Wednesday, February 13, 2013

ത്രിപുര നാളെ ബൂത്തിലേക്ക്


അഗര്‍ത്തല: കോണ്‍ഗ്രസ് സ്വപ്നം കാണുന്ന ഭരണ പരിവര്‍ത്തനത്തിന്റെ സൂചനയൊന്നുമില്ലാതെ ത്രിപുരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശീല വീണു. വ്യാഴാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ ഏഴാം തവണയും വിജയം ആവര്‍ത്തിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതുമുന്നണി.

മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ഇടതുമുന്നണിക്കെതിരെ വിഘടനവാദപ്രസ്ഥാനമായ ഐഎന്‍പിടിയുമായും നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് ത്രിപുരയുമായും സഖ്യത്തിന് രൂപം നല്‍കിയെങ്കിലും ജനവിശ്വാസ്യത നഷ്ടപ്പെട്ട കോണ്‍ഗ്രസിന് മുന്നേറാനായിട്ടില്ല. ഇടതുമുന്നണിയുടെ പ്രചാരണത്തിന് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍തന്നെയാണ് നേതൃത്വം നല്‍കിയത്. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പിബി അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, ബിമന്‍ബസു, സൂര്യകാന്ത്മിശ്ര എന്നിവരും വന്‍ റാലികളെ അഭിസംബോധനചെയ്തു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും കോണ്‍ഗ്രസിനുവേണ്ടി പ്രചാരണത്തിന് എത്തുമെന്ന് അറിയിച്ചെങ്കിലും പിന്മാറി. കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ഗാന്ധിയും ധനമന്ത്രി പി ചിദംബരവും അവസാനദിവസം എത്തി.

ഭഭരണനേട്ടങ്ങളുയര്‍ത്തിയാണ് സിപിഐ എം നേതൃത്വത്തിലുള്ള ഇടതുമുന്നണി വോട്ട് തേടിയത്. എല്ലാ ഗ്രാമത്തിലും സ്കൂളും പ്രാഥമികാരോഗ്യ കേന്ദ്രവും റോഡുകളും നിര്‍മിച്ചുവെന്നു മാത്രമല്ല വൈദ്യുതിബന്ധം സ്ഥാപിക്കുകയുംചെയ്തു. ഉന്നതവിദ്യാഭ്യാസത്തിനും കാര്‍ഷിക പുരോഗതിക്കും ശക്തമായ അടിത്തറയിട്ടു. ഈ വികസനപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ വിജയിപ്പിക്കണമെന്നാണ് ഇടതുമുന്നണി അഭ്യര്‍ഥിച്ചത്. മികച്ച ഭരണത്തിന് കേന്ദ്രസര്‍ക്കാരില്‍നിന്ന് ഒരു ഡസനോളം പുരസ്കാരങ്ങള്‍ വാങ്ങിയെന്നതും ഇടതുമുന്നണിയുടെ പ്രധാന പ്രചാരണമായിരുന്നു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒരു രൂപയ്ക്ക് അരി, പ്ലസ് ടു ഫസ്റ്റ് ക്ലാസോടെ പാസാകുന്ന കുട്ടികള്‍ക്ക് സൗജന്യമായി ലാപ്ടോപ്, തൊഴില്‍രഹിതവേതനം, ആറാം ശമ്പളകമീഷന്‍ നടപ്പാക്കല്‍ എന്നീ വാഗ്ദാനങ്ങളാണ് രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയത്. പൊള്ളയായ വാഗ്ദാനങ്ങളാണ് ഇവയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ബിജന്‍ധര്‍ പറഞ്ഞു.

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് രണ്ട് രൂപയ്ക്ക് അരി നല്‍കുന്നുണ്ട്. ഗോഡൗണുകളില്‍ അരി എലി തിന്നുമ്പോഴും പാവങ്ങള്‍ക്ക് വിതരണംചെയ്യാത്ത കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ല- അദ്ദേഹം തുടര്‍ന്നു. ഇടതുമുന്നണിയും കോണ്‍ഗ്രസ് മുന്നണിയും ആകെയുള്ള 60 സീറ്റിലും മത്സരിക്കുന്നു. ബിജെപി 50 സീറ്റില്‍. 37 ലക്ഷംമാത്രം ജനസംഖ്യയുള്ള സംസ്ഥാനത്ത് 23,52,000 വോട്ടര്‍മാരാണുള്ളത്. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ നാലാം തവണയും ധന്‍പുരില്‍ ജനവിധി തേടുന്നു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സുധീപ് റോയ് ബര്‍മന്‍ അഗര്‍ത്തലയില്‍നിന്നും ഐഎന്‍പിടി അധ്യക്ഷന്‍ ബിജോയ്കുമാര്‍ റംഗാള്‍ അംബാസയില്‍നിന്നും മത്സരിക്കുന്നു.
(വി ബി പരമേശ്വരന്‍)

deshabhimani

No comments:

Post a Comment