക്കും വാറന്റ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. വാറന്റ് നടപ്പാക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് സിബിഐ ആവര്‍ത്തിച്ചു. ട്രെന്‍ഡലിനെ കൈമാറാനാവശ്യപ്പെട്ട് കനേഡിയന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് കനേഡിയന്‍ സര്‍ക്കാര്‍ ട്രെന്‍ഡലിനെതിരെ കൂടുതല്‍ തെളിവ് ആവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കിയതായി സിബിഐ ബോധിപ്പിച്ചു. റിപ്പോര്‍ട്ടിനൊപ്പം ഈ കത്തും കോടതിയില്‍ സമര്‍പ്പിച്ചു. 2011 ഡിസംബറിലാണ് കനേഡിയന്‍ സര്‍ക്കാരിന് കത്ത് നല്‍കിയത്. മറുപടിയായി 2012 ജൂണ്‍ 13ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജോ. സെക്രട്ടറിക്ക് നല്‍കിയ കത്തിലാണ് കേസ് രേഖകള്‍ക്കു പുറമെ നിയമപരമായ പ്രസ്താവന, ട്രെന്‍ഡലിനെ തിരിച്ചറിയാനുള്ള രേഖകള്‍, കൂടുതല്‍ തെളിവുകള്‍ തുടങ്ങിയവ ആവശ്യപ്പെട്ടത്. പ്രവൃത്തി കനേഡിയന്‍ നിയമപ്രകാരം കുറ്റകരമെന്നു കണ്ടാല്‍മാത്രമേ ട്രെന്‍ഡലിനെ കൈമാറുന്ന കാര്യം പരിഗണിക്കൂ എന്നും കത്തില്‍ പറയുന്നു.

deshabhimani

No comments:

Post a Comment